*റഷ്യൻ പ്രതിസന്ധി അയയുന്നു. വിമത നീക്കങ്ങളില്‍നിന്ന് താത്കാലിക പിന്മാറുന്നതായി വാഗ്നർ സേന അറിയിച്ചു.* ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ നടത്തിയ മധ്യസ്ഥത ശ്രമങ്ങൾക്കൊടുവിലാണ് വാഗ്നർ സേനയുടെ പിൻമാറ്റം. ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവ്ഗെനി പ്രിഗോസിനുമായി ചര്‍ച്ച നടത്തിയിരുന്നു.
*പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്.* ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് മഅദനി എത്തുന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ മഅദനി കേരളത്തിലേക്ക് തിരിക്കും. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് മഅദനി ബംഗളൂരുവിലേക്ക് മടങ്ങും.
*വ്യാജ ഡിഗ്രി കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസിനെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു.* അതേസമയം നിഖിലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇന്നലെ പുലർച്ചെയാണ് നിഖിലിനെ പോലീസ് പിടികൂടിയത്.
*അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.* അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി സമർപ്പിച്ചത്.
*കെഎസ്ആർടിസിയിൽ നിലവിലുള്ള ഡ്യൂട്ടി സമ്പ്രദായം പരിഷ്കകരിക്കും.* കെഎസ്ആർടിസി നിയോഗിച്ച പ്രൊഡക്ടിവിറ്റി കൗൺസിൽ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുന്നത്. അതോടൊപ്പം യൂണിറ്റുകളിൽ യൂണിറ്റുകളിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരം ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുകയും ചെയ്യും.
*പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഈജിപ്തിലെത്തി.* അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഈജിപ്തിലെത്തിയത്. കെയ്റോയിലെത്തിയ നരേന്ദ്ര മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. ഈജിപ്ത് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം
*സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചു നാലു പേർ മരിച്ചു.* 13,257 പേർ വിവിധ ആശുപത്രികളിൽ പനി പിടിപെട്ടു ചികിത്സ തേടി. 62 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒൻപതു പേർക്കു എലിപ്പനിയും രണ്ടു പേർക്കു മലേറിയയും പിടിപെട്ടു.
*സംസ്ഥാനത്ത് ദുർബലമായി തുടരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്താഴ്ചയോടെ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
*മോന്‍സൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി.* ആരോപണങ്ങളുടെ പേരിൽ കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വിലപോകില്ലെന്നും അത് കോടതിയിൽ വിസ്താരത്തിനെത്തുമ്പോൾ തള്ളിപ്പോകുമെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.
*വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.* സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണം.
*വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു.* മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം, കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
*രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി.* അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
*വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോമിനു പ്രവേശനം നേടിയ കേസിലെ പ്രതി നിഖില്‍ തോമസ് ഒളിവില്‍ പോകുന്നതിന് മുന്‍പ് ഫോണ്‍ തോട്ടില്‍ ഉപേക്ഷിച്ചെന്ന് പൊലീസ്.* കായംകുളം പാര്‍ക്ക് ജങ്ഷന് സമീപത്തെ കരിപ്പുഴ തോട്ടിലാണ് നിഖില്‍ ഫോണ്‍ എറിഞ്ഞതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി അബിന്‍ സി രാജു എന്ന സുഹൃത്ത് സഹായിച്ചെന്നും പണം ഇട്ടത് അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
*ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.* സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
*കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒഡിഷയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ അയല്‍വാസിയുടെ വീടിന്റെ ടെറസിലേക്ക് പണപ്പെട്ടികള്‍ സബ് കലക്ടര്‍ വലിച്ചെറിഞ്ഞു.* രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികള്‍ അയല്‍വാസിയുടെ ടെറസില്‍ നിന്നും കണ്ടെത്തി.
*ആറു മാസത്തിനു മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു.* 127 കോടി രൂപ മുടക്കി നിര്‍മ്മിച്ച മേഘാലയയിലെ പിഎ സാങ്മ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയെ തുടര്‍ന്നു തകർന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
*അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണം ദ്രുതഗതിയിൽ.* വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികൾ ഓഗസ്റ്റ് മാസം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്ന വേളയിൽ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 330 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
*ഗുജറാത്തിൽ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ.* ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സുന്ദർ പിച്ചൈ പുതിയ പ്രഖ്യാപനം നടത്തിയത്. യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ മുഹൂർത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
*പട്നയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുൽഗാന്ധിയോട് പതിവ് ശൈലിയിൽ ഉപദേശം കൊടുത്ത് ലാലുപ്രസാദ് യാദവ്.* ‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ സ്നേഹോപദേശം. കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ വിളിച്ചു ചേർത്ത പ്രതിപക്ഷ യോഗം പൂർത്തിയാക്കി നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇതിനിടെയാണ് ലാലുപ്രസാദിന്റെ തമാശ.
*ഉത്തരാഖണ്ഡിലെ ഗംഗോത്രിയുടെയും യമുനോത്രിയുടെയും ശുചീകരണ പ്രവർത്തനങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് തീരങ്ങളിൽ ഉപേക്ഷിക്കുന്ന പഴയ വസ്ത്രങ്ങൾ.* ഒട്ടനവധി തീർത്ഥാടകരാണ് സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ഭാഗീരഥി നദിയുടെ തീരത്ത് പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ചാർധാം യാത്ര കഴിഞ്ഞ് മടങ്ങുന്ന ഭക്തരിൽ ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ പഴയ വസ്ത്രം നദീതീരങ്ങളിൽ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗംഗോത്രി, യമുനോത്രി തീരങ്ങളിൽ നിന്ന് വെറും രണ്ട് മാസങ്ങൾ കൊണ്ട് 7 ക്വിന്റൽ പഴയ വസ്ത്രങ്ങളാണ് ശുചീകരണ തൊഴിലാളികൾ പുറത്തെടുത്തത്
*ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്.* പൂഞ്ച് ജില്ലയിൽ ഭീകരർ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗുൽപൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള താഴ്‌വരയിലേക്ക് ആയുധധാരികളായ മൂന്ന് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.
*കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ.* ആലപ്പുഴ ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസ് ആണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. 2,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ ആലപ്പുഴ വിജിലൻസിന്റെ പിടിയിലായത്.
*രാസലഹരിയുമായി യുവതി ഉൾപ്പെടെ നാല് പേർ കാലടിയിൽ അറസ്റ്റിൽ.* നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻഎഡി നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന് തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
*എംഡിഎംഎ മൊത്ത വിൽപ്പനക്കാരനെയും സഹായിയായ യുവതിയെയും പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.* കൊല്ലം കൊട്ടിയം വയലിൽ പുത്തൻവീട്ടിൽ ആഷിർ (35), തൃശൂർ വടക്കാഞ്ചേരി തലപ്പള്ളി വീട്ടിൽ നാഗമ്മ (24) എന്നിവരാണ് പിടിയിലായത്.
*അനുമതി പത്രമില്ലാതെ ഹജ് നിർവഹിക്കാനായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 1,59,188 പേരെ പേരെ മക്കയിലേക്കുള്ള വിവിധ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന ലെഫ്. ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു.* 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
*അനധികൃത താമസക്കാർക്ക് എതിരെയുള്ള നടപടി ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.* 1,30,000 താമസ നിയമലംഘകര്‍ കുവൈറ്റിലുണ്ടെന്നാണ് പബ്ലിക് അഥോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്
*ഈരാറ്റുപേട്ട കളത്തുകടവിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.* എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജംഗ്ഷനിൽവച്ചാണ് അക്രമമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ലിജോയുടെ മാതൃസഹോദരൻ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
*ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്.* ആഫ്രിക്കയിലെ ചാഡ്, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍, ശിരച്ഛേദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍, വൈദികരെയും സന്യസ്ഥരെയും കൊലപ്പെടുത്തല്‍, ദേവാലയങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും വീടുകളും അഗ്നിക്കിരയാക്കല്‍ തുടങ്ങിയ അതിക്രമങ്ങളെ കുറിച്ചാണ് സംഘടന പഠനവിധേയമാക്കിയിരിക്കുന്നത്.
*നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ കർഫ്യു നിലനിൽക്കുന്നതിനിടയിൽ ഫുലാനി ഇസ്ലാമിക തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി.* മങ്കുവിൽ സ്ഥിതി ചെയ്യുന്ന ബവായി ഗ്രാമത്തിലാണ് ക്രൈസ്തവർ അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച പ്രദേശത്തെ കൗണ്ടിയുടെ അധ്യക്ഷൻ മാർക്കസ് ആർട്ടുവാണ് തുടർച്ചയായ അക്രമ സംഭവങ്ങളെ തുടർന്ന് കർഫ്യു ഏർപ്പെടുത്തിയത്. കർഫ്യു നിലനിൽക്കുന്ന സമയത്ത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഫുലാനികൾ ക്രൈസ്തവരെ ആക്രമിക്കുന്നത്.
*യുക്രൈൻ, തുർക്കി, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരസ്ത്യ സഭകൾ നൽകുന്ന മാനുഷിക സഹായത്തില്‍ കൃതജ്ഞത അർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.* ജൂൺ 22 വ്യാഴാഴ്ച “Reunion of Aid Agencies for the Oriental Churches”എന്ന സംഘടനയുടെയും യുവജന കൂട്ടായ്മയുടെയും പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിൽ എത്തിയവർക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ. ലോകമെമ്പാടും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികൾ ഒരുമിച്ചു വരുന്നതിനും, പൗരസ്ത്യ സഭകൾക്കായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ മാനുഷിക വിഭാഗം നൽകുന്ന സജീവമായ ഐക്യദാർഢ്യത്തിനും ഉദാരതയ്ക്കും നന്ദിയര്‍പ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
*രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സുഡാനിലെ കത്തോലിക്ക മെത്രാന്മാർ.* ഇത് മൂലം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് മെത്രാന്മാർ ആരോപിച്ചു. ഓരോ ആഴ്ചയും പത്തോളം പെൺകുട്ടികളാണ് ബാല വിവാഹത്തിന് നിർബന്ധിതമായി ഇരയാക്കപ്പെടുന്നത്. രാജ്യത്തെ 50 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുന്നേ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്നുണ്ടെന്ന് മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടി.
*ഇന്നത്തെ വചനം*
വീണ്ടും അവന്‍ ശിഷ്യരോട് അരുളിച്ചെയ്‌തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്‌ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.
എന്തെന്നാല്‍, ജീവന്‍ ഭക്‌ഷണത്തിനും ശരീരം വസ്‌ത്രത്തിനും ഉപരിയാണ്.
കാക്കകളെ നോക്കുവിന്‍; അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്‌ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്‌ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
ആകുലരാകുന്നതുകൊണ്ട് ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?
ഏറ്റവും നിസ്‌സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്?
ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്‍ക്കുകയോ വസ്‌ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.
ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.
ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.
നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.
ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്‌ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേ പം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്‌ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല.
നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.
ലൂക്കാ 12 : 22-34
*വചന വിചിന്തനം*
സുരക്ഷിതത്വം എന്നത് ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന ഒന്നാണെന്ന് അടിവരയിട്ട് പറയുന്ന വചനമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ആർത്തികളിൽ നിന്നും, ആസക്തികളിൽ നിന്നും, ആകുലതകളിൽ നിന്നും അകന്നു ജീവിക്കാനുള്ള വിജയമന്ത്രം കൂടിയാണ് ഈ തിരുമൊഴികൾ. ദൈവ പരിപാലനയിൽ ആഴപ്പെടുവാനുള്ള ആഹ്വാനമാണ് ഈ വചനത്തിന്റെ കാതൽ. ദൈവ പരിപാലന എന്നാൽ എന്താണ്? ഭൂമിയിലെ ജീവിതം സുഖകരമാക്കാനുള്ള വഴിയായി മാത്രം പലപ്പോഴും നാം ദൈവപരിപാലനയെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, മനുഷ്യന്റെ പരമ ലക്ഷ്യമായ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു നടത്തുന്നതാണ് ദൈവ പരിപാലന. ഭൂമിയിലെ ഈ ജീവിതം സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള ഒരു തീർത്ഥാടനം മാത്രമാണെന്നുള്ള യാഥാർഥ്യം മറന്ന്, ഉണ്ണുന്ന ഊണിനെക്കുറിച്ചും, ഉടുക്കുന്ന ഉടുപ്പിനെക്കുറിച്ചും, ഉറങ്ങുന്ന ഊരിനെക്കുറിച്ചും അമിതമായി ഉത്കണ്ഠപ്പെടുന്നതാണ് മനുഷ്യപ്രകൃതം എന്ന് നല്ല വണ്ണം അറിയാവുന്ന ക്രിസ്തു, ലൗകിക കാര്യങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധ അടർത്തി മാറ്റി ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി എങ്ങനെ വളരാം എന്ന് ഈ തിരു വചനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുകയാണ്. ഈ ഭൂമിയിൽ വിസിറ്റിംഗ് വിസയുമായി വന്നവരാണ് നമ്മൾ. കാലാവധി തീരുമ്പോൾ സ്വർഗ്ഗത്തിലേക്ക് തിരികെ പോകേണ്ടവർ. അവിടെയാണ് നമ്മുടെ നിത്യമായ പൗരത്വം. ഈ ഭൂമി നമ്മുടെ ഇടക്കാല വാസകേന്ദ്രം മാത്രമാണ്. ഈ ഒരു തിരിച്ചറിവിനാൽ നമുക്ക് നമ്മുടെ അലസതകളിൽ നിന്നും, ജീവിത വ്യഗ്രതകളിൽ നിന്നും ഉണർന്നെഴുന്നേറ്റ് ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കാം. സ്വർഗ്ഗോൻമുഖരായി ജീവിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*