*ഒമ്പത് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ കടം ഏകദേശം മൂന്നു മടങ്ങ് വർധിച്ച് 155 ലക്ഷം കോടി രൂപയായെന്നു കോണ്‍ഗ്രസ്.* സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു ധവളപത്രം ഇറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2014ല്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു. എന്നാലതു നിലവിൽ 155 ലക്ഷം കോടിയായി. മോദി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്പത്തികാവസ്ഥയുടെ കാരണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് കുറ്റപ്പെടുത്തി.
*റോഡുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറ ട്രാഫിക് ലംഘനം കണ്ടെത്തിയാൽ പിഴത്തുക അടയ്ക്കാനാവുക ഓൺലൈനിൽ മാത്രം.* ഇ-ചലാൻ ഡോട്ട് പരിവാഹൻ സെറ്റിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ പിഴയടയ്ക്കാം. പിഴത്തുക എവിടെ അടയ്ക്കണമെന്നറിയാതെ ആർ.ടി.ഒ. ഓഫീസിൽവരെ ഇപ്പോൾ ആളുകളെത്തുന്നുണ്ട്.
*അരിക്കൊമ്പന് സംരക്ഷണം ഒരുക്കണമെന്നും ചിന്നക്കനാലിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധപ്രകടനം.* മൃഗസ്‌നേഹികളുടെ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഫോര്‍ അനിമല്‍സ് ആണ് പ്രകടനം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തിനെത്തി
*തന്റെ ചുറ്റുംനിൽക്കുന്നവർ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചത്. ‘‘സമ്മേളനത്തിൽ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോൺസർഷിപ് ആദ്യമായാണോ?. ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
*മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ അമിത് ഷാ ആവശ്യപ്പെട്ടു.
*ഹോട്ടലിൽ നിന്ന് ലഭിച്ച പാഴ്സലിലെ ഭക്ഷ്യവസ്തുക്കളുടെ അളവിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി.* ഗുജറാത്തിലെ മഹിസാഗർ സ്വദേശിയായ രാജു വാൻകർ(45) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ വാൻകർ വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.
*കിഴക്കൻ തുർക്കിയിലെ ആയുധ നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു.* എൽമാദാഗ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിർമാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.
*രാജ്യത്തെ മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്ക് ഇനി മുതൽ കേന്ദ്രീകൃത കൗണ്‍സിലിംഗ് നടപ്പാക്കണമെന്ന നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി).* നീറ്റ് യുജി മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകണം മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്ക് കൗണ്‍സിലിംഗ് നടത്തേണ്ട തെന്നും എൻഎംസി വ്യക്തമാക്കി.
*ലോകകേരളസഭയെ വിവാദമാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* നട്ടാൽപൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിലടക്കം തുറക്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ -ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം.* തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയംഗത്തിനെതിരെ ആരോപണമുയര്‍ന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുപോലും നടപടിയുണ്ടായില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.
*പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
*എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ദേശീയ തലത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.* ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധി ഒഴിയും. പ്രിയങ്കയെ പോലൊരു നേതാവിനെ ഉത്തർപ്രദേശിന്റെ മാത്രം ചുമതലയിൽ ഒതുക്കി നിർത്തേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. അതേസമയം, ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പാർട്ടി സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുക എന്നതാകും പ്രിയങ്കയുടെ ചുമതല.
*അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം.* വെള്ളിയാഴ്ച രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്‌നല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
*കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകി ഉത്തർപ്രദേശ് സർക്കാർ.* ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ വസ്തുവിലാണ് യുപി സർക്കാർ 76 ഫ്ലാറ്റുകൾ നിർമ്മിച്ചത്. ട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാകും ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് നൽകുക.
*ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ നാലുപേർ ഗുജറാത്തിൽ പിടിയിലായി.* തീരദേശ പട്ടണമായ പോർബന്തറിൽ നിന്നാണ് ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വിദേശ പൗരനായ ഒരാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
*ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഇനി മുതൽ യാത്രാ തീയതിയിൽ മാറ്റം വരുത്താം.* അധിക നിരക്ക് ഈടാക്കാതെയായിരിക്കും ഈ സേവനം നിങ്ങൾക്ക് ലഭ്യമാകുക. ഇതിനായി റെയിൽവേ പുതിയ നിയമനം ആവിഷ്‌ക്കരിച്ചു. ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
*മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തി.* മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. നിലവിൽ, ഇരുവരും തമ്മിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിപ്പൂരിൽ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും, വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
*മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ.* ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനം റഫർ ചെയ്ത 6 കേസുകൾ അന്വേഷിക്കാൻ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ സിബിഐ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമാധാന സമിതിക്കും രൂപം നൽകിയിരിക്കുന്നത്.
*ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല.* അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന്‍ സീല്‍ ചെയ്തത്.റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും 1200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
*ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാർ തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍.* പങ്കാളിയായ ഹഫീഫയെ കുടുബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി മലപ്പുറം കൊണ്ടൊട്ടി സ്വദേശിനി സുമയ്യയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലാണ്.
*ജൂൺമാസം 23 ാം തീയതി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത്.* ഹയർസെക്കൻഡറി അറബി അദ്ധ്യാപക എച്ച്എസ്എസ്ടി ഓൺ ലൈൻ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ആവശ്യം. ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്.
*കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.* തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂടരഞ്ഞി- മുക്കം റോഡിൽ താഴെക്കൂടാരഞ്ഞിയിൽ വൈകുന്നേരം 5.45നായിരുന്നു അപകടം.
*വിവാദങ്ങൾ വട്ടമിട്ട് പറക്കുന്ന തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐയുടെ സമ്മേളനത്തിനിടെ കൈയാങ്കളി.* കാട്ടക്കട ക്രിസ്ത്യൻ കോളജിലെ യുയുസി ആൾമാറാട്ടക്കേസിൽ ഉൾപ്പെട്ട ആദിത്യനെ ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റിയതാണ് കൈയാങ്കളിക്ക് വഴിവച്ചത്. കാട്ടാക്കട കോളജിലെ ആൾമാറാട്ടം സർവകലാശാലയെ അറിയിച്ച സംഭവത്തിൽ ആദിത്യനെതിരെയും ആരോപണം ഉയർന്നിരുന്നു.
*ഹെര്‍ണിയ രോഗത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ട് വരികയാണെന്നു വത്തിക്കാന്‍.* ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിക്കുകയും, കിടക്കയില്‍ നിന്നും മാറി ചാരുകസേരയില്‍ ഇരിന്നുവെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയാനന്തര പുരോഗതി സാധാരണ ഗതിയില്‍ തന്നെയാണെന്നും, ഫ്രാന്‍സിസ് പാപ്പ പത്രം വായിക്കുകയും, ചില ജോലികള്‍ ചെയ്തതായും മെഡിക്കല്‍ ടീം അറിയിച്ചതായി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
*ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ.* ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തിൽ വിലാപ മതിലിന് സമീപം ക്രൈസ്തവർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റബ്ബി ഷ്ലോമോ അമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്. ചില ചെറുപ്പക്കാരായ യഹൂദരും, ദൈവത്തെ ഭയമുണ്ടെന്നും പുറമേ കാണിക്കുന്നവരും ക്രൈസ്തവരെ ശാപ വാക്കുകളാലും, നിന്ദകളാലും പീഡിപ്പിക്കുന്നുവെന്ന് മത പുരോഹിതരിൽ നിന്ന് കേൾക്കുമ്പോൾ തങ്ങൾക്ക് വിഷമമുണ്ടെന്ന് റബ്ബി പറഞ്ഞു.
*ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.* തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ വൈദ്യുത അലങ്കാരങ്ങളും, ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ്ണ നഗ്നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ സംഘടനകൾ രംഗത്ത് വന്നു.
*ഇന്നത്തെ വചനം*
എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍?
യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്‌ക്കളഞ്ഞു.
ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി.
അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.
എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്,
അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?
അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ലൂക്കാ 10 : 29-37
*വചന വിചിന്തനം*
നീയും പോയി അതുപോലെ ചെയ്യുക. നമ്മൾ ഓരോരുത്തരോടുമുള്ള ഈശോയുടെ കൽപനയാണ്. ഒന്നാമതായി നമ്മൾ പോകണം. അതായത് ചുറ്റുപാടുകളിലേയ്ക്ക് ഇറങ്ങണം. എങ്കിൽ മാത്രമേ അയൽക്കാരനെ, ആവശ്യമുള്ളവനെ നമുക്ക് കണ്ടെത്താൻ സാധിക്കൂ. നമ്മൾ നമ്മുടെ ലോകത്ത് ഒതുങ്ങിക്കൂടിയാൽ, നമ്മുടെ സ്വാർത്ഥകളിൽ മാത്രം വ്യാപരരിച്ചാൽ അയൽക്കാരനെ കണ്ടെത്താനാവില്ല. രണ്ടാമതായി നമ്മൾ ചെയ്യണം. കണ്ടെത്തിയ അയൽക്കാരന് ആവശ്യകമായ നൻമ ചെയ്യാൻ നമ്മൾ തയ്യാറാകണം. അപ്പോൾ മാത്രമാണ് നമ്മൾ യഥാർത്ഥ അയൽക്കാരായിത്തീരുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*