ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു വൈദികൻ.
ജോഷിമഠില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ അദ്ദേഹം ഓടിച്ചിരുന്ന വാഹനം മഞ്ഞുപാളിയില്‍ തെന്നി നിയന്ത്രണംവിട്ട് അഞ്ഞൂറ് അടിയിലധികം താഴ്‌ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു വൈദികര്‍ പുറത്തിറങ്ങി വണ്ടിയുടെ ചക്രത്തില്‍ തടവച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വൈദികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. മൂടൽമഞ്ഞ് മൂലം റോഡ് കാണാനാവാതെ വന്നതാണ് അപകടകാരണം. തിങ്കളാഴ്ച രാവിലെ എട്ടോടെ ബിജ്‌നോര്‍ രൂപതാ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലായി പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.