വിത്ത് ഇടുന്നത് മുതൽ വിളവെടുത്ത് വിൽപ്പന നടത്തുന്നതുവരെ വിവിധ പ്രശ്നങ്ങളെ നേരിട്ടും ചിലപ്പോൾ അവിരാചിതമായ നഷ്ടങ്ങൾ സഹിച്ചും പണം കടമെടുത്തും ഒക്കെയാണ് കർഷകർ കാർഷികമേഖലയിൽ പിടിച്ചെടുക്കുന്നത്. നെല്ലു വിറ്റ് കിട്ടുന്ന പണം കൊണ്ടുവേണം കടം വീട്ടാനും മറ്റ് ജീവിതാവശ്യങ്ങൾ നിറവേറ്റാനും. എന്നാൽ സർക്കാർ സംവിധാനത്തിൽ നെല്ലു വിൽപന നടന്നുവെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നെല്ലിൻ്റെ വില ലഭിക്കുന്നില്ല എന്നത് കർഷകരോടു ചെയ്യുന്ന വലിയ ദ്രോഹമാണ്.
വിവിധ ബാങ്കുകളിലാണ് കർഷകരുടെ അക്കൗണ്ടുകൾ ഉള്ളത്. ഒരു ബാങ്ക് മാത്രമാണ് നെല്ലിൻ്റെ വിലകൊടുത്തു തുടങ്ങിയിരിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന കർഷകർ തങ്ങളുടെ പിടിച്ചു വച്ചിരിക്കുന്ന അധ്വാനഫലം ലഭിക്കുന്നതിന് പ്രാണവേദനയോടെ കാത്തിരിക്കുകയാണ്. സ്കൂളുകളും മറ്റും തുറക്കുന്ന ഈ അവസരത്തിൽ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് വിറ്റ നെല്ലിന് അടിയന്തരമായി വില ലഭിച്ചേ തീരൂ.
തങ്ങൾ ഉൽപാദിപ്പിച്ചു വിറ്റ നെല്ലിൻ്റെ വില ബാങ്കിൽ നിന്നും ലോൺ എന്ന നിലയിൽ കൈപ്പറ്റേണ്ടി വരുന്ന അവസ്ഥ വളരെ വിചിത്രമായിരിക്കുന്നു. മാത്രമല്ല മാസങ്ങൾ കഴിഞ്ഞിട്ടും അതിൻ്റെ വില ലഭിച്ചിട്ടില്ല എന്നത് വലിയ നീതികേടാണ്.
കർഷകർ ഈ മേഖലയിൽ ത്യാഗം സഹിച്ചും പിടിച്ചു നിൽക്കുന്നതുകൊണ്ടാണ് മണ്ണിൽ ചവിട്ടാത്ത മനുഷ്യരുടെയും വയർ നിറയുന്നത്. മാത്രമല്ല, പതിനായിരക്കണക്കിന് തൊഴിലാളികൾ അവരുടെ കുടുംബങ്ങളെ പുലർത്തുന്നതും കർഷകരുടെ നിലനിൽപ്പിലൂടെയാണ്.
കുട്ടനാട്ടിലെ കർഷകരുടെ അവസ്ഥ അതീവഗുരുതരമാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. കുട്ടനാട് ഉപേക്ഷിക്കുവാൻ അനേകർ നിർബന്ധിതരായിത്തീരുന്നു. അതോ, കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലെ പരമ്പരാഗത കൃഷിക്കാർ കുട്ടനാട് ഉപയോഗിച്ചു പോകണമെന്നുള്ള എന്തെങ്കിലും നിഗൂഢ അജണ്ടയാണോ കർഷകരോടുള്ള ഈ അവഗണനയ്ക്കു പിന്നിലെന്ന് സംശയിച്ചുപോകുന്നു.
പരിഹരിക്കപ്പെടേണ്ട നിരവധി കാർഷികപ്രശ്നങ്ങളുണ്ട് അവയെക്കുറിച്ച് ഒന്നും ഇവിടെ ഇപ്പോൾ വിവരിക്കുന്നില്ല. ഇപ്പോൾ അടിയന്തരമായി ആവശ്യമായിരിക്കുന്നത് ഉൽപാദകരായ കുട്ടനാട്ടിലെ കർഷകർക്ക് അവരിൽനിന്നു സംഭരിച്ച നെല്ലിൻ്റെ വില കാലതാമസം വരുത്താതെ നൽകുവാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നതാണ്. ഇനിയും കാലതാമസം വരുത്തുന്നത് ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് ഉടൻ പരിഹാരമുണ്ടാക്കണം എന്ന് ബഹുഭൂരിപക്ഷം വരുന്ന കർഷകജനതയുടെ പേരിൽ അഭ്യർത്ഥിക്കുന്നു