കേന്ദ്രബജറ്റിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതമായ 5020.5 കോടിയിൽനിന്ന് 3097 കോടിയാക്കിയാണ് ചുരുക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും വെട്ടിക്കുറച്ചു. ഇത് ബോധപൂർവമുള്ളതാണെന്നു സംശയിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്ന സ്കോളർഷിപ്പ് നിയമവിരുദ്ധ സർക്കാർ ഉത്തരവിലൂടെ യുജിസിയിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പ്രീ–മെട്രിക് സ്കോളര്‍ഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിരിന്നു. എട്ടാം ക്ലാസ് വരെ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയതും ഉന്നത വിദ്യാഭ്യാസത്തിനുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് അവസാനിപ്പിച്ചതും കെ മുരളീധരനും ടി.എൻ പ്രതാപനുമാണ് ചോദ്യമായി കഴിഞ്ഞ ദിവസം ഉന്നയിച്ചിരിന്നു. ഇവ പുനസ്ഥാപിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി രേഖാമൂലം മറുപടി നൽകി.
ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷനൽ ടെക്നിക്കൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്കോളർഷിപ്പ് 44 കോടിയായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 365 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് കുത്തനെ കുറച്ചത്.