അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകിട്ട് അഞ്ചിനാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം.

പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 20 നകം പ്രഖ്യാപിക്കും.