കേരളത്തില്‍ വെളളിയാഴ്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. വേനല്‍മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും .

ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടത്തിനുളളിലേക്ക് മാറണം. ഇത്തരം സാഹചര്യങ്ങളില്‍ തുറസായ പ്രദേശങ്ങളില്‍ നില്‍ക്കരുതെന്നും നിര്‍ദേശം ഉണ്ട്. പരാമാവധി ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ഒന്നിന് തുടങ്ങണമെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും, മറ്റ് തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കാനും യോഗത്തില്‍ തീരുമാനമായി.