മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യനാണെന്ന് ഓർത്തഡോക്സ് സഭ കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനത്തിൽ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്കാ ബാവ. എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം, അദ്ദേഹത്തിന്റെ വിനയ സ്വഭാവമാണ്. ഏത് പ്രായത്തിലുള്ളവരോടും അവരുടെ പ്രായത്തോട് താദാത്മ്യപ്പെട്ട് സംസാരിക്കാന്‍ താഴ്ന്നിറങ്ങി വരുവാന്‍ അദ്ദേഹത്തിന്റെ കഴിവ് വലിയ ഒരു നേതാവായി ഉയര്‍ത്തപ്പെടുവാന്‍ കാരണമായി.

വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ശ്രേഷ്ഠമായ സംഭവനകള്‍ നല്കാന്‍ അദ്ദേഹം ക്രിസ്തീയ സ്ഥാപനങ്ങളുടെ ഉന്നതിയ്ക്കായി വലിയ ഇടപെടല്‍ നടത്തി. അതുകൊണ്ട് സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തുള്ള ഉയര്‍ച്ച ഒരു വലിയസ്വപ്നമായി കാണുകയും അത് ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സത്യത്തിലും സ്നേഹത്തിലുമെന്ന ആപ്തവാക്യം ജീവിതത്തിൽ അന്വർഥമാക്കിയ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ഉള്ളിന്റെ ഉള്ള് നിഷ്കളങ്കവും ഹൃദയങ്ങളെ തൊട്ടു ണർത്തുന്നതുമായിരുന്നുവെന്ന് മാർ പെരുന്തോട്ടം അനുസ്മരിച്ചു.

മലങ്കര മാർത്തോമ്മാസുറിയാനിസഭ സഫ്രഗൻ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാർ ബർണബാസ്, മലങ്കര ക്നാനായ യാക്കോബായ സഭ ചീഫ് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ തിയോഫിലോസ്, സീറോമലങ്കര തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ, സിഎസ്ഐ ഈസ്റ്റ് കേരള രൂപത ബിഷപ്പ് ഡോ.വി.എസ്. ഫ്രാൻസിസ്, അതിരൂപതാ വികാരി ജനറാൾ മോൺ.ജയിംസ് പാലയ്ക്കൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.