സിനിമ- ടെലിവിഷൻ താരം സുബി സുരേഷ്(41) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.