റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകള്‍ മാറ്റിനല്‍കും. രാജ്യത്തെ ഏത് ബാങ്ക് ശാഖയും സന്ദര്‍ശിച്ച് ഈ നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റാവുന്നതാണ്. ഇതിനായി ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയോ ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കേണ്ടതോ ഇല്ല. 2000 രൂപയുടെ 10 നോട്ടുകള്‍ വരെ ഒരേസമയം മാറ്റാന്‍ കഴിയും.

നോട്ടുകള്‍ മാറ്റുന്നതിനായി ബാങ്കുകളില്‍ ഐഡി പ്രൂഫ് ആവശ്യമായി വരുമെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ അതിന്റെ എല്ലാ ശാഖകളെയും അറിയിച്ചു. മെയ് 20 ന് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍, 2000 രൂപയ്ക്ക് മറ്റ് മൂല്യങ്ങളുടെ നോട്ടുകള്‍ മാറ്റാന്‍ എല്ലാവര്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറ്റാം

2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ 2023 സെപ്റ്റംബര്‍ 30 വരെ തുടരും. ആര്‍ബിഐ പറയുന്നതനുസരിച്ച്, ആര്‍ക്കും ഒരേസമയം 20,000 രൂപ വരെ നോട്ടുകള്‍ മാറ്റാം. നോട്ട് കൈമാറ്റം സംബന്ധിച്ച ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം എല്ലാ ബാങ്കുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിപണിയില്‍ നിന്ന് 2000 നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഈ നോട്ടുകള്‍ തല്‍ക്കാലം നിയമപരമായി തുടരുമെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. കൂടാതെ പുതിയ 2000 രൂപ നോട്ടുകള്‍ നല്‍കരുതെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏത് ബാങ്ക് ശാഖയിലും നോട്ടുകള്‍ മാറ്റാം

2000 രൂപയുടെ നോട്ട് പിന്‍വലിച്ചതോടെ, ഒരു ഉപഭോക്താവിന് അക്കൗണ്ടുള്ള അതേ ബാങ്കില്‍ നിന്ന് മാത്രമേ 2000 രൂപ നോട്ട് മാറാന്‍ കഴിയുകയുളേ്‌ളാ എന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏത് ബാങ്ക് ശാഖയിലും പോയി 2000 രൂപ നോട്ടുകള്‍, ഒരേസമയം 20,000 രൂപ വരെ മാറ്റി വാങ്ങാമെന്ന് അറിയിച്ചു. അതായത്, ബാങ്കില്‍ അക്കൗണ്ട് വേണമെന്നില്ലെന്ന് സാരം, നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം സൗജന്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.