സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെലോ അലർട്ട് (ശക്തമായ മഴ) ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു ഷട്ടർ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയർത്തി. സെക്കൻഡിൽ 90 ഘനമീറ്റർ വെള്ളം ഒഴുക്കുന്നു. പാംബ്ല ഡാമും ഉടൻ തുറക്കുമെന്നാണ് വിവരം. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി. കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. കനത്ത മഴ കണക്കിലെടുത്ത് കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂർ താലൂക്കിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എംജി, കണ്ണൂർ, സാങ്കേതിക (കെടിയു) സർവകലാശാലകൾ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നാം വർഷ പിജി ക്ലാസുകൾ നാളെയേ ആരംഭിക്കൂ.