🗞🏵 *സംസ്ഥാന സർക്കാരിന്റെ 2021-22ലെ റവന്യൂ വരുമാനത്തിന്റെ 81.3 ശതമാനം ശമ്പളം-പെൻഷൻ-പലിശ തിരിച്ചടവുകൾക്കുവേണ്ടി ചെലവഴിക്കുന്നതായി സി.എ.ജി.യുടെ വിലയിരുത്തൽ* 1,16,640.24 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. 1,46,179.51 കോടിയാണ് റവന്യൂചെലവ്. 44625.28 കോടിരൂപ ശമ്പളത്തിനും 26,898.69 കോടി രൂപ പെൻഷനുകൾക്കും 23,302.82 കോടി രൂപ പലിശ തിരിച്ചടവുകൾക്കുമായി ചെലവഴിച്ചു. 29,539.27 കോടിയാണ് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി.
🗞🏵 *ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക വിമാനത്തിൽ ആളെ കൊണ്ടുപോകുന്നുവെന്നു കേട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ എത്തി.* പാദരക്ഷകൾ പോലും ധരിക്കാതെ ആളുകൾ കൊടും തണുപ്പിൽ വിമാനത്തിൽ കയറിപ്പറ്റാൻ പരക്കം പായുന്നതിന്റെ വിഡിയോ അഫ്ഗാനിസ്ഥാനിലെ വർത്തമാനകാല ജീവിതത്തിന്റെ നേർസാക്ഷ്യമായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചപ്പോഴും എങ്ങനെയും രാജ്യം വിടാൻ വിമാനത്താവളത്തിൽ ആളുകൾ തിക്കിത്തിരക്കിയിരുന്നു
🗞🏵 *ശതകോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ചൊവ്വയിൽ വെള്ളമൊഴുകിയിരുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവ് നാസയുടെ ക്യൂരിയോസിറ്റി റോവർ കണ്ടെത്തി.* ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളിൽ തിരകൾ പോലുള്ള ഘടന രൂപപ്പെട്ടതാണ് കണ്ടെത്തിയത്. അന്ന് അവിടെയുണ്ടായിരുന്ന തടാകത്തിലെ വെള്ളത്തിന്റെ ചലനം മൂലം പാറകളിൽനിന്നു ചില ധാതുക്കൾ അടർന്നുമാറിയതിനാലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് നാസ അറിയിച്ചു.
🗞🏵ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്.
🗞🏵 *തുര്‍ക്കിയിലും സിറിയയിലും വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു.* ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം എത്തിയിട്ടുണ്ട്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്.
🗞🏵 *സീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടയാത്രക്കാര്‍ക്കാണെന്നും ഇവിടെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹത്തിന്റെ ഡ്രൈവര്ക്കായിരിക്കുമെന്നും ഹൈക്കോടതി.* പ്രധാന റോഡുകളിലെല്ലാം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുന്ന തരത്തില്‍ സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഇതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും വ്യക്തമാക്കി.
🗞🏵 *പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ഒമ്പത് മാസം മുമ്പ് മഅദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടരുകയായിരുന്നു.
🗞🏵 *ഏപ്രിൽ മുതൽ വരുമാനത്തിന് ആനുപാതികമായേ ശമ്പളം നൽകാനാകൂ എന്ന് കെഎസ്ആര്‍ടിസി.* ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുന്നുവെന്നും കെഎസ്ആർടിസി പ്രതികരിച്ചു.
ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്
🗞🏵 *അദാനി ഗ്രൂപ്പിന്റെ സാന്പത്തിക തളർച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിക്കുമോ എന്ന ഉത്കണ്ഠ ശരിവച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.* അദാനി ഗ്രൂപ്പിന്റെ തളർച്ച വിഴിഞ്ഞം പദ്ധതിയെ ബാധിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സർക്കാരിനും ഉത്കണ്ഠയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബാക്കി കാര്യങ്ങൾ പിന്നീടു പഠിച്ച ശേഷം പറയാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
🗞🏵 *ഇന്ത്യ രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹ വിക്ഷേപണ പേടകം (എസ്എസ്എൽവി-ഡി2) വിക്ഷേപണത്തിനു സജ്ജം.* വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് എസ്എസ്എൽവി-ഡി2 വിക്ഷേപിക്കുന്നത്. എസ്എസ്എൽവി-ഡി1 വിക്ഷേപണവാഹനത്തിന്റെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടർന്നു ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് എസ്എസ്എൽവി-ഡി2 വിക്ഷേപണം നടത്തുന്നത്.
🗞🏵 *സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി.* സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്തി. ന്യുമോണിയാ ബാധ പൂർണമായും മാറി. ഒൻപതംഗ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മെഡിക്കൽ ബോർഡ് അംഗങ്ങൾ ആരോഗ്യവിവരങ്ങൾ സർക്കാരിനെ ധരിപ്പിക്കും.
🗞🏵 *സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ ആഗ് പ്രത്യേക ഡ്രൈവിൽ കഴിഞ്ഞ ദിവസം വരെ 2172 പേർ അറസ്റ്റിലായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.* വിവിധ കേസുകളിൽ വാറണ്ടുള്ള 900 പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി 4085 സ്പെഷ്യൽ ഡ്രൈവുകൾ നടത്തി 2030 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ആഗ് തുടരുവാൻ സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി.
🗞🏵 *സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ 253 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.* ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 460 സ്ഥാപനങ്ങളിലാണ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്
🗞🏵 *മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൊലപ്പെടുത്താൻ തങ്ങൾ പദ്ധതിയിടുന്നുവെന്ന ആരോപണം നിഷേധിച്ച് പാക് താലിബാൻ.* തങ്ങളുടെ പോരാട്ടം പാക്കിസ്ഥാൻ സൈന്യത്തോടും ഇന്റലിജൻസ് ഏജൻസികളോടും ആണെന്നും ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ ദ്രോഹിക്കുക എന്ന നയം തങ്ങൾക്ക് ഇല്ലെന്നും പാക് താലിബാൻ വ്യക്തമാക്കി.
🗞🏵 *ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ എന്നും ദോസ്ത് ആണെന്നും ആവശ്യമുള്ളപ്പോള്‍ ഇന്ത്യയുടെ സഹായം എന്നും എപ്പോഴും ഉണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.* ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് റെസ്‌ക്യൂ ടീമുകളും ഡോഗ് സ്‌ക്വാഡുകളും രണ്ട് മെഡിക്കല്‍ ടീമുകളും ഉള്‍പ്പെടെ നാല് ടീമുകളാണ് തുര്‍ക്കി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുരളീധരന്‍ അറിയിച്ചു
🗞🏵 *വൈദ്യുതി വിച്ഛേദിക്കുമെന്ന പേരില്‍ ബാങ്ക് വിവരങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.* എത്രയും വേഗം പണമടക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബിയുടേതെന്ന തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന്, ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരും
🗞🏵 *പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ.* മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് ലഭ്യമായ വിവരം.
ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും കുട്ടികളാണ്. അസ്വസ്ഥതയുണ്ടായവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
🗞🏵 *ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ പ്രവർത്തിപ്പിക്കുന്നതായി റിപ്പോർട്ട്.* ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെ ദ് വാഷിങ്ടന്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ തെക്കൻ തീരത്ത് ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂൺ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ‘ഇന്ത്യ, ജപ്പാൻ, വിയറ്റ്‌നാം, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനയ്ക്കു തന്ത്രപ്രധാന താൽപര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂൺ വഴി ശേഖരിക്കുകയാണ്.
🗞🏵 *കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു.* രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉടമയെ കൊന്നതോടെ ഒട്ടകത്തെ നാട്ടുകാര്‍ ചേർന്ന് അടിച്ചുകൊന്നു. കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തിന്റെ അടുത്തേക്ക് പോകുന്നതിനായി കയർ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനിടെ ഒട്ടകം അക്രമസക്തമായി ഉടമയെ ആക്രമിക്കുകയായിരുന്നു.
🗞🏵 *ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍.* ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗി ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. ഇതിനിടെ, മൃതദേഹം ചുമന്നുപോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയെ ചികിത്സയ്ക്കായാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
🗞🏵 *ഹിമാചല്‍പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്.* പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലാണ് സംസ്ഥാന എക്‌സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്.
🗞🏵 *മുസ്ലീം സ്ത്രീകള്‍ക്ക് മോസ്കിൽ പോയി നിസ്‌കരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രതികരണം അറിയിച്ചു.* സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ തടസമില്ലെന്നും എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം നിന്ന് നിസ്‌കരിക്കാന്‍ അനുമതിയില്ലെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.* ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
🗞🏵 *എസ്എസ്എല്‍വി-ഡി 1 വിക്ഷേപണം പരാജയമായതിന് പിന്നാലെ, പുതുതായി നിർമ്മിച്ച എസ്എസ്എല്‍വി-ഡി 2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ.* ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല ക്ഷേത്രം സന്ദർശിച്ചു.
🗞🏵 *ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം
🗞🏵 *പാലക്കാട് കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍.* തൻ്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ പറഞ്ഞു. റമ്മി കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നുവെന്നു വൈശാഖ പറയുന്നു.
🗞🏵 *ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.* ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതെന്നും താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി.* സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നടപടി. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്. അഭിഭാഷകന്‍ സൈബി ജോസ് തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.
🗞🏵 *കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.* നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ കെ.ടി ദേവദാസ് പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
🗞🏵 *തുർക്കിയിലും, സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും, അനുബന്ധ അഭയാർത്ഥി കേന്ദ്രങ്ങൾക്കും കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കാരിത്താസ് സംഘടനയും, പ്രവർത്തകരും സജീവമായി സേവനം തുടരുന്നു. ഫെബ്രുവരി ആറാം തീയതി ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് തുർക്കിയിലും സിറിയയിലും നടന്ന വന്‍ ഭൂകമ്പത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ ഇനിയും ആയിരക്കണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
🗞🏵 *ക്രിസ്തുമസ് ഇനിമുതൽ ജനുവരി ഏഴിന് പകരം ഡിസംബർ 25നു തന്നെ ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭ.* ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നിരിന്ന സഭ ജനുവരി ഏഴാം തീയതിയായിരുന്നു ഇതുവരെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം യുക്രൈനിലെ കത്തോലിക്ക സഭ ദനഹാതിരുനാൾ ജനുവരി 19ന് പകരം, ജനുവരി ആറാം തീയതി ആചരിക്കും. ഈ വർഷം സെപ്റ്റംബർ ഒന്നു മുതൽ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.
അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:
ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.
മത്തായി 5 : 1-12
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
ഇന്ന് ഗ്രീക്ക് സുറിയാനി സഭാപിതാക്കന്മാരുടെ തിരുന്നാൾ ആചരിക്കുന്നു. സഭയുടെ ആരംഭത്തിൽ അപ്പസ്തോലൻമാർക്കുശേഷം സത്യവിശ്വാസം പഠിപ്പിക്കുകയും വ്യാഖ്യാനിച്ചു നൽകുകയും വിശുദ്ധിയിൽ ജീവിക്കുകയും സഭയോടുള്ള ബന്ധത്തിൽ നിന്ന് ഒരിക്കലും മാറി പോകാതെ ഉറച്ചു നിൽക്കുകയും ചെയ്ത പ്രമുഖ വ്യക്തികളാണ് സഭാപിതാക്കൻമാർ എന്നറിയപ്പെടുന്നത്. ആദ്യത്തെ 7 നൂറ്റാണ്ടുവരെയുള്ളവർക്കാണ് ഈ സ്ഥാനം നൽകിയിരിക്കുന്നത്. മാർ അത്തനേഷ്യസ്, മാർ ബേസിൽ, മാർ അപ്രേം, വി. അഗസ്തീനോസ് എന്നിവരൊക്കെ നമുക്ക് പരിചിതരാണ്. ഇനിയും ധാരളം പേരുണ്ട്. ഇവർ ഗ്രീക്ക്, സുറിയാനി, ലത്തീൻ ഭാഷകളിൽ പ്രബോധനം നൽകയവരാണ്. ഇതിൽ ഗ്രീക്ക്, സുറിയാനി പിതാക്കൻമാരുടെ തിരുന്നാളാണ് ഇന്ന് ആചരിക്കുന്നത്. പിതാക്കന്മാരെ അനുകരിച്ച് സത്യവിശ്വാസത്തിൽ അടിയുറച്ചു നിൽക്കാനും സഭയോടുള്ള ബന്ധത്തിൽ നിലനിൽക്കാനും നമുക്ക് പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*