തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മികച്ച പഠനം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 12 -ാംമത് ബിരുദദാന ചടങ്ങ് ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറും തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

ദൈവശാസ്ത്രം പഠിക്കുന്നത് ഭക്തി വര്‍ധിപ്പിക്കുന്നത്തിനുള്ള ഉപാധിയല്ല, മറിച്ച് മനുഷ്യന്റെ അസ്തിത്വത്തെ കൂടുതല്‍ മനസിലാക്കാനും ദൈവത്തെ മാനവകുലത്തിന്റെ പിതാവായി സ്വീകരിക്കാനും സഹായിക്കുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ദൈവം മുഷ്യകുലത്തിന്റെ സൃഷ്ടാവും പിതാവുമാണെന്ന് മനസിലാക്കുമ്പോള്‍ മറ്റുള്ളവരെ അവര്‍ ഏത് ജാതി മത വിഭാഗത്തിലുള്ളവരായാലും സഹോദരങ്ങളായി സ്‌നേഹിക്കാന്‍ ദൈവശാത്ര പഠനം നമ്മെ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ദൈവശാസ്ത്ര പഠനം മതേതര സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകമായതു കൊണ്ട് എല്ലാ യൂണിവേഴ്‌സിറ്റികളിലും ക്രിസ്ത്യന്‍ ദൈവശാസ്ത്ര പഠനത്തിന് പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കണമെന്ന് പലപ്പോഴും നമ്മള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംടിഎച്ച്, ബിടിഎച്ച് റാങ്ക് ജേതാക്കള്‍ക്ക് തലശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്താ മാര്‍ ജോര്‍ജ് വലിയമറ്റം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സാധാരണ സര്‍വകലാശാലകളിലെ ഡിഗ്രി പോലെ ദൈവ ശാസ്ത്രത്തിലെ ഡിഗ്രി നമുക്ക് ഒരു ജോലി നേടിത്തരാന്‍ ഒരു സഹായവും ചെയ്യില്ല. എന്നാല്‍ നമ്മുടെ ജോലി മേഖലകളില്‍ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ നല്‍കാനും അതനുസരിച്ച് ജീവിക്കാനും നമ്മെ സഹായിക്കുമെന്ന് ഡോ. ജോബി തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. തങ്ങളുടെ ജോലിക്കിടയിലും ദൈവശാസ്ത്ര പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവരെ അദ്ദേഹം അഭിനന്ദിച്ചു.

ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഫാ. ഫിലിപ് കാവിയില്‍, ഡയറക്ടര്‍ ഫാ. ടോം ഒലിക്കാരോട്ട് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.