ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 93 വയസ്സായിരുന്നു. മാർച്ച് 18 ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരി സെൻ്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പിതാവ് ചങ്ങനാശേരി ആർച്ചുബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരവെയായിരുന്നു അന്ത്യം.

സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ബനഡിക്ട് മാർപാപ്പ ‘ സീറോമലബാർ സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച മാർ പൗവത്തിലിന്റെ കാലഘട്ടത്തിലാണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള തീഷ്ണശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും. കോളേജ് സമരം എന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ച് അതിനെ വിജയത്തിലെത്തിക്കുവാൻ മാർ പൗവത്തിലിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നേട്ടമാണ്. യുവജന പ്രേഷിതത്വത്തിലും സീറോ മലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിലും പൗരസ്ത്യ പാരമ്പര്യ സംരക്ഷണത്തിലും അത്മായ ദൈവശാസ്ത്ര പരിശീലനത്തിലും പിതാവ് സുധീരമായ ചുവടുവയ്പുകൾ നടത്തി.

1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ഉലഹന്നാൻ – മറിയക്കുട്ടി ദമ്പതികളുടെ സീമന്തപുത്രനായി ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു മെത്രാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി നിയമിതനായി . 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ചുബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

1964 മുതൽ ഒരു ദശാബ്‌ദക്കാലത്തോളം ചങ്ങനാശേരി എസ്‌ബി കോളജിൽ അധ്യാപകനായി പ്രവർത്തിച്ചു. എൻഎസ്‌എസ് മുൻ പ്രസിഡന്റ് അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സതീർഥ്യനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്‌ഠനുമായിരുന്നു പിതാവ്.

1986 ജനുവരി 17 ന് അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ അതിരൂപതയ്ക്കുള്ളിൽ സ്വീകരിക്കുകയായിരുന്നു ആദ്യ ദൗത്യം. മെത്രാപ്പോലീത്തൻ സ്‌ഥാനത്തുനിന്ന് 2007 മാർച്ച് 19ന് വിരമിച്ചു.

ജീവിതരേഖ

1930 ഓഗസ്റ്റ് 14 –കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനനം

1962 – ഒക്ടോബർ 3– പൗരോഹിത്യ സ്വീകരണം

1964 – എസ്ബി കോളജ് അധ്യാപകൻ

1972 – ഫെബ്രുവരി 13– ചങ്ങനാശേരി സഹായ മെത്രാൻ

1977 – കാഞ്ഞിരപ്പള്ളി മെത്രാൻ

1986 – ചങ്ങനാശേരി ആർച്ച് ബിഷപ്

2007 – വിരമിക്കൽ

2023- നിത്യതയിലേയ്ക്ക്