ബസില്‍ കയറുന്നതിനിടെ താഴെവീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുറ്റിക്കാട്ടൂരിലെ സ്‌കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തില്‍പ്പെട്ടത്. ബസ് കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതിരിക്കാന്‍ ആളുകള്‍ കയറിക്കഴിയുംമുന്‍പ് മുമ്പ് ബസ് ധൃതിപിടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കയറുന്നതിനു മുമ്പേ ബസ് എടുത്തതിനെ തുടര്‍ന്ന് ബസിനടയിലേക്ക് സ്ത്രീ വീഴുകയായിരുന്നു. സമീപത്തുള്ള കുട്ടികളടക്കം നിലവിളിച്ചതോടെ ബസ് ഉടന്‍ ബ്രേക്കിട്ടു. പിന്‍ചക്രം സ്ത്രീയുടെ ദേഹത്ത് തട്ടുന്നതിന് തൊട്ടുമുമ്പ് ബസ് നിന്നത് വലിയ അപകടം ഒഴിവാക്കി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പ് ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുന്ന എക്‌സ്‌പോഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. ഇത്തരത്തില്‍ കുട്ടികളെ കയറ്റാതിരിക്കാന്‍ ധൃതിപിടിച്ച് ബസ് എടുക്കുന്നതുമൂലമുള്ള അപകടം പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.