🗞🏵 *ഈ സാമ്പത്തിക വർഷം കേന്ദ്ര നിർദേശപ്രകാരമുള്ള 5 ശതമാനം വെള്ളക്കരം വർധന നടപ്പാക്കില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.* കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് 5 ശതമാനം വർധന പ്രഖ്യാപനം വന്നതെന്നും നിലവിൽ വെള്ളക്കരം കൂട്ടിയതിനാൽ വീണ്ടും കൂട്ടേണ്ടെന്ന തീരുമാനമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടിപ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
🗞🏵 *ആൺകുട്ടികളുടെ ചേലാകർമ്മം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.* ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമ്മം അനുവദിക്കരുതെന്ന് സംഘടന ഹർജിയിൽ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണ് ഇതെന്നും ചേലാകർമ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
🗞🏵 *ഫെബ്രുവരി 18ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് എത്തിക്കും.* ദക്ഷിണാഫ്രിക്കയിൽനിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കാണ് ചീറ്റകളെ എത്തിക്കുന്നത്.ഒരു മാസം ഇവയെ ക്വാറന്റൈനിൽ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
🗞🏵 *ബോധവത്കരണത്തിനും സുരക്ഷയ്ക്കുമായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് റോഡപകടങ്ങൾക്ക് തെല്ലും കുറവില്ല.* ആറുവർഷത്തിനിടെ മരിച്ചത് 23,512 പേർ. ദിവസവും 12 മുതൽ 15 ജീവൻവരെ നിരത്തിൽ പൊലിയുന്നു. ഇതിൽ 70 ശതമാനവും ചെറുപ്പക്കാർ. 80 ശതമാനം അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പിഴവും.2020-ഓടെ സംസ്ഥാനത്തെ വാഹനാപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് 2018-ൽ മോട്ടോർവാഹനവകുപ്പ് സേഫ് കേരള പദ്ധതി തുടങ്ങിയിരുന്നു. ഇതിനായി 127 കോടിരൂപയാണ് ചെലവിട്ടത്.
🗞🏵 *വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്.* വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, ഇന്ധനസെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാർച്ചും കൂട്ടധർണയും നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
🗞🏵 *ത്രിപുരയിൽ ബിജെപിക്കെതിരെ സഖ്യം രൂപീകരിച്ച് പോരാടുന്ന കോൺഗ്രസിനെയും സിപിഎമ്മിനെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* കേരളത്തിൽ ഇവർ തമ്മിൽ ഗുസ്തി ആണെങ്കിലും ത്രിപുരയിൽ ഇത് ദോസ്തി(സൗഹൃദം) ആണെന്ന് മോദി പറഞ്ഞു.
🗞🏵 *സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ വിൽക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.* സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡ് 321 സ്ഥാപനങ്ങൾ പരിശോധിച്ചു. 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ അടപ്പിച്ചു. 62 സാമ്പിളുകൾ പരിശോധനക്കയച്ചു.
🗞🏵 *കെഎസ്ആർടിസി ജീവനക്കാർക്കു ശന്പളം നൽകുന്നതിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിക്കും.* കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കു മുൻപ് ശന്പളം നൽകണമെന്ന ഹൈക്കോടതി നിർദേശം വന്ന പശ്ചാത്തലത്തിലാണ് നടപടി.
🗞🏵 *ജർമൻ പുനരേകീകരണത്തിന് വഴിവച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഹാൻസ് മോഡ്രോവ്(95) അന്തരിച്ചു.* ബെർലിൻ മതിലിന്റെ തകർച്ചയ്ക്ക് ശേഷം, 1989-ൽ പശ്ചിമ ജർമനിയുമായി ലയിക്കുന്ന വേളയിൽ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ(കിഴക്കൻ ജർമനി) നയിച്ചിരുന്നത് മോഡ്രോവ് ആയിരുന്നു.
🗞🏵 *കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി 13 ന് കേരളം സന്ദർശിക്കും.* തിങ്കളാഴ്ച തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ സന്ദർശനം നടത്തുമെന്ന് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ഞായറാഴ്ച രാത്രിയോടെ അദ്ദേഹം കേരളത്തിൽ എത്തും. ജോഡോ യാത്രയ്ക്കു ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്.
🗞🏵 *ലോട്ടറികളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്.* സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് പ്രധാന ഇരകളെന്നും പോലീസ് അറിയിച്ചു. കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച് ആൻഡ് വിൻ മത്സരം വ്യാജ ഓൺലൈൻ സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെ പലതരം തട്ടിപ്പാണ് നടക്കുന്നത്.
🗞🏵 *ഓൺലൈൻ വഴി പണം തട്ടുന്ന സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു.* പട്ടം സ്വദേശിയോട് അഡ്വാൻസ് നൽകാൻ ഗൂഗിൾ പേ നമ്പർ ചോദിച്ചു. പണമിടാൻ നോക്കിയപ്പോൾ താങ്കളുടെ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും നിർദേശിച്ചു. 50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാൻ അടുത്ത നിർദേശം. ഗൂഗിൾ പേയിൽ 50,000 രൂപയുടെ ഒരു റിക്വസ്റ്റ് വന്നിട്ടുണ്ടായിരുന്നു. അതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പിൻ നമ്പർ അടിക്കാൻ പറഞ്ഞു. പിൻ നമ്പർ അടിച്ചതോടെ 50,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. അതു പറഞ്ഞപ്പോൾ ഒരു തവണ കൂടി 50,000 രൂപ ഇട്ടാൽ ഒരു ലക്ഷമായി തിരിച്ചുതരാമെന്നായി. അപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് യുവാവിന് മനസിലായത്.
🗞🏵 *റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ പാര്‍ട്ടി അന്വേഷണത്തിന് തീരുമാനിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്.* തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും സാമ്പത്തികമായി താൻ തെറ്റായ നിലപാട് സ്വീകരിച്ചെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
🗞🏵 *ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താനുള്ള അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആർഎസ്എസ് സമർപ്പിച്ച ഹർജിയിൽ സുപ്രധാന വിധി.* സംസ്ഥാനത്തുടനീളമുള്ള പൊതുനിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആര്‍എസ്‌എസ്) അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിര്‍ദ്ദേശിച്ചു.
🗞🏵 *തെലുങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്.* സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം തെലുങ്കാനയിലെ മഹബൂബാബാദിന് സമീപമായിരുന്നു സംഭവം നടന്നത്. ട്രെയിനിന്‍റെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🗞🏵 *കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്ന് 200 ഓളം ബാച്ചിലർമാർ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്.* ജീവിതപങ്കാളിയെ തേടി അലഞ്ഞ് വലഞ്ഞവരാണ് പദയാത്ര നടത്താനൊരുങ്ങുന്നത്. ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതുവരെ 200 ലധികം യുവാക്കളാണ് പദയാത്രയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
🗞🏵 *കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി.* സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു.
🗞🏵 *15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30- കാരന് 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ച് കോടതി.* പ്രതിക്കെതിരെ പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. വള്ളികുന്നം അജ്മൽ ഹൗസിൽ നിലവിൽ കടുവിങ്കൽ പ്ലാനേത്തു വടക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്
🗞🏵 *തൃക്കാക്കരയില്‍ അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയിൽ.* നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന്, അനില്‍ കുമാറിന്‍റെ ലൈസൻസ് സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് മദ്യപിച്ച് വാഹനം ഓടിക്കാൻ അനില്‍ വീണ്ടുമെത്തിയത്.
🗞🏵 *ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.* മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) യാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു.സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു.
🗞🏵 *നെടുമ്പാശേരി വിമാനത്താവളത്തിൽ വൻസ്വർണവേട്ട.* മൂന്നരക്കിലോ സ്വർണം പിടികൂടി. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിലായിരുന്നു സ്വർണം കൊണ്ടുവന്നത്.
🗞🏵 *പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ പി.കെ. ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.* അന്വേഷണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമത്തപ്പെടുത്തി.
🗞🏵 *പാക്കിസ്ഥാനിലെ ലാഹോറിൽ മതനിന്ദ ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ജനം പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച് കൊലപ്പെടുത്തി.* വാരിസ് ഇസാ എന്നയാളാണ് മരിച്ചത്. വിശുദ്ധ ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ഇസയെ വാർബർട്ടനിലെ പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് ചെയ്ത വേളയിലാണ് സംഭവം നടന്നത്. സ്റ്റേഷനിലേക്ക് കുതിച്ചെത്തിയ കുട്ടികളുൾപ്പെടെയുള്ള സംഘം, ഇസയെ വിവസ്ത്രനാക്കി മർദിച്ച് വഴിയിലൂടെ വലിച്ചിഴച്ചു. കടുത്ത മർദനമേറ്റ ഇയാൾ ഉടനടി മരണപ്പെട്ടു.
🗞🏵 *കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും കർണാടക സുരക്ഷിതമായിരിക്കാൻ ബിജെപി അധികാരത്തിൽ തുടരണമെന്നും അമിത് ഷാ പറഞ്ഞു.നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാൻ കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾക്ക് കർണാടകയെ സുരക്ഷിതമായി നിലനിർത്തമെങ്കിൽ, ബിജെപിക്കു മാത്രമേ അതിന് സാധിക്കൂ. കർണാടകയിലെ പുത്തൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പരാമർശം.
🗞🏵 *തുർക്കിയിൽ ഭൂകമ്പത്തിൽ കാണാതായ വിജയ്കുമാർ(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി.* ദുരന്തത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയ ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ സ്വദേശിയായ വിജയ്കുമാർ. കിഴക്കൻ അനറ്റോളിയ മേഖലയിലെ മലാട്യ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.
🗞🏵 *തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 25,000 കടന്നു.* ഒരു ദിവസത്തിനിടെ 67 ആളുകളെ രക്ഷിച്ചെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുവാത് ഒക്തേ അറിയിച്ചു. 31,000 രക്ഷാപ്രവർത്തകരാണ് ദുരിതബാധിത മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. 80,000ൽ അധികം ആളുകൾ ചികിത്സയിൽ ആശുപത്രിയിലാണ്.
🗞🏵 *ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി മലപ്പുറം കരുവാരക്കുണ്ടിൽ എത്തി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ.* തുടർന്ന്, കാമുകിയുമൊത്ത് ട്രെയിനിൽ ഡൽഹിയിലേക്ക് തിരിച്ച പതിനെട്ടുകാരനെ കേരള പൊലീസും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
ഇതിനുശേഷം യേശുവും ശിഷ്യന്‍മാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച് സ്‌നാനം നല്‍കി.
സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തു വന്ന് സ്‌നാനം സ്വീകരിച്ചിരുന്നു.
യോഹന്നാന്‍ ഇനിയും കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടിരുന്നില്ല.
അവന്റെ ശിഷ്യന്‍മാരും ഒരു യഹൂദനും തമ്മില്‍ ശുദ്‌ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി.
അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദാന്റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്‌ഷ്യപ്പെടുത്തിയോ അവന്‍ , ഇതാ, ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്.
യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.
ഞാന്‍ ക്രിസ്‌തുവല്ല. പ്രത്യുത, അവനുമുമ്പേഅയയ്‌ക്കപ്പെട്ടവനാണ് എന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്‌ഷികളാണ്.
മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു.
അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.
ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.
യോഹന്നാന്‍ 3 : 22-31
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
ആത്മസംതൃപ്തിയുടെ വാക്കുകളാണ് സ്നാപകന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്നത്. ആർക്കുവേണ്ടിയിട്ടാണോ താൻ വന്നത് അവന്റെ വരവിൽ അവനായി വഴിമാറുന്നതിന്റെ ചാരിതാർത്ഥ്യം ആ വാക്കുകളിൽ നിറയുകയാണ്. അവൻ വളരുകയും ഞാൻ കുറയുകയും വേണം എന്ന അവന്റെ വാക്കുകൾ യഥാർത്ഥത്തിൽ വിനയത്തിന്റെ പൂർണ്ണതയാണ്. ക്രിസ്തുവിന് വഴിയൊരുക്കാൻ വന്നവൻ ക്രിസ്തുവിന് വേണ്ടി വഴിമാറുകയാണ്. നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ തടസം യഥാർത്ഥത്തിൽ ക്രിസ്തുവിന് നാം വഴിയൊരുക്കാത്തതുകൊണ്ടല്ലേ? നമ്മുടെ ജീവിതത്തിലെ പല മേഖലകളിലും ഇന്നും ക്രിസ്തു അന്യനായി നിലകൊള്ളുന്നു, കാരണം ക്രിസ്തുവിനെ അവിടെ പ്രവേശിപ്പിച്ചാൽ അവൻ നമ്മുടെ പല സുഖാനുഭവങ്ങൾക്കും ഭംഗം വരുത്തും എന്നുള്ള ചിന്തയാണ് അതിന് കാരണം. ക്രിസ്തു അന്യമായി നിലകൊള്ളുന്ന മേഖലകളിലെല്ലാം അവൻ പ്രവേശിക്കട്ടെ.
ഫാ.ജോസഫ് കളപ്പുരയ്ക്കൽ
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*