ഇന്ത്യയുടെ ദേശീയഗാനമാണ് ജനഗണമന. അത് ആലപിക്കുമ്പോഴെല്ലാം ഓരോ ഇന്ത്യക്കാരനും അതിനോട് ആദരവ് പ്രകടിപ്പിക്കാൻ എഴുന്നേറ്റ് നിൽക്കാറുണ്ട്. ഇപ്പോഴിതാ ദേശീയഗാനത്തെ അവഹേളിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൊൽക്കത്തിയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ച് എത്തിയിരിക്കുന്നത്.

പെൺകുട്ടികൾക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ ഇരുന്ന് ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അവർ ദേശീയഗാനത്തിന്റെ വരികൾ തെറ്റായി പാടുന്നതും സിഗരറ്റ് വലിച്ചു കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ ഗാനത്തെ പരിഹസിച്ചതിന് വിമർശനവുമായി ആളുകൾ രംഗത്തെത്തി.

ബറാഖ്പ്പുർ സൈബർ സെൽ പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പെൺകുട്ടികൾ ഫേസ്ബുക്കിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തമാശയ്ക്ക് വേണ്ടി മാത്രം ചെയ്തതാണെന്നാണ് പെൺകുട്ടികളുടെ വാദം. ഈ വീഡിയോയ്ക്കായി സുഹൃത്തുമായി പന്തയം വെച്ചുവെന്നും തുടർന്നാണ് വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതെന്നും പെൺകുട്ടികൾ പറഞ്ഞു.

പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കുന്നതാകും.