*ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും കൂടി പട്ടികജാതിപദവി നൽകുന്നതു പരിഗണനയിലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ.* ക്രൈസ്തവ, മുസ്ലിം ദളിതർക്കും പട്ടികജാതി പദവി അനുസരിച്ചുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നു കേന്ദ്ര സാമൂഹികനീതി-ശക്തീകരണ മന്ത്രി ഡോ. വീരേന്ദ്രകുമാർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.
*സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും.* ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു.
*പ്രളയജല നിയന്ത്രണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യം വച്ച് എസി കനാൽ തുറക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.* എസി കനാൽ തുറക്കുന്നതു സംബന്ധിച്ച് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംയുക്ത കൂടിയാലോചനകൾക്കും പൊതു ചർച്ചകൾക്കും ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
*സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതിയൊന്നും പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.* പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നല്‍കിയ ശേഷം നികുതി വര്‍ധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചതും അടക്കം എല്ലാ നികുതി വര്‍ധനവും ഇതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും.
*അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി.* അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു.രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ഫ്ളൈയിംഗ് ക്ളബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. റണ്‍വേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്.
*പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്.* ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ജനങ്ങൾ പതിയെ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ ‘കൗ ഹഗ് ഡേ’യും ആചരിക്കാൻ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമൽ വെൽഫെയർ ബോർഡ് ലീഗൽ അഡൈ്വസർ ബിക്രം ചന്ദ്രവർഷി പറഞ്ഞു.
*സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്ന് നിർദേശം.* ഇത്തരം പ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. വിദ്യാർഥികൾക്കു മാതൃകയാവുംവിധം അധ്യാപകർ പെരുമാറണമെന്നതാണ് മാറ്റത്തിന്റെ കാരണമായി പറയുന്നത്.
*ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ വേണ്ടി ചൈന ചാര ബലൂൺ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്.* ദ വാഷിങ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര മാദ്ധ്യമാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. അടുത്തിടെ അമേരിക്കയിൽ ചൈനീസ് ചാര ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തകൾ പുറത്തു വന്നിട്ടുള്ളത്.
*തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തകർന്ന ആയിരക്കണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥിതി ഏറെ ദുഃഖകരമാണ്.* ഭൂകന്പബാധിത പ്രദേശങ്ങളിൽ കൊടുംതണുപ്പാണ്; കനത്ത മഴയുമുണ്ട്. ആദ്യഭൂകന്പമുണ്ടായ തുർക്കിയിലെ ഗാസിയൻടെപ്പിൽ പകൽ താപനില നാലുമുതൽ ആറു വരെ ഡിഗ്രി സെൽഷസ് ആണ്. രാത്രി മൈനസ് ഏഴു ഡിഗ്രി വരെ താഴും. മറ്റു പട്ടണങ്ങളിലും മലയോര മേഖലകളിലും രാത്രി മൈനസ് 15 ഡിഗ്രി വരെ എത്താം. സിറിയയിലെ കാര്യം താരതമ്യേന ഭേദമെങ്കിലും പകൽ 10-11 ഡിഗ്രി വരെയേ പരമാവധി ചൂടുണ്ടാകൂ. രാത്രി മൈനസ് മൂന്ന് ഡിഗ്രിലേക്കു താഴും.
*തുര്‍ക്കിയിലും സിറിയയിലും വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു.* ഏറ്റവും ഒടുവിലായി ലഭിച്ച കണക്കുകള്‍ പ്രകാരം മരണസംഖ്യ 12,049 ആയി ഉയര്‍ന്നു. പരിക്കേറ്റവര്‍ 50,000ത്തിന് മുകളിലുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ഇന്ത്യൻ വ്യവസായിയെ കാണാതായിട്ടുണ്ട്. തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
*ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ.* തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
*സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് പത്ത് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.* തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പോസ്റ്റർ ബോയ് ആയ എർദോഗനെ രക്ഷകനായി കാണുന്ന ചിലർ കേരളത്തിലുമുണ്ടെന്നും അവരെ സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനുമാണ് ഈ തീരുമാനമെന്നും സന്ദീപ് വാര്യർ പറയുന്നു ഇത് പച്ചയായ വർഗീയ പ്രീണനം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
*കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി.* ഇതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
*ശബരിമല വികസന വിഷയത്തിൽ നിർണ്ണായക നിർദ്ദേശവുമായി സുപ്രീംകോടതി.* ശബരിമല വികസന പ്രശ്നങ്ങളില്‍ വന്യമൃഗങ്ങളുടെ പ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
*രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്നും തുടർച്ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യുപിഎ സർക്കാരിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, യുപിഎയുടെ പത്തുവർഷം കുംഭകോണങ്ങളുടേതെന്നാണെന്നും ആരോപിച്ചു.
*കലാപക്കേസില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എക്ക് ആറുമാസം തടവ് ശിക്ഷ.* സോമനാഥിലെ നിയമസഭാംഗമായ വിമല്‍ ചുഡാസമക്കും മറ്റു മൂന്നുപേര്‍ക്കുമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തടവ് ശിക്ഷ വിധിച്ചത്.
ചുഡാസമയും സംഘവും 2010 നവംബര്‍ 7ന് റിവോള്‍വറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പരാതിക്കാരനായ മീറ്റ് വൈദ്യയെ ആക്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
*ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ സിബിഐ അറസ്റ്റ് ചെയ്തു.* അന്വേഷണവുമായി നിസ്സഹകരണം പ്രകടിപ്പിച്ച കവിതയുടെ മുൻ ഓഡിറ്റർ ബുച്ചി ബാബുവിനെ രാജ്യ തലസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്.ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ബാബുവിന് പങ്കുണ്ടായിരുന്നു
*ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മലയാളിയുടെ പൊതുതാൽപര്യ ഹർജി.* മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറപ്പെടുന്നു എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
*ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിർദേശം.*
ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സംരക്ഷണ മേഖലയിൽ കടുവാ സഫാരി പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സഫാരികളും മൃഗശാലകളും സ്ഥാപിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ റദ്ദാക്കണമെന്നാണ് നിര്‍ദേശം.
*തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചു.* ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.
*ഭൂചലനത്തില്‍ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ.* മരുന്നുകളുമായി വ്യോമസേന വിമാനം ഉടന്‍ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയന്‍ അംബാസിഡര്‍ ഡോ ബാസം അല്‍ഖാത്തിബ് പറഞ്ഞു.
*ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം.* സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കോസ്റ്റ് ഗാർഡ് പിടികൂടി. തമിഴ്‌നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ തീരത്തേക്ക് സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡ് മേഖലയിൽ പരിശോധന നടത്തിയത്.
*എറണാകുളം മരടില്‍ നിന്ന് 6,000 കിലോ പുഴുവരിച്ച മീന്‍ പിടികൂടിയ കേസില്‍ രണ്ട് കണ്ടെയ്‌നറുകളുടെയും ഉടമയെ കണ്ടെത്തി.* വിജയവാഡ സ്വദേശിയാണ് ഉടമ. എന്നാല്‍, വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതാണെന്നും മീന്‍ ഇടപാടുമായി ബന്ധമില്ലെന്നുമാണ് ഉടമയുടെ വാദം. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഒരു മാസത്തോളം പഴക്കമുള്ള മീന്‍ കൊണ്ടുവന്നതെന്നാണ് സൂചന. ആന്ധ്ര വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് പുഴുവരിച്ച മീന്‍കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകളും.
*വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചയാൾ അറസ്റ്റിൽ.* സംഭവത്തിൽ അയൽവാസി പെരുമ്പള്ളി ചെറുപ്ലാട് ഫൈസലിനെ (49) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ ഹീറോ ഗ്ലാമർ ബൈക്കാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിൽ കത്തിച്ച നിലയിൽ കണ്ടത്.
*ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളിക വാങ്ങി വിറ്റവർ പൊലീസ് പിടിയിൽ.* ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ വീട്ടിൽ സെയ്യ്ദാലി (26) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ നിന്ന് ഡോക്ടറുടെ നെയിം സീൽ മോഷ്ടിച്ചതുപയോഗിച്ചായിരുന്നു വ്യാജ കുറിപ്പടി തയ്യാറാക്കിയത്.
*ഗാസിയാബാദിലെ കോടതി സമുച്ചയത്തിനുള്ളിലേക്ക് പുള്ളിപ്പുലി കടന്നുകയറി.* നിരവധി പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.വൈകിട്ട് നാലോടയൊണ് പുള്ളിപ്പുലി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിസരത്തേക്ക് എത്തിയത്. കോടതിക്കുള്ളിൽ കറങ്ങിനടന്ന പുലിയെ കണ്ട് ആളുകൾ ചിതറിയോടി.
*പറവൂരിൽ 350 കിലോ പഴകിയ ഇറച്ചി പിടികൂടി.* നീണ്ടൂർ മേഖലയിലെ ഇറച്ചിക്കടയിൽ നിന്നാണ് അഴുകിയ മാസം പിടികൂടിയത്.നൗഫൽ എന്നയാൾ നടത്തുന്ന കടയിൽ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ, ഇറച്ചിയിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ കടയിൽ പരിശോധന നടത്തിയത്.
*തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിന്റെ ഇരകളിലേക്ക് സഹായമെത്തിക്കാന്‍ 500,000 യൂറോ വകയിരുത്താന്‍ ഇറ്റാലിയൻ മെത്രാന്‍ സമിതി.* ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ നിസ്സഹായവസ്ഥയില്‍ വേദനയുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഇറ്റലിയിലെ സഭയെ പ്രതിനിധീകരിച്ച്, ജനങ്ങളോടുള്ള അഗാധമായ അനുശോചനവും അടുപ്പവും അറിയിക്കുകയാണെന്നും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുകയാണെന്നും ബൊളോഗ്ന ആർച്ച് ബിഷപ്പും പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു.
*ഈശോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ദി ചോസൺ പരമ്പരയുടെ മൂന്നാം എപ്പിസോഡിന്റെ അവസാന ഭാഗം ബോക്സ് ഓഫീസിൽ ഹിറ്റ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാറിനെയും കടത്തിവെട്ടി മുന്നേറുന്നു.* അമേരിക്കയിലെ രണ്ടായിരത്തോളം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ദ ചോസൺ പരമ്പര വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ഒന്‍പതാമതാണ്. ഫെബ്രുവരി മൂന്ന് മുതൽ ആറു വരെയാണ് മൂന്നാം സീസണിന്റെ അവസാനത്തെ രണ്ട് എപ്പിസോഡുകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രദർശനത്തിന്റെ ആദ്യത്തെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകുന്നേരം ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ദി ചോസൺ ഒന്നാമത് ആയിരുന്നു.
*ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഫ്രാൻസിസ് പാപ്പയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ സർവ്വേ റിപ്പോര്‍ട്ട് പുറത്ത്.* ഫുട്ബോള്‍ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയും ബോക്‌സർ സാൽ “കനേലോ” അൽവാരസ്, ഫോർമുല 1 ഡ്രൈവർ സെർജിയോ പെരെസിനെയും മറികടന്നാണ് ഫ്രാൻസിസ് മാർപാപ്പ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ പുറത്തുവിട്ടിരിക്കുന്നത്.
*മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത തുടരുന്നു. മതഗല്‍പ്പ രൂപതയില്‍പ്പെട്ട മൂന്ന്‍ കത്തോലിക്കാ വൈദികര്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.* വൈദികര്‍ക്ക് പുറമേ ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, കത്തോലിക്ക ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനായ ഒരു അത്മായനും 10 വര്‍ഷം വീതം തടവിനു വിധിച്ചിട്ടുണ്ട്.
*ഇന്നത്തെ വചനം*
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്?
അവര്‍ നിശ്‌ശബ്‌ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്.
അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു:
ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.
മര്‍ക്കോസ് 9 : 33-37
*വചന വിചിന്തനം*
വലിയവനാകാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ യഥാർത്ഥത്തിലുള്ള വലിയ മനുഷ്യർ ഈ ആഗ്രഹത്തെ അതിജീവിച്ചവരാണ്. ഏറ്റവും വലിയവനായ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ചെറുതാകാനും എളിമപ്പെടാനും ശിശുക്കളെപ്പോലെയാകാനുമാണ്. നമുക്ക് ശിശുക്കളുടെ നിഷ്കളങ്കത സ്വീകരിക്കാൻ ശ്രമിക്കാം. എളിമയോടെയും ശുശ്രൂഷാ മനോഭാവത്തോടെയും ദൈവതിരുമുമ്പിൽ വ്യാപരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*