ഡോ. വന്ദന ദാസിന്റെ കൊലപാതകി സന്ദീപിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളോ മാനസിക പ്രശ്നങ്ങളോ ഇല്ലെന്ന് ഡോക്ടറുടെ സ്ഥിരീകരണം. അമിതമായി ലഹരി ഉപയോഗിച്ചതിന്റെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണവും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്.

പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോളാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും പുരുഷ ഡോക്ടറെ ആയിരുന്നു താൻ ലക്ഷ്യം വെച്ചതെന്നും സന്ദീപ് പറഞ്ഞു. കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെയായിരുന്നു സന്ദീപ് തന്റെ പ്രവൃത്തി വിശദീകരിച്ചത്. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാൻ വരുന്നതായി തോന്നിയതോടെയാണ് പോലീസിനെ വിളിച്ചതെന്ന് പറഞ്ഞ സന്ദീപ്, ആശുപത്രിക്കാരുടെ സംസാരം ഇഷ്ടപ്പെട്ടില്ലെന്നും ആരോപിച്ചു.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കുമെന്ന് തോന്നിയതോടെയാണ് അവരെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് സന്ദീപ് ഏറ്റുപറഞ്ഞു. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥർ.