അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
അരിക്കൊമ്പനെ കൂട്ടിലടയ്ക്കേണ്ടെന്നും പറമ്പിക്കുളത്തേക്കോ മറ്റ് എവിടേക്കെങ്കിലും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മറ്റു സ്ഥലങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനരോഷം ഉയരും എന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.