*പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 20ന് ആരംഭിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.* സമ്മേളനത്തിന്റെ ആദ്യഘട്ടം പഴയ പാർലമെന്റ് മന്ദിരത്തിലും അവസാന ഭാഗങ്ങൾ പുതിയ മന്ദിരത്തിലുമായിരിക്കും. വിശാലസഖ്യം രൂപീകരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന്റെയും ഏക വ്യക്തിനിയമമെന്ന അജൻഡയുമായി മുന്നോട്ടു പോകുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെയും പശ്ചാത്തലത്തിലാണ് പാർലമെന്റ് സമ്മേളനം ചേരുന്നത്.
*ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടീസ്റ്റ സെതൽവാദിന് താൽക്കാലിക ആശ്വാസം.* ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നൽകി. അറസ്റ്റിൽ നിന്നും ടീസ്റ്റക്ക് ഒരാഴ്ചത്തേക്ക് സംരക്ഷണം ലഭിക്കും. ഇതോടെ അപ്പീൽ സമർപ്പിക്കാൻ ടീസ്റ്റയ്ക്ക് അവസരം ലഭിക്കും.
*മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.* എന്‍സിപിയുടെ ഒമ്പത് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍സിപിയെ പിളര്‍ത്തി ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാര്‍.
*മഹാരാഷ്ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.* അജിത് പവാർ എൻഡിഎയിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
*ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, പ്രതികരണവുമായി മഹാരാഷ്ട്രയിലെ എൻസിപി നേതാവ് അജിത് പവാർ.* മഹാരാഷ്ട്രയുടെ വികസനത്തിനാണ് തന്റെ മുൻഗണനയെന്നും അതിനാലാണ് സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യവുമായി കൈകോർത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
*കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി കോൺഗ്രസും.* അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം. അതേസമയം ഹൈബിയുടെ ആവശ്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
*മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ നടത്തിയ വിമത നീക്കത്തിനു പിന്നാലെ സത്യം ഉടൻ പുറത്തുവരുമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ.* തിങ്കളാഴ്ച പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ശരത് പവാർ പറഞ്ഞു.അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്‌നാഥ് ഷിൻഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായതിനു പിന്നാലെയാണ് ശരത് പവാറിന്റെ പ്രതികരണം
*17 വയസുകാരനെ ഫ്രഞ്ച് ട്രാഫിക് പോലീസുകാർ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അക്രമികൾ പാരീസിലെ പ്രാദേശിക മേയറുടെ വീട് തീവച്ച് നശിപ്പിച്ചു.* പാരീസ് നഗരപ്രാന്തത്തിലുള്ള ലെയ് ലേ റോസസ് നഗരത്തിന്റെ മേയറായ വിൻസെന്റ് യാൻബെണിന്റെ വസതിയിലാണ് കലാപകാരികൾ കടന്നുകയറിത്.
*മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവാദ്.* ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായും ചീഫ് വിപ്പായും തെരഞ്ഞെടുത്തതായി എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ അറിയിച്ചു.പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ കാലുവാരി ഉപമുഖ്യമന്ത്രിയായതോടെയാണ് ജിതേന്ദ്ര അവാദിനെ തെരഞ്ഞെടുത്തത്
*ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .* ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും.
*കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വകാര്യ ബില്ല് പിന്‍വലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു* പാര്‍ട്ടിയുടെ അനുമതിയില്ലാത എം.പിമാര്‍ സ്വകാര്യ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.
*തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി.* സന്ദേശം വിശ്വസിച്ച് ആറുമാസം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മൂന്നാർ സ്വദേശിയായ പെൺകുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് മെഡിക്കൽ കോളജിൽ നേരിട്ടുപോയപ്പോൾ.മൂന്നാറിലെ സ്വകാര്യ സ്കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെൺകുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്ക് നേടിയിരുന്നു.
*മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ.* കേരളത്തിലെ എൻസിപി എംഎൽഎമാരെ സുരേന്ദ്രൻ എൻഡിഎയിലേക്ക് സ്വാഗതം ചെയ്തു.
*അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി.* അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പൊലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 700 ഗ്രാം ഹെറോയിൻ പിടികൂടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തു.
*നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.* 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
*സീറോ മലബാർ സഭാദിനവും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ തിരുന്നാളും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഘോഷിക്കുന്നു.* സീറോ മലബാർ ഹയറാർക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വർഷമെന്ന നിലയിൽ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.തിങ്കളാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തിൽ പതാക ഉയർത്തലോടെ ചടങ്ങുകൾ തുടങ്ങും
*സ്വിഫിട് ബസുകളുടെ വേഗപരിധി ഉയർത്തിയിരിക്കുകയാണ്.* പൊതുഗതാഗത വിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് കെഎസ്ആർടിസി സ്വിഫ്ട് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗപരിധിയും വർദ്ധിപ്പിച്ചിരിക്കുന്നത്.
*കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വ്യാജമായി കേന്ദ്രസർക്കാറിന്റെ ആദായനികുതി, റെയിൽവേ വകുപ്പുകളിൽ ജോലി നൽകിയ ശേഷം 57 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.* പുതുക്കട മാരായപുരം സ്വദേശി ജയൻ പ്രഭുവിനെ(39)യാണ് അറസ്റ്റ് ചെയ്തത്.
*ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.* ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും.
*പാലക്കാട് ആചാരത്തിന്റെ പേരില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ.* ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയും നല്‍കിയ പരാതിയിലാണ് നടപടി. ജൂൺ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
*കേരളത്തിൽ കേരളത്തിൽ അതിതീവ്ര മഴയെത്തുന്നുവെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ ആറാം തീയതി വരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
*മണിപ്പൂരിൽ അക്രമം വളർത്തുന്നതിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.* ചൈനയ്‌ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് കേന്ദ്രസർക്കാരിനോട് ഉത്തരം തേടണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മെയ് 3 മുതൽ വംശീയ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച വടക്കുകിഴക്കൻ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നതെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
*സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.* ജലസേചനവകുപ്പിൽ നെടുമങ്ങാട് മൈനർ ഇറിഗേഷൻ സെക്ഷൻ ഓവർസിയറായ എസ്.ആർ. ഹരീഷ്‌കുമാറിനാണ് ജോലി നഷ്ടമായത്. സംഭവം നടന്ന് 14 വർഷത്തിനുശേഷമാണ് ഹരീഷ്‌കുമാറിനെ സർവീസ് ചട്ടമനുസരിച്ച് പിരിച്ചുവിട്ടത്
*പാലക്കാട് ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ.* തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
*അഞ്ചര ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ.* ചേലക്കുളം ഉള്ളാട്ടു കൂടി വീട്ടിൽ മുഹമ്മദ് ജാഷ്(23) ആണ് അറസ്റ്റിലായത്.സൗത്ത് വാഴക്കുളം പോസ്റ്റോഫീസ് ജംഗ്ഷനിലെ വീട്ടിൽ നിന്നും 26 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.സംഭവുമായി ബന്ധപ്പെട്ട് പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ അജ്മൽ, മണ്ണൂ പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലാം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
*ചാവക്കാട് കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ പൊലീസ് പിടിയിൽ.* പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടില്‍ ഷാഹിദിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് പുലർച്ചെയാണ് സംഭവം. അവിയൂർ വളയംതോട് കാനോലി കനാലിന് സമീപത്തെ പാടശേഖരത്തിലെ ജലാശയത്തിലേക്കാണ് ഇയാൾ കക്കൂസ് മാലിന്യം തള്ളിയത്.
*മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം.എം. മണി എംഎൽഎ.* കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയായി ഹൈക്കോടതി നടപടിയെന്ന് മണി ആരോപിച്ചു. തീരുമാനം ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും എം.എം. മണി ആവശ്യപ്പെട്ടു
*കൈതോലപ്പായയിൽ പൊതിഞ്ഞു കാറിൽ കോടികൾ എറണാകുളത്തു നിന്നു തിരുവനന്തപുരത്ത് എത്തിച്ചെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണത്തിൽ പോലീസ് പരാതിക്കാരുടെ മൊഴിയെടുക്കും.* പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കുക.
*വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി അർജന്റീനിയൻ ആർച്ച് ബിഷപ്പ് ഡോ. വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.* അറുപത്തിയൊന്നുകാരനായ പുതിയ പ്രീഫെക്ട് ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ്. പുതിയ ഉത്തരവാദിത്വത്തിനൊപ്പം പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷന്റെയും ഇന്റർനാഷണൽ തിയോളജി കമ്മീഷന്റെയും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കും. 2017 മുതൽ വിശ്വാസ കാര്യാലയം അധ്യക്ഷനായിരുന്ന കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറർ (79) വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനം.
*വ്യാജ കുറ്റാരോപണങ്ങളെ തുടര്‍ന്നു 26 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിക്കരാഗ്വേ മെത്രാൻ റോളാണ്ടോ അൽവാരെസിനെ ജയിൽ മോചിതനാക്കണമെന്ന് ഇന്റർ-അമേരിക്കൻ മനുഷ്യാവകാശ കോടതി.* ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന ബിഷപ്പിനെ 2022 ആഗസ്റ്റ് 19-ന് ഏതാനും വൈദികർക്കും സെമിനാരിക്കാർക്കുമൊപ്പം വീട്ടുതടങ്കലിലാക്കുകയായിരിന്നു. പിന്നാലേ രാജ്യത്തിന്റെ അഖണ്ഡത തകർക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഡിസംബർ 13നാണ് അറസ്റ്റു ചെയ്തത്.
*ഇന്നത്തെ വചനം*
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
യോഹന്നാന്‍ 20 : 24-29
*വചന വിചിന്തനം*
തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമദിനം ദുക്റാന നമ്മൾ ആചരിക്കുന്നു. തോമാശ്ലീഹായുടെ രണ്ടു അവസ്ഥകൾ സുവിശേഷം വിവരിക്കുന്നുണ്ട്. മറ്റു ശിഷ്യരുടെ കൂടെ അവൻ ഉണ്ടായിരുന്നില്ല (20:24). പിന്നീട് അവരുടെ കൂടെ അവൻ ഉണ്ടായിരുന്നു (20:26). നമ്മുടെ മുമ്പിലും രണ്ടു സാധ്യതകളാണുള്ളത് – ശിഷ്യ സമൂഹത്തിൻ്റെ അഥവാ സഭയുടെ കൂടെ ആയിരിക്കാനും, കൂടെ അല്ലാതിരിക്കാനും. കൂടെ ആയിരിക്കുമ്പോഴാണ് തോമാശ്ലീഹായ്ക്ക് മിശിഹായുടെ ദർശനമുണ്ടാകുന്നത്.
പത്ത് ശിഷ്യന്മാർ പറഞ്ഞത്. അവർ കർത്താവിനെ കണ്ടുവെന്നാണ് (20:25). എന്നാൽ തോമാശ്ലീഹാ പറയുന്നത്, താൻ കാണാതെ വിശ്വസിക്കില്ലെന്നാണ് (20:25). രണ്ടിന്റെയും അവസാനം ഈശോ ഊന്നൽ കൊടുക്കുന്നത് വിശ്വാസത്തിനാണ് (20:29). കാണുകയോ കാണാതിരിക്കുകയോ അല്ല പ്രധാനം. മറിച്ച് കർത്താവിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രധാനം.
കൈകളിലെ ആണിപ്പഴുതുകളും പാർശ്വവുമാണ് ഈശോ ശിഷ്യരെ കാണിക്കുന്നത് (20:20 ). അവയെ സ്പർശിക്കണമെന്നാണ് തോമസിന്റെ ശാഠ്യം (20:25). തോമസിന്റെ നിർബ്ബന്ധത്തിന് വഴങ്ങി ഈശോ വീണ്ടും അതാവർത്തിക്കുന്നു (20:27). അവ രണ്ടും ഈശോയുടെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ബാക്കിപത്രങ്ങളായിരുന്നു. അവയാണ് പിന്നീട് വിശ്വാസത്തിനുള്ള ഉപാധികളായി മാറുന്നത്. നമ്മുടെ വലിയ നൊമ്പരങ്ങളും കൊടുംദുഖങ്ങളും അർത്ഥരഹിതങ്ങളാണെന്ന് നീ കരുതരുത്. അവയൊക്കെയായിരിക്കും, പിന്നീട് നമുക്കും മറ്റുള്ളവർക്കും വിശ്വാസത്തിന്റെയും പരസ്പര ബന്ധത്തിന്റെയും രക്ഷയുടെയും ഉപാധികളായി മാറുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*