🗞🏵 *പത്തനംതിട്ട നഗരത്തില്‍ വന്‍ അഗ്നിബാധ.* നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്സ് കട എന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വണ്‍ ചിപ്സ്, ഹാശിം ചിപ്സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ പടര്‍ന്നു.
🗞🏵 *ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളർന്നുതാഴുന്നതു മൂലം ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന് മടക്കയാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു.* ബിജ്നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്യുന്ന കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്വിന് അബ്രാഹം പള്ളിത്താഴത്താണ് അനേകരുടെ കണ്ണീര് തുടച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ബിജ്നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരിന്ന അദ്ദേഹം ജോഷിമഠിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒറ്റയ്ക്കു യാത്ര തിരിച്ചപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
🗞🏵 *ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ വിജയിയെ കണ്ടെത്തി.* എന്നാൽ ഭാഗ്യശാലിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല. 16 കോടിയുടെ ഒന്നാം സമ്മാനാത്തിനർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചതിനെ തുടർന്നാണിത്. ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നൽകിയാലും വിവരങ്ങൾ ലഭിക്കില്ല.
🗞🏵 *നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു.* ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ശനിയാഴ്ച അഞ്ച് മണിക്ക് മുൻപായി പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്.
🗞🏵 *സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.* ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര സാഹചര്യത്തില്‍ അതിന്റെ അന്വേഷണം, തുടര്‍നടപടികള്‍, റിപ്പോട്ടിങ് എന്നിവ നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ടാസ്ക് ഫോഴ്സിന്റെ ഉത്തരവാദിത്വമായിരിക്കും.
🗞🏵 *ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രി ക്രിസ് ഹിപ്കിൻസിന്റെ പേര് നിർദേശിക്കാനൊരുങ്ങി ഭരണകക്ഷിയായ ലേബർ പാർട്ടി.* ഞായറാഴ്ച നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഹിപ്കിൻസിനെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ജസിൻഡ ആർഡേന്റെ മന്ത്രിസഭയിലെ പ്രമുഖ അംഗവും പാർലമെന്ററി പാർട്ടി തലവനുമാണ് ഹിപ്കിൻസ്.
🗞🏵 *കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ ടെലി.* തിരുവനന്തപുരത്ത് കേരള സർക്കാർ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇവോൾവ് 2023 രണ്ടാം ദിവസത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാൻ കാത്തു നിൽക്കാതെ മലയാള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി സർക്കാർ മുന്നോട്ട്.* ബില്ലിന്റെ അടിസ്ഥാനത്തിൽ മലയാളം സർവകലാശാല വിസി നിയമനത്തിലുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു.
🗞🏵 *സംസ്ഥാനത്ത് അതിതീവ്ര ന്യൂനമർദ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
🗞🏵 *ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി.* ഗൂഢാലോചനക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയന്, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11-ാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി.എസ്. ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍, വി.കെ.മൈന എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റീസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
🗞🏵 *വിമാനത്തില്‍ സഹയാത്രികയ്ക്ക്മേല് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ.* സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന മുഖ്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
🗞🏵 *ടെക് ഭീമൻമാരായ ഗൂഗിളും കൂട്ടപ്പിരിച്ചുവിടലിന്.* 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബെറ്റ് അറിയിച്ചു. ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് പറഞ്ഞുവിടുന്നത്.സാമ്പത്തിക മേഖലയിലെ മാറ്റം സാധ്യത മുൻനിർത്തിയാണ് തീരുമാനമെന്ന് സിഇഒ സുന്ദർ പിച്ചെ പറഞ്ഞു
🗞🏵 *കെ.വി.തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.* കാബിനറ്റ് റാങ്കോടെയാകും നിയമനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളത്തിന്റെയും മറ്റ് അനുകൂല്യങ്ങളുടെയും വിശദാംശങ്ങൾ ഉത്തരവിൽ പറഞ്ഞിട്ടില്ല.
🗞🏵 *ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.* ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിശോധനകൾ നടത്താൻ കഴിയണം.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂർ ബുഹാരീസ് ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും.
🗞🏵 *യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.* ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ച് നടന്ന സംഭവത്തിൽ കാറുകള്‍ തട്ടിയതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിതിന് പിന്നാലെ, യുവാവിനെ ബോണറ്റില്‍ വച്ച് യുവതി വേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
🗞🏵 *കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്ന് ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര.* കോവിഡ് മഹാമാരിയും അമേരിക്കയുടെ ഉപരോധവും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് അലൈഡ ഗുവേര വ്യക്തമാക്കി.
🗞🏵 *ഡൽഹിയിലെ പല ഭാഗങ്ങളിലും ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.* വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സിഖ് ഫോർ ജസ്റ്റിസ്”, “ഖാലിസ്ഥാനി സിന്ദാബാദ്”, “റഫറണ്ടം 2020” എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
🗞🏵 *പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും ചെയ്ത ഹോട്ടലിലിനെതിരെ നടപടി.* തൃശൂര്‍ എംജി റോഡിലെ ബൂഹാരി ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്കി.
🗞🏵 *കോളേജ് യൂണിയന് പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് എതിരെ ലോ കോളേജ് അധികൃതര്‍ നടപടിയെടുത്തു.* സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തു. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന്.
🗞🏵 *മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തു.* ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട് തകർത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്.
🗞🏵 *ജനവാസ മേഖലയിലിറങ്ങുന്ന പിടി 7 കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.* 25 അംഗ വയനാട് ടീമും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.സംഘത്തലവൻ ഡോ.അരുണിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.
🗞🏵 *പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കണ്മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടന്‍ കത്തോലിക്ക വൈദികന് ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു.* 1994-ല്‍ ഗോത്രവര്‍ഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാര്‍സെല്‍ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാര്‍സെല്‍ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലന് ക്രിസ്തുവില്‍ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തില്‍ ചേരുകയുമായിരിന്നു.
🗞🏵 *ഇംഗ്ലണ്ടിലെ ബോർണെമൗത്തിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിച്ച മുൻ സൈനിക ഉദ്യോഗസ്ഥന് പിഴ ശിക്ഷ.* സാമൂഹ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഏതാനും മിനിറ്റുകൾ നിശബ്ദതയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആദം സ്മിത്തിന്റെ സമീപത്തെത്തി അദ്ദേഹത്തെ പ്രാർത്ഥിക്കുന്നത് തടഞ്ഞു പിഴ ഈടാക്കിയത് . എന്താണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, തന്റെ മരിച്ചുപോയ മകന് വേണ്ടി പ്രാർത്ഥിക്കുകയാണ് എന്ന ഉത്തരമാണ് ആദം നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*ഇന്നത്തെ വചനം*
അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന് സിനഗോഗില്‍ പ്രവേ ശിച്ചു പഠിപ്പിച്ചു.
അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് അവന് പഠിപ്പിച്ചത്.
അശുദ്ധാത്മാവു ബാധി ച്ചഒരുവന്‍ അവിടെ ഉണ്ടായിരുന്നു.
അവന് അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്.
യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.
അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന് ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.
അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
മര്‍ക്കോസ് 1 : 21-28
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*വചന വിചിന്തനം*
അധികാരത്തോടെയുള്ള പുതിയ പ്രബോധനം നൽകിയത് ഈശോയാണ്. കാരണം അവിടന്ന് യഹൂദ റബിമാരെപ്പോലെയായിരുന്നില്ല. റബിമാർ പ്രബോധനം നൽകുക മാത്രം ചെയ്തപ്പോൾ ഈശോ വചനം പ്രയോഗിച്ചു. അവിടന്ന് വചനം ജീവിച്ചു. അവിടന്ന് വചനം ഉപയോഗിച്ച് പിശാചുക്കളെ പുറത്താക്കുക മാത്രമല്ല ചെയ്തത്. വചനം ജീവിച്ചുകൊണ്ട് മാതൃകകാട്ടി. ഈശോയുടെ ആധികാരികത ദൈവമെന്ന ആധികാരികതയും മനുഷ്യനെന്ന നിലയിൽ വചനാധിഷ്ഠിത ജീവിതത്തിൻ്റെ ആധികാരികതയുമാണ്. അവൻ്റെ മനുഷ്യജീവിതത്തിൻ്റെ ആധികാരികത സ്വന്തമാക്കാൻ നമുക്കും ശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*