അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. നാം നമുക്കുവേണ്ടി മാത്രം ഉള്ളവരല്ല മറ്റുള്ളവർക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ രാവിലെ 7.30ന് വിശുദ്ധ കുർബാനയുടെ ആരാധനക്കു മലങ്കരകത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികനായി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ തിരുവത്താഴ ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ എന്നിവയ്ക്കു ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരമാണ് ശുശ്രൂഷ.

വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. ഇന്ന് പ്രാദേശിക സമയം രാവിലെ 09.30നു (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:30), പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ശുശ്രൂഷ നടക്കും.