🗞🏵 *പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി.* രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്സ്മിഷന് ലൈനുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ, 7.30 മുതല്‍ കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടതായി പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്ക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.* 248 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറം ജില്ലയില്‍നിന്നു മാത്രം 126 പേരുടെ സ്വത്ത് കണ്ടുകെട്ടിയെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും.* പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
🗞🏵 *കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു.* ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ തുടങ്ങിയവരാണ് രാജി സമർപ്പിച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്നാണ് രാജിവെച്ച അധ്യാപകരുടെ പ്രതികരണം.
🗞🏵 *യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പതിനാല് ദിവസത്തേക്ക് റിമാൻഡിൽ.* വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് പോലീസ് ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
🗞🏵 *സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ സി എൻ ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു.* സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി ആണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽ സി എൻ ജി വിതരണം ചെയ്യാൻ സാധിക്കും.
🗞🏵 *പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്.* ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.* പരംവീര്‍ ചക്ര പുരസ്കാരത്തിന് അര്‍ഹരായവരുടെ പേരുകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ പേരില്ലാത്ത ദ്വീപുകള്‍ക്ക് നല്‍കിയത്.
🗞🏵 *വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് യുവതി അറസ്റ്റില്‍.* 19കാരിയായ ഇഖ്റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവെന്ന് സംശയിക്കുന്ന യുപി സ്വദേശിയായ യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
🗞🏵 *ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു.* പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് അറിയിച്ചു. പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.
🗞🏵 *ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്. പഞ്ചാബിലാണ് സംഭവം.* ഡ്രോൺ വെടിവെച്ചിട്ടതായി പോലീസ് അറിയിച്ചു. അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ ആണ് പോലീസ് വെടിവെച്ചിട്ടത്.5 കിലോ ഹെറോയിനാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. മയക്കുമരുത്ത് കടത്ത് പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയും പോലീസ് പിടികൂടി. രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
🗞🏵 *വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.* പിഎം കിസാന്‍ തുകയിലെ വര്‍ധനവ് ഒരു വര്ഷത്തേക്കായിരിക്കുമെന്നാണ് വിവരം. അതിനുശേഷം അത് അവലോകനം ചെയ്യുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച സംവദിക്കും.* വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് അദ്ദേഹം പുരസ്കാര ജേതാക്കളുമായി സംവദിക്കുന്നത്. 11 പേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്.
🗞🏵 *ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കൂട്ടാന്‍ 23 ടാബ്ലോകള്‍ അണിനിരക്കും.* 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും ആറ് ടാബ്ലോകളും പ്രദര്‍ശിക്കപ്പെടും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര, ബാഹ്യ സുരക്ഷ എന്നിവ ചിത്രീകരിക്കുന്ന ടാബ്ലോകള്‍ക്കാണ് കര്‍ത്തവ്യ പഥില്‍ അണിനിരക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വനിതകള്‍മാത്രമുള്ള 24 അംഗ സംഘമാണ് കേരളത്തെ പ്രതിനിധാനംചെയ്ത് കലാവതരണം നടത്തുക. കേരളത്തില്‍നിന്ന് ആദ്യമായി ഇത്തവണ ഗോത്രനൃത്തവുമുണ്ട്.
🗞🏵 *ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്.* കണക്കുകൾ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയിൽ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയർന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200 കോടി ഡോളറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ ഉയരമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വിദേശ കറൻസി ആസ്തി 907.8 കോടി ഡോളർ ഉയർന്ന് 50,551.9 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണ ശേഖരം 110.6 കോടി ഡോളർ മെച്ചപ്പെട്ട് 4,289 കോടി ഡോളറിലെത്തി.
🗞🏵 *പ്രവാസിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ മോഷ്ടിച്ച തെങ്കാശി സ്വദേശി അറസ്റ്റില്‍.* തെങ്കാശി സ്വദേശി ബാലമുരുകന് ആണ് പോലീസ് പിടിയിലായത്. പ്രതിയില്‍ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടത്തെിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ സിഐ എ.സി വിപിന്‍, എസ്ഐ ബാലാജി എന്നിവര്‍ അടങ്ങിയ സംഘമാണ് ബാലമുരുകനെ പിടികൂടിയത്.
🗞🏵 *ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി.* സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ. രാഹുലിന്റെയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. പിന്നീട് ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
🗞🏵 *പീഡനത്തിനിരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.* നെടുമങ്ങാട് പനവൂരിൽ നടന്ന സംഭവത്തെ തുടർന്ന് മൂന്നുപേർ അറസ്റ്റിലായി. നാലു മാസം മുൻപ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും പിതാവ് എന്നിവരെയും നെടുമങ്ങാട് സി.ഐ. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
🗞🏵 *കൊലപാതക ശ്രമം, മോഷണം, വീടുകയറി ആക്രമണം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 33 തടവുകാരെ കൂടി ശിക്ഷാ കാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള സ൪ക്കാ൪ ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.* തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശിപാർശയാണ് ഗവർണ൪ അംഗീകരിച്ചത്.
🗞🏵 *മറയൂര്‍ മേഖലയില്‍ നിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റിൽ.* മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട നടക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍ (41), പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കറ വീട്ടില്‍ ഇര്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വനപാലക സംഘം പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. 13 ലക്ഷം വിലവരുന്ന 65 കിലോ ചന്ദനം ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
🗞🏵 *ബന്ധുവായ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.* കോന്നി പ്രമാടം കൈതക്കര പാപ്പി മുരുപ്പേൽ കോളനിയിൽ പാലനിൽക്കുന്നതിൽ ബിനു(37)വിനെയാണ് കോടതി ശിക്ഷിച്ചത്.
🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി.* കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
🗞🏵 *വാളയാർ ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ കാറിൽ കടത്തിയ 2.28 കോടി രൂപ പൊലീസ് പിടികൂടി.* 2,28,60,000 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പണം പിടികൂടിയത്. സംഭവത്തിൽ, കോയമ്പത്തൂർ സ്വദേശികളായ മോഹൻ, വെങ്കിടേഷ് എന്നിവർ അറസ്റ്റിലായി.
🗞🏵 *കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും കൊടും ക്രിമിനലുകൾ.* പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തീരുവനന്തപുരത്ത് പാലോട് വനമേഖലയിൽ എത്തിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
🗞🏵 *എറണാകുളത്ത് മരത്തിന്റെ പൊത്തിൽ വെടിയുണ്ട.* മഞ്ഞുമ്മലിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.പിസ്റ്റലിൽ ഉപയോഗിക്കുന്ന തരത്തിലുള്ള 12 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവ ഉപേക്ഷിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
🗞🏵 *ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി.* ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെല്‍പ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി. പ്രദേശത്തെ നെല്‍കൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടി സെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
🗞🏵 *കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതി ജുനൈസ് പിടിയിൽ.* മലപ്പുറത്ത് വച്ചാണ് ജുനൈസിനെ പോലീസ് പിടികൂടിയത്. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളിലാണ്. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്.
🗞🏵 *പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്.* ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്ര അന്വേഷണത്തിന് പ്രതിബന്ധമായി മാറാതെ, ഉറച്ച ഒരു അടിത്തറയായി ശാസ്ത്രജ്ഞർക്ക് സഹായമായി മാറാൻ ദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത കോൺഫറൻസിൽവെച്ച് മുൻ നിരീശ്വരവാദിയായിരുന്ന കാരിൻ ഒബേർഗ് വിശദീകരിച്ചു.
🗞🏵 *യുകെയില്‍ പൈശാചിക സാത്താന് ആരാധന സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്.* കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ സാത്താനില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയും, ക്രൈസ്തവര്‍ എന്നവകാശപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന പ്രവണത കൂടിയിരിക്കുകയാണെന്നാണ് സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തം കൊണ്ടുള്ള പ്രതിജ്ഞകള്‍, ലൈംഗീക ആഭിചാര പ്രവര്‍ത്തികള്‍, മനുഷ്യരെയോ മൃഗങ്ങളെയോ ബലി കൊടുക്കല്‍ തുടങ്ങിയ പ്രാകൃത ആചാരങ്ങളില്‍ തിന്മ കൂടുതല്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയിരിക്കുകയാണ് ഇവര്‍.
🐤🐤🐤🐤🐤🐤🐤🐤🐤🐤🐤
*ഇന്നത്തെ വചനം*
ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.
അവിടുന്ന് എനിക്കു നല്കിയതെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു.
എന്തെന്നാല്‍, അങ്ങ് എനിക്കു നല്കിയ വചനം ഞാന്‍ അവര്‍ക്കു നല്കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.
ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.
അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു.
ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!
യോഹന്നാന് 17 : 6-11
🐤🐤🐤🐤🐤🐤🐤🐤🐤🐤🐤
*വചന വിചിന്തനം*
തന്നിൽ വിശ്വസിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഈശോയെയാണ് നമ്മൾ ഇന്നത്തെ വചനഭാഗത്ത് കണ്ടുമുട്ടുന്നത്. ഓരോ വിശ്വാസിയും ഈശോയ്ക്ക് ഉള്ളവരാണ്. അതുവഴി നമ്മൾ പിതാവിനുള്ളവരാണ്. നമ്മിലൂടെയാണ് ഈശോ ലോകത്തിൻ്റെ മുമ്പിൽ മഹത്വപ്പെടുന്നത്. ഈശോ വേദനിക്കുന്നതും അപമാനിക്കപ്പെടുന്നതും നമ്മുടെ പ്രവർത്തികൾ മൂലമാണ്. നമ്മൾ സഭൈക്യവാരത്തിലൂടെ കടന്നുപോകുകയാണ്. ഈശോയുടെ ആഗ്രഹംപോലെ ഒന്നായിത്തീരാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*