സ്നേഹത്തിൽ പ്രവർത്തനനിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) ഗ്ലോബൽ സിൻഡിക്കേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീയുവാക്കളെ കർദ്ദിനാൾ ഓർമിപ്പിച്ചു.

എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജിൻസി ചാക്കോ, ഗ്ലോബൽ സെക്രട്ടറി വിനോദ് റിച്ചാർഡ്സൺ, ജോസ് മോൻ കെ. ഫ്രാൻസിസ്, കേരള റീജിയൻ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കൺവീനർ സാം സണ്ണി എന്നിവർ പ്രസംഗിച്ചു.