🗞🏵 *അവണൂരിലെ ശശീന്ദ്രന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്.* ശശീന്ദ്രന്റെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞിരിക്കുകയാണ്. സ്വന്തം മകൻ തന്നെയാണ് ശശീന്ദ്രന്റെ കൊലപാതകി. ശശീന്ദ്രനെ കൊലപ്പെടുത്താനായി മകൻ കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആയുർവേദ ഡോക്ടറായ മയൂര നാഥനെ അറസ്റ്റ് ചെയ്തു.
🗞🏵 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും.* ഏപ്രിൽ 12 നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്. കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക.
🗞🏵 *ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ കോടികളുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്.* ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം 5,662.12 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ, ബജറ്റിൽ ലക്ഷ്യം വച്ചതാകട്ടെ 4,524.25 കോടിയായിരുന്നു. ഇതോടെ, 1,137.87 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷൻ വകുപ്പ് നേടിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 4,138.57 കോടി രൂപയും, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 1,523.54 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
🗞🏵 *ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി സര്‍ക്കാര്‍.* അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്ന സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
🗞🏵 *കോഴിക്കോട്ടെ ട്രെയിൻ ആക്രമണത്തിൽ ഇടപെട്ട് ദേശീയ അന്വേഷണ ഏജൻസി.* സംഭവ സ്ഥലത്തെത്തി എൻഐഎ സംഘം പരിശോധന നടത്തി. സൂപ്രണ്ട് ഓഫ് പോലീസ് ഉൾപ്പെടെ എൻഐഎ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് അക്രമി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസും എൻഐഎ സംഘവും അന്വേഷണം നടത്തി.
🗞🏵 *യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയും പ്രഖ്യാപിച്ചു.* അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്. ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മെൻ എന്നിവർ അടുത്ത 2 വർഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും. 10 ദിവസത്തെ ദൗത്യത്തിൽ ഇവർ ആർട്ടെമിസ് രണ്ടിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കും.
🗞🏵 *ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ശക്തമായ ഭൂചലനം.* റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കൻ സുമാത്രയിലെ പഡാംഗ്സിഡെമ്പുവാൻ നഗരത്തിന് തെക്ക് പടിഞ്ഞാറ് കടലിൽ 84 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
🗞🏵 *പശ്ചിമബംഗാൾ): സംസ്ഥാനത്ത് രാമനവമി ഘോഷയാത്രകൾ അനുമതികൂടാതെ ന്യൂനപക്ഷമേഖലകളിലേക്കു കടന്നുകയറുകയാണെന്നും ഇതിനു പിന്നിൽ ബിജെപിയാണെന്നും മുഖ്യമന്ത്രി മമത ബാനർജി.* ഹൂഗ്ലി ജില്ലയിലെ റിഷ്ര, സെരാംപുർ എന്നിവിടങ്ങളിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനു പിന്നാലെയായിരുന്നു മമതയുടെ പ്രസ്താവന
🗞🏵 *എലത്തൂരിലെ ട്രെയിൻ തീവയ്പ് ആസൂത്രിത ഭീകരപ്രവർത്തനമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജൻ.* ഇതിന്റെ വേര് കണ്ടെത്തണം. കേരളത്തിലെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി ഒൻപത് വരെ അടച്ചിടും.* ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റണ്‍വെ അടച്ചിടുന്നത്.
🗞🏵 *സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതിയുടെ കീഴിൽ സ്‌കൂൾ പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ യോഗി സർക്കാർ.* സ്വാതന്ത്ര്യ സമര സേനാനി റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള പദ്ധതിയ്ക്ക് കീഴിലാണ് പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നത്. സംസ്ഥാനത്തെ 45,000 സ്‌കൂളുകളിലായി 11-നും 14-നും ഇടയിൽ പ്രായമുള്ള രണ്ട് ലക്ഷം പെൺകുട്ടികൾക്കെങ്കിലും പരിശീലനം നൽകാൻ സർക്കാർ പദ്ധതിയിടുന്നു.
🗞🏵 *അയോധ്യയിൽ നിർമ്മിക്കുന്ന രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു.* സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ (ബിഡിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യൽ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ, അയോധ്യയിൽ രണ്ട് ആന്റി സബോട്ടേജ് ചെക്ക് ടീമിനെയും വിന്യസിപ്പിച്ചിട്ടുണ്ട്.
🗞🏵 *മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിൽ.* 2022-23 സാമ്പത്തിക വർഷം ഡൽഹിയിൽ കോടികളുടെ മദ്യമാണ് വിറ്റഴിക്കാൻ സാധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 6,821 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ലഭിച്ചത്. കൂടാതെ, എക്സൈസ് ഡ്യൂട്ടി ഇനത്തിൽ 5,548.5 കോടിയും, മൂല്യവർദ്ധിത നികുതി ഇനത്തിൽ 1,272.5 കോടിയും ലഭിച്ചിട്ടുണ്ട്.
🗞🏵 *മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.* പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം സ്ഥാപനത്തിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.‘ക്ഷമിക്കണം, എനിക്ക് കഴിയില്ല’ എന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സച്ചിൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു
🗞🏵 *അതിവേതയില്‍ റെക്കോര്‍ഡിട്ട് വന്ദേ ഭാരത് എക്സ്പ്രസ്. ഭോപ്പാല്‍-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് റെക്കോര്‍ഡ് ഇട്ടത്.* പ്രതീക്ഷിച്ചിരുന്ന 160 കിലോമീറ്റര്‍ പരിധി ലംഘിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഭോപ്പാലിനും ന്യൂഡല്‍ഹിയ്ക്കും ഇടയിലുള്ള യാത്രസമയം ഒരു മണിക്കൂറിന്റെ വ്യത്യാസം വന്നതായും അധികൃതര്‍ വ്യക്തമാക്കി.
🗞🏵 *ജാർഖണ്ഡിൽ 5 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.* ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട നക്സലുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നക്സലേറ്റുകളിൽ രണ്ട് പേർക്ക് 25 ലക്ഷം രൂപ വീതവും, മൂന്ന് പേർക്ക് 5 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാവലോംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഛത്ര- പാലമു അതിർത്തിയിലാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
🗞🏵 *കഴുതപ്പാലിൽ നിന്നും നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുന്ദരികൾ ആകുമെന്ന് ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി.* ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒരു ‘ചൗപാലിനെ’ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മേനക ഗാന്ധിയുടെ കണ്ടെത്തൽ. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതയുടെ പാലിലായിരുന്നു കുളിക്കാറുണ്ടായിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
🗞🏵 *പാസഞ്ചർ വിഭാഗത്തിൽ കോടികളുടെ വരുമാനം കരസ്ഥമാക്കി ദക്ഷിണ റെയിൽവേ.* ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പാസഞ്ചർ വിഭാഗത്തിൽ നിന്നും 6,345 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചിട്ടുള്ളത്. എക്കാലത്തെയും ഉയർന്ന ടിക്കറ്റ് വരുമാനം കൂടിയാണിത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 80 ശതമാനത്തിന്റെ വർദ്ധനവാണ്
രേഖപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയതായി റിപ്പോർട്ട്.* തെരുവുനായ കടിച്ചുകൊണ്ടുപോയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മാർച്ച് 31നാണ് സമഭാവം.
🗞🏵 *കോഴിക്കോട് ജില്ലയിൽ രണ്ട് കോവിഡ് മരണം.* മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് മരണം നടന്നത്.കോവിഡിന് പുറമെ ഇവർക്ക് മറ്റ് രോഗങ്ങളുമുണ്ടായിരുന്നു.
🗞🏵 *ചടയമംഗലത്ത് കാറിൽ കടത്തിയ 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.* ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി 12 ഓടെ നിലമേലിൽ വച്ചാണ് പോലീസ് കാർ തടഞ്ഞ് പരിശോധിച്ചത്
🗞🏵 *ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ ഷുക്കൂര്‍.* വാസ്തവത്തില്‍ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവര്‍. അവര്‍ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതെന്നും കൃത്യമായ നിശ്ചയം പോലും അവര്‍ക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ, ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല. മുമ്ബേ നടന്ന പലരുടെയും പാത പിന്തുടരുകയാണവര്‍. പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാര്‍ മാത്രമല്ല, മറ്റു നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം. അതില്‍ പിഎച്ച്‌ഡി നേടിയതിനു ശേഷമാണ് പൊതുപ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. ഷുക്കൂർ പറയുന്നു.
🗞🏵 *ലോട്ടറിയടിച്ചതിന്റെ പാർട്ടി നടത്തുന്നതിനിടെ യുവാവ് മരണപ്പെട്ടു.* തിരുവനന്തപുരം പാങ്ങോട് ആണ് സംഭവം. സുഹൃത്ത് തള്ളിയിട്ട് കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് ആണ് മരിച്ചത്.സജീവിന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എൺപത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ചിരുന്നു.
🗞🏵 *ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ.* വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും എൻഎസ്എസ് വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗണേഷ് കുമാർ ജി സുകുമാരൻ നായർക്ക് പിന്തുണ അറിയിച്ചത്. ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എൻഎസ്എസ് എടുത്ത തീരുമാനം ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.
🗞🏵 *ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു.* രൂപത രൂപീകൃതമായി ഏഴ് വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ രൂപതാ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിൽ അജപാലന പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് റീജിയനുകളുടെ പുനർ ക്രമീകരണം ഇപ്പോൾ നടത്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും, ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ 12 റീജിയനുകൾ രൂപീകരിച്ചത്.
🗞🏵 *മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ ഓശാന ഞായര്‍ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.* ചുവന്ന നിറത്തിൽ ഉള്ള തിരുവസ്ത്രങ്ങൾ ധരിച്ച് വിശുദ്ധ കുർബാന തീരുന്നത് വരെ പാപ്പ പ്രത്യേകമായി ക്രമീകരിച്ചിരുന്ന കസേരയിൽ നിലക്കൊണ്ടിരിന്നു. തിരുകർമ്മങ്ങളുടെ തുടക്കത്തിൽ പാപ്പയുടെ ശബ്ദത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഏതാനും സമയത്തിന് ശേഷം ഉച്ചാരണം നടത്താൻ പാപ്പ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരിന്നു.
🗞🏵 *യഹൂദ വാസസ്ഥലങ്ങളുടെ വിപുലീകരണവും, ആക്രമണങ്ങളെയും തുടര്‍ന്നു വിശുദ്ധ നാട്ടില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നതിനിടെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹം ഓശാന ഞായര്‍ (കുരുത്തോല തിരുനാള്‍) ആഘോഷിച്ചു.* വിശുദ്ധ വാരാചരണത്തിന്റെ തുടക്കം എന്ന നിലയില്‍ യേശുവിന്റെ ജെറുസലേമിലേക്കുള്ള വരവിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഒലിവ് മലയില്‍ നടന്ന ഓശാന ഞായര്‍ പ്രദക്ഷിണത്തില്‍ കൈയില്‍ ഈന്തപ്പനയോലകളും, ഒലിവ് ശിഖരങ്ങളുമായി നൂറുകണക്കിന് ക്രൈസ്തവര്‍ പങ്കെടുത്തു. പ്രദക്ഷിണത്തിന് ശേഷം യേശുവിനെ സംസ്ക്കരിച്ച തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
🗞🏵 *ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വില്‍ക്കുന്ന ‘ഹോളി സ്പിരിറ്റ്’ ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ.* തനിക്ക് കഴിയാവുന്ന എല്ലാ ഇരകളേയും ചതിയില്‍പ്പെടുത്തുവാന്‍ സാത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് അതില്‍ ഒരെണ്ണമാണെന്നും ഫാ. കാരോ പറയുന്നു. മെക്സിക്കോയിലെ മോണ്ടേരി രൂപതാംഗമായ ഫാ. കാരോ മാര്‍ച്ച് 28-ന് ‘ഇ.ഡബ്യു.ടി.എന്‍ നൈറ്റ്ലി’ ന്യൂസിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*ഇന്നത്തെ വചനം*
തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
ഇവര്‍ ഗലീലിയിലെ ബേത്‌സയ്‌ദായില്‍നിന്നുള്ള പീലിപ്പോസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു.
പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.
യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും.
എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.
യോഹന്നാന്‍ 12 : 20-26
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*വചന വിചിന്തനം*
ഈശോ സ്വന്തം ജീവനെ നഷ്ടപ്പെടുത്താൻ തയാറാകുന്നു. അത് അനേകർക്ക് നിത്യജീവൻ ലഭിക്കുന്നതിനുവേണ്ടിയാണ്. ഒരു ഗോതമ്പുമണിയിൽ നിന്ന് അനേകം ഫലങ്ങൾ ഉണ്ടാകുന്നതുപോലെ ഈശോയുടെ ജീവാർപ്പണത്തിലൂടെ അനേകർക്ക് നിത്യജീവൻ ലഭിക്കുന്നു. ഈശോയുടെ സ്വയം സമർപ്പണത്തിൽ പങ്കുചേരാനുള്ള വിളിയാണ് നമുക്കു ലഭിച്ചിരിക്കുന്നതെന്നും നമ്മുടെ ജീവിതത്യാഗങ്ങളിലൂടെ അനേകരെ നിത്യജീവനിലേക്ക് ആകർഷിക്കണമെന്നും വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*