🗞🏵 *ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ച് വൻ അപകടം.* 207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 900ലധികം പേർക്കു പരുക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
🗞🏵 *അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ.* കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.
🗞🏵 *ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന.* കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
🗞🏵 *മണിപ്പുരിൽ ആയുധം വച്ചു കീഴടങ്ങാത്തവർക്കെതിരേ കർശന നടപടി എടുക്കുമെന്ന് താക്കീതു നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* മണിപ്പുർ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെയും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സമാധാന സമിതിയെയും പ്രഖ്യാപിച്ചു.
🗞🏵 *മണിപ്പൂരിലെ കലാപ മേഖലകളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നു.* അഞ്ച് ജില്ലകളിൽ കർഫ്യൂ പിൻവലിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ 11 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് കർഫ്യൂ പിൻവലിക്കുന്നതെന്നും മിക്ക ജില്ലകളിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
🗞🏵 *ഗുസ്തിതാരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ ശരണ്‍ സിംഗിനെ 10 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കർഷകനേതാക്കൾ.* അതല്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും കർഷകനേതാവ് രാകേഷ് ടികായത് പറഞ്ഞു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഏഴ് മുതൽ 10 ദിവസം വരെ സമയം നൽകുകയാണ്. അതിനുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും- കേന്ദ്ര സർക്കാരിന് കർഷക സംഘടന മുന്നറിയിപ്പ് നൽകി
🗞🏵 *ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂണ്‍ എട്ട് മുതൽ നൽകും.* 64 ലക്ഷം ആളുകൾക്ക് പെൻഷൻ ലഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മൂന്ന് മാസത്തെ കുടിശികയിൽ ഒരു മാസത്തെ പെൻഷനാണ് കൊടുക്കുന്നത്.
🗞🏵 *പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ.* ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
🗞🏵 *അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്.* അരിക്കൊമ്പൻ നിലവിലുള്ള റിസര്‍വ് ഫോറസ്റ്റിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. അരി കൂടാതെ ശര്‍ക്കരയും പഴക്കുലയുമൊക്കെ ആനയ്ക്കായി എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത് ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ്. അതേസമയം അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ അറിയിച്ചു.
🗞🏵 *വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 *സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.* അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്.
🗞🏵 *സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.* കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം ഇന്നു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്.
🗞🏵 *എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും.* വൈകിട്ട് നാലിനു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമർപ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.
🗞🏵 *ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ചെയ്തു.* ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധമാണ് തീവെയ്ക്കാനുളള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രകോപനം ഉണ്ടാക്കിയത് സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം.
🗞🏵 *രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍.* വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
🗞🏵 *മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് അമേരിക്കയിൽ മറുപടി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.* വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹമിങ്ങനെ പറഞ്ഞത്.
🗞🏵 *രാജ്യത്ത് ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയർന്നു.* ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.57 ലക്ഷം കോടി രൂപയാണ്. 2022 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ഏപ്രിലിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു. അഞ്ചാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ കടക്കുന്നത്. കൂടാതെ, തുടർച്ചയായ
14 മാസവും 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ജിഎസ്ടി സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
🗞🏵 *ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട പോപ്പുലര്‍ ഫ്രണ്ട് സംഘത്തിനു മലപ്പുറത്തെ രണ്ടുപേരില്‍നിന്നു സാമ്പത്തികസഹായം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സ്‌ഥിരീകരിച്ചു.* കഴിഞ്ഞ ജൂലൈ 12-നു ബിഹാറിലെ ഫുല്‍വാരി ഷെരീഫില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നും അതിനായി കോടികളുടെ ഹവാല പണമൊഴുകിയെന്നുമാണു കേസ്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും ബിഹാര്‍ പോലീസും കഴിഞ്ഞദിവസം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ റെയ്‌ഡ് നടത്തിയിരുന്നു.
🗞🏵 *സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150-ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.* ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചില വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായാതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50-ഓളം വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. മറ്റ് കുട്ടികള്‍ ചികിത്സയില്‍ തുടരുകയാണ്.
🗞🏵 *ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി.* രജൗരി ജില്ലയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിലവിൽ, പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ മാസം രജൗരിയിൽ സമാന തരത്തിലുള്ള ഏറ്റുമുട്ടലുകൾ നടന്നിരുന്നു.
🗞🏵 *ജൂണ്‍ മൂന്നിനാണ് ഗോവന്‍ മണ്ണിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എത്തുക.* ഇന്ത്യയുടെ 19-ാമത് വന്ദേ ഭാരതിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുക. പുതിയ വന്ദേ ഭാരത് എത്തുന്നതോടെ മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം ഏഴര മണിക്കൂറായി കുറയും. യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവത്തിനൊപ്പം വിനോദ സഞ്ചാരത്തിനും ഉത്തേജനം നല്‍കാന്‍ ട്രെയിനിന് കഴിയും.
🗞🏵 *അയോഗ്യതയില്‍ വയനാട് എംപി സ്ഥാനം നഷ്ടമായെങ്കിലും അത് തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.* 2000-ല്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നസമയത്ത് ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. പക്ഷേ, അയോഗ്യതയുള്‍പ്പെടെയുള്ള നടപടപടികള്‍ എനിക്ക് അതുവരെയില്ലാത്ത അവസരങ്ങളാണ് നല്‍കിയത്.
🗞🏵 *കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നു.* കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കൽ നിന്നും നഷ്ടപ്പെട്ട ആയുധങ്ങൾ മോഷ്ടിച്ചവർ തന്നെ അധികൃതരെ തിരികെ ഏൽപ്പിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ 4 ദിവസം മണിപ്പൂർ സന്ദർശിച്ചിരുന്നു. അമിത് ഷാ നടത്തിയ ശ്രമങ്ങൾക്ക് പിന്നാലെയാണ് മണിപ്പൂർ സാധാരണ നിലയിലേക്ക് എത്തുന്നത്. കലാപത്തിനിടെ മോഷ്ടിക്കപ്പെട്ട രണ്ടായിരത്തിലധികം ആയുധങ്ങളിൽ ഇതുവരെ 140 ഓളം ആയുധങ്ങൾ തിരികെ എത്തിയിട്ടുണ്ട്.
🗞🏵 *ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.* കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ കേസിലാണ് 9 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി എസ് ശശികുമാര്‍ തള്ളിയത്. സംഭവത്തില്‍ 13 പേർക്കെതിരെയാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്.
🗞🏵 *മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്ത് പൊലീസ്.* കർണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചയാളാണ് അറസ്റ്റിലായത്. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്.
🗞🏵 *അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്.* അരിക്കൊമ്പൻ നിലവിലുള്ള റിസര്‍വ് ഫോറസ്റ്റിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. അരി കൂടാതെ ശര്‍ക്കരയും പഴക്കുലയുമൊക്കെ ആനയ്ക്കായി എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത് ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ്. അതേസമയം അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ അറിയിച്ചു.
🗞🏵 *10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരന് ജീവപര്യന്തം തടവും 55,000 രൂപ പിഴയും വിധിച്ച് കോടതി.* 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. 1981ലെ കൂട്ടക്കൊലക്കേസിലാണ് കോടതി വിധി പറഞ്ഞത്. 1981ൽ ഫിറോസാബാദിലെ സദുപൂർ ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ 10 ദളിതർ കൊല്ലപ്പെട്ടിരുന്നു.
🗞🏵 *കർണാടകയിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം.* കാസർഗോഡ് സ്വദേശികളായ സഫർ ഷെരീഫ്, മുജീബ്, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. മംഗളൂരു സോമേശ്വർ ബീച്ചില്‍ ഹിന്ദുമതത്തിൽപ്പെട്ട പെൺ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഏതാനും പേർ ഇവരെ തടഞ്ഞ് ചോദ്യം ചെയ്യുകയും വാക്കുതർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു.
🗞🏵 *കേരള സ്റ്റോറിയെന്ന സിനിമ കണ്ടതോടെയാണ് താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന ആരോപണവുമായി മോഡൽ മൻവി രംഗത്ത്.* റാഞ്ചിയിലെ ഒരു മോഡലിംഗ് ഏജൻസിയിൽ വെച്ച് യാഷ് എന്ന ആളുമായി താൻ പ്രണയത്തിലായെന്നും എന്നാൽ അയാളുടെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്ത എന്നാണെന്ന് വളരെ വൈകിയാണ് താൻ തിരിച്ചറിഞ്ഞതെന്നും മൻവി പറയുന്നു. മോഡലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ് ഇയാൾ. സിനിമയാണ് ഇയാൾക്കെതിരെ പരാതി നൽകാൻ തനിക്ക് ധൈര്യം നൽകിയതെന്നും മോഡലായ മൻവി വ്യക്തമാക്കി.
🗞🏵 *ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു.* എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍മരിയ ജീവന്‍ നിലനിര്‍ത്തുന്നത്. 72 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
🗞🏵 *1090 ക്വിന്റല്‍ കുരുമുളക് മുംബൈയിലേക്ക് കടത്തി തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി പൊലീസ് പിടിയില്‍.* മുംബൈ സ്വദേശി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാണ് പിടിയിലായത്. വയനാട് വെള്ളമുണ്ട പൊലീസ് ഇയാളെ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ വിവിധ വ്യാപാരികളില്‍ നിന്ന് ഉടന്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് കുരുമുളക് തട്ടിയത്.
🗞🏵 *പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി.* നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
🗞🏵 *ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കിക്കൊണ്ട് ലോകത്തെ ഇസ്ലാമികവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദ്ദോഗന്റെ മകള്‍ എസ്രായും പിതാവിന്റെ വഴിക്ക്.* സോഷ്യോളജിസ്റ്റ് കൂടിയായ എസ്രാ, പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് അറബിയില്‍ കുറിച്ച ട്വീറ്റ് വിവാദമാവുകയാണ്. “ഇസ്ലാമിക ചന്ദ്രകലക്ക് പാശ്ചാത്യരുടെ കുരിശിനെ മറികടക്കുവാന്‍ ഇനി കുറച്ചു കൂടിയേ ഉള്ളു” എന്നാണ് എസ്രയുടെ ട്വീറ്റില്‍ പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപ്പെട്ടുകൊണ്ട് ഇതാദ്യമായല്ല എസ്രാ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്
🗞🏵 *മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്).* ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.
🗞🏵 *പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തിന് ഇരയായ ഇരുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചു.* ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോമാന്‍ മസി എന്ന യുവാവിന് ബാഹല്‍പൂര്‍ കോടതി വധശിക്ഷ വിധിച്ചത്. നോമന്‍ മാസി, മതനിന്ദ നടത്തിയെന്നതിന് തെളിവ് ഹാജരാക്കുവാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടിട്ടും വധശിക്ഷ വിധിക്കുകയായിരുന്നുവെന്നു നോമന്റെ അഭിഭാഷകനായ ലാസര്‍ അള്ളാ രഖാ വെളിപ്പെടുത്തി.
🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്‌ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്.
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.
യോഹന്നാന്‍ 6 : 25-29
🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
ഈശോയെ അന്വേഷിക്കുന്നത് എന്തിന്? ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയാണോ അതോ ആത്മീയവും നിത്യവുമായ ജീവിതത്തിനു വേണ്ടിയാണോ? ഭൗതിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വച്ച് തന്നെ പിന്തുടരുന്നവരിൽ നിന്ന് ഓടിയൊളിക്കുന്ന ഈശോയെയാണ് നമ്മൾ കാണുന്നത്. യഥാർത്ഥ വിശ്വാസികൾ നിത്യജീവൻ്റെ അനശ്വരമായ അപ്പത്തെ അന്വേഷിക്കുന്നവരായിരിക്കണം. അതിനായി അധ്വാനിക്കുന്നവരായിരിക്കണം. നമുക്ക് നശ്വരമായ അപ്പം മാത്രം തേടുന്നവരാകാതിരിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*