*സംസ്ഥാനത്ത് ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ കരട് പിന്‍വലിച്ചു.* അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കാനാകാതെ വന്നതോടെയാണ് നടപടി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബില്‍ പിന്‍വലിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കുറ്റമറ്റ രീതിയില്‍ പുതിയ ബില്‍ കൊണ്ടുവരാനാണ് നീക്കം.
*ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശം നൽകി നിയമ കമ്മീഷൻ.* കമ്മീഷന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കമ്മീഷൻ അംഗങ്ങളുടേതെന്ന പേരിൽ തെറ്റായ ഫോൺ നമ്പറുകളും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിലൂടെയോ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയിലൂടെയോ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു.
*മണിപ്പൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.* മണിപ്പൂർ ജില്ലയിലെ ഉഖ്രുൽ ജില്ലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ പ്രകാരം, ഭൂകമ്പത്തിന്റെ ആഴം 70 കിലോമീറ്റർ ആയിരുന്നു. നിലവിൽ, ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
*പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്* ബൂത്ത് പിടുത്തവും അക്രമവും ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഏറ്റവും ഒടുവിൽ വരുന്ന വാർത്ത സ്ഥാനാർത്ഥിക്ക് വെടിയേറ്റു എന്നതാണ്
*വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ ട്രെയിനുകളുടെയും ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.* എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകള്‍ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളില്‍ ഈ സ്‌കീം ബാധകമായിരിക്കും. ഒരു മാസത്തിനുള്ളില്‍ കുറഞ്ഞ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം വരെയാണ് കുറയുക.
*മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച് ഉയരുന്നതു യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്ന് ആരോപണം.* പ്രബന്ധത്തിന്റെ 60 ശതമാനത്തിനു മുകളിൽ മറ്റെവിടെ നിന്നെങ്കിലും പകർത്തിയാലാണ് ഏറ്റവും ഗുരുതരമായി പരിഗണിക്കുന്ന ലവൽ 3 കോപ്പിയടിയാവുന്നത്. ഇതു സർവകലാശാലയും സ്ഥിരീകരിച്ചാൽ പ്രബന്ധം പിൻവലിക്കണമെന്നാണു യുജിസി ചട്ടം. അധ്യാപക ജോലിയുണ്ടെങ്കിൽ അതിൽ നിന്നു പുറത്താകും.
*രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.* കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡ് ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്നമാണ്. അത് കക്ഷി രാഷ്ട്രീയമല്ല. അത് ഫാസിസത്തിലേക്കുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.
*മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശമായി കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ രംഗത്ത്.* ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്ന് ക്ലിമീസ് ബാവ പറഞ്ഞു.മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് ബസേലിയോസ് മാർ ക്ലിമിസ് ബാവ വിമർശനം ഉന്നയിച്ചത്.
*ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ലെന്നും പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത.* ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്നും വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
*മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ ഗുജറാത്ത് ഹൈക്കോടതിയും കൈവിട്ടതോടെ ഇനി എല്ലാ കണ്ണുകളും സുപ്രീം കോടതിയിലാണ്.* മോദി പരാമർശത്തിന്റെ പേരിൽ എടുത്ത കേസിലെ കുറ്റക്കാരനെന്ന വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയിലെത്തുമ്പോൾ രാഹുലിനും കോൺഗ്രസ് ക്യാംപിനും പ്രതീക്ഷയും ആശങ്കയും ഒരുപോലെ ഉണ്ടാകാനാണ് സാധ്യത.
രാഹുൽ സ്ഥിരം പ്രശ്നക്കാരനെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് നിർണായക വിധി പ്രസ്താവം നടത്തിയത്.
*സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് വർദ്ധിച്ചത്.* ഇതോടെ ഒരു പവന് 43,640 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
*ഹണി ട്രാപ്പിൽ വീണുപോയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം.* മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
*പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേയ്ക്ക് മക്കളുമായി അനധികൃതമായി കടന്ന ഭാര്യയേ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പാകിസ്താൻ യുവാവ്.* സീമ ഹൈദര്‍ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഇവരെ തിരികെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ് ഭർത്താവ്.
*കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റതിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.* സിദ്ധരാമയ്യ സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. ബജറ്റില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 20 ശതമാനം വര്‍ധിപ്പിച്ചു. ബിയറുള്‍പ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തുമെന്നും ബജറ്റില്‍ അദ്ദേഹം അറിയിച്ചു. എക്സൈസ് തീരുവയില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ മദ്യവില കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
*മധ്യപ്രദേശിലെ സീധിയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച വിഷയത്തിൽ കൂടുതൽ ഇടപെടലുമായി മധ്യപ്രദേശ് സർക്കാർ.* അപമാനം നേരിട്ട ദഷ്മത്ത് റാവത്തിന് അഞ്ച് ലക്ഷം രൂപ സഹായവും 1.50 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ നൽകി. സീധി കളക്ടർ ആണ് ഇത് ട്വിറ്ററിലൂടെ അറിയിച്ചത്.
*ബംഗാളിലെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ.* തിരഞ്ഞെടുപ്പിൽ ജനാധിപത്യം കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര പേരുടെ ജീവൻ പൊലിഞ്ഞാലും മമത ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
*മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ഓടുന്ന വാഹനത്തിൽ വെച്ച് കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്.* സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇരയും പ്രതിയും ഗ്വാളിയോർ ജില്ലയിലെ ദാബ്ര ടൗണിൽ താമസിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി.
*ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്.* ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
*കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റിൽ.* തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
*ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നും വിരമിച്ചു.* പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ നയൻ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമ ജീവിതം. 2015 വർഷത്തിൽ അടിമാലിയിൽ നടന്ന പ്രമാദമായ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണ്ണായക പങ്ക് വഹിച്ചു. ജെനിയുടെ വിരമിക്കൽ ചടങ്ങുകൾ ഡോഗ് സ്‌ക്വാഡിൽ നടന്നു. ഇനി എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിൽ ആകും ജെനി വിശ്രമജീവിതം നയിക്കുക.
*പ്രാദേശിക തിരഞ്ഞെടുപ്പിൽ സോൻബെർഗ് കൗണ്ടിയിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) വിജയം നേടി.* കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ എഎഫ്ഡി സ്ഥാനാർഥി റോബർട് സെസ്സൽമാൻ 52.8% വോട്ടുനേടിയാണ് വിജയിച്ചത്. . ഹിറ്റ്ലറുടെ നാഷനൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് 1930കളിൽ ആദ്യം വേരോട്ടമുണ്ടായ തുരിംഗ്യയിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും എഎഫ്ഡി മുന്നേറ്റമുണ്ടാക്കുമെന്നാണു പ്രവചനം.
*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ലോകയുക്തയ്ക്ക് അപേക്ഷ നല്‍കി.* ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്.
*ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി കേരള കത്തോലിക്കാസഭ.* കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഏക സിവില്‍ കോഡിന്റെ സ്വഭാവം എന്തായിരിക്കുമെന്നതില്‍ വ്യക്തയില്ല. അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുകയെന്നതില്‍ അവ്യക്തതയുണ്ടെന്ന് കെ.സി.ബി.സി. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
*സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചു.* ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ മലയാളി മെത്രാന്‍മാര്‍ ഉള്‍പ്പെടെ പത്തുപേരാണ് ഇന്ത്യയിൽ നിന്നുള്ളത്.
*പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ഫ്രാ ആഞ്ജലിക്കോ വരച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി.* 6.4 മില്യൺ ഡോളർ തുകയ്ക്കാണ് ചിത്രം പേര് പരസ്യമായി വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന ഒരാൾ വാങ്ങിയത്. കുരിശിന്റെ കാൽക്കൽ ദൈവമാതാവ്, യോഹന്നാന്‍, മഗ്ദലന മറിയം എന്നിവര്‍ നില്‍ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലെ ക്രിസ്റ്റി എന്നറിയപ്പെടുന്ന കേന്ദ്രത്തിലാണ് ലേലം നടന്നത്.
*ഇന്നത്തെ വചനം*
പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.
ഒരുവന്‍ അവനോടുചോദിച്ചു: കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.
വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.
അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍.
അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവ രാജ്യത്തില്‍ വിരുന്നിനിരിക്കും.
അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
ലൂക്കാ 13 : 22-30
*വചന വിചിന്തനം*
ഇടുങ്ങിയ വാതിലൂടെ പ്രവേശിക്കണമെങ്കിൽ നമ്മൾ ചുരുങ്ങേണ്ടതുണ്ട്. മരുഭൂമിയിലെ താപസ പിതാക്കന്മാരിൽ ഒരാൾ പറയുന്നത് ഇപ്രകാരമാണ്. ശരീരം ചുരുങ്ങുമ്പോൾ ആത്മാവ് വളരുന്നു ആത്മാവ് ചുരുങ്ങുമ്പോൾ ശരീരം വലുതാവുന്നു. ഭൗതികതയും ആത്മീയതയും തമ്മിലുള്ള വൈരുധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. ഭൗതിക സമൃദ്ധിയുടെ നടുവിൽ ആത്മീയമായി ജീവിക്കുക ശ്രമകരമാണ്. വിശാലമായ വാതിലുകൾ ഉണ്ടെങ്കിലും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുന്നതാണ് സ്വർഗരാജ്യമാർഗം എന്ന ബോധ്യം നമുക്ക് പുലർത്താം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*