പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ മകരം തിരുനാളിന്റെ ഭാഗമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിൽ ജനലക്ഷങ്ങൾ പങ്കുചേർന്നു. ജാതിമതാതീതമായി ഭക്തർ സംഗമിച്ച തിരുനാളാഘോഷം കടലോരഗ്രാമത്തിൽ ജനസാഗരമായി. 18 ദിവസം നീളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്നലെ രാവിലെമുതൽ സംസ്ഥാനത്തും പുറത്തും നിന്നുള്ള വിശ്വാസികൾ ഒഴുകിയെത്തി. രാവിലെ 5.30 മുതൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. 11ന് സീറോ മലബാർ റീത്തിലെ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് തലശേരി ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി ക്ക് ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആയിരുന്നു മുഖ്യകാർമികൻ. 18ന് പുലർച്ചെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പഴയപള്ളിയുടെ അറ യിൽനിന്നു പുറത്തെടുത്തു പുതിയ പള്ളിയിൽ അലങ്കരിച്ച് കൂടിനുള്ളിൽ ദർശനത്തി നു വച്ചതോടെ ആരംഭിച്ച ജനത്തിരക്ക് പ്രധാന തിരുനാൾ ദിനത്തിൽ കൊടുമുടിയിലെത്തി. നാനാജാതി മതസ്ഥരായ ജനലക്ഷങ്ങളാണ് ഈ ദിനങ്ങളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അർത്തുങ്കലിലേക്ക് എത്തുന്നത്.