കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ജോഷിമഠിൽ ദുരിതബാധിതർക്കുള്ള സഹായവുമായി പോയി മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മലയാളി വൈദികൻ കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പള്ളിത്താഴത്തിന്റെ മൃതസംസ്കാരം നാളെ. നാളെ രാവിലെ ഒമ്പതിന് കോടദ്വാർ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ വൈകുന്നേരത്തോടെ കുടുംബാംഗങ്ങള്‍ പുറപ്പെട്ടു. ഡൽഹിയിൽനിന്നു വാഹനമാർഗം കോടദ്വാർ രൂപതാ ആസ്ഥാനത്ത് എത്തിച്ചേരും.

ഫാ. മെൽവിന്റെ മാതാപിതാക്കളായ ഏബ്രഹാം, കാതറിൻ, സഹോദരി, സഹോദരിയുടെ ഭർത്താവ്, പിതൃസഹോദരൻ, ഭാര്യ മാതാവിന്റെ സഹോദരിയുടെ പുത്രൻ ഫാ. ഫിലിപ്പ് ചക്കുംമൂട്ടിൽ, ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയുടെ പ്രതിനിധി ബെന്നി മാളിയേക്കൽ എന്നിവരാണ് ഇന്നലെ പുറപ്പെട്ടത്. ഫാ. മെൽവിന്റെ അമ്മാവനും സഹോദരനും കഴിഞ്ഞ ദിവസം തന്നെ കോട്ദ്വാറിൽ എത്തിയിരുന്നു.

ഫാ. മെൽവിന്റെ ആകസ്മികമായ മരണ വിവരമറിഞ്ഞ് ചക്കിട്ടപാറയിലുള്ള വീട്ടിലേക്ക് വൈദികരും സന്യസ്തരുമടക്കം നൂറു കണക്കിന് ആൾക്കാർ എത്തി കുടുംബത്തെ അനുശോചനം അറിയിച്ചു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, ചക്കിട്ടപാറ പള്ളി വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി എന്നിവരും വീട്ടിലെത്തി അനുശോചനം അറിയിച്ചിരിന്നു.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളർന്നുതാഴുന്നതു മൂലം ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ ഫാ. മെല്‍വിന്‍ തന്റെ ദൌത്യം പൂര്‍ത്തിയാക്കിയുള്ള മടക്കയാത്രയിലാണ് മരണപ്പെട്ടത്. വാഹനം കൊക്കയിലേക്ക് പതിക്കുയായിരിന്നു. ബിജ്‌നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരിന്ന അദ്ദേഹം ജോഷിമഠിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒറ്റയ്ക്കു യാത്ര തിരിച്ചപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിന്നു.