🗞🏵 *കോവിഡ് ഭീതി വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി.* സംസ്ഥാന ആരോഗ്യ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും ,മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും കർശന നിര്‍ദ്ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.
🗞🏵 *ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതി കൊളീജിയവും തമ്മിലുള്ള തർക്കം മുറുകുന്നു.* കൊളീജിയത്തിൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നു കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് നിയമമന്ത്രി കിരൺ റിജിജു കത്തയച്ചു. എന്നാൽ, സർക്കാർ പ്രതിനിധിയെ വെക്കുന്നതിനോട് സുപ്രീംകോടതി യോജിപ്പില്ല.
🗞🏵 *സംരക്ഷിത വനങ്ങളോടും ദേശീയ പാർക്കുകളോടും ചേർന്ന് ഒരു കിലോമീറ്റർ ബഫർ സോണ്‍ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ ഇളവും വ്യക്തതയും തേടി നൽകിയ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു.* മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിശ്ചയിക്കും. വിധിയിൽ ഇളവു തേടി കേന്ദ്രസർക്കാരും കേരളവും കർഷക സംഘടനകളും നൽകിയ ഹർജികളാണ് മൂന്നംഗ ബെഞ്ചിനു വിട്ടിരിക്കുന്നത്.
🗞🏵 *സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 123 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു.* കാട്ടാന, കടുവ, പന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിലാണ് ഏറെ മരണവും. ഏറ്റവും അവസാനമായി മരിച്ചത് കടുവയുടെ ആക്രമണത്തില്‍ വയനാട് മക്കിയാട് പുതുശേരി വെള്ളാരംകുന്നിലെ പള്ളിപ്പുറത്ത് തോമസ് (50) ആണ്.
🗞🏵 *സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു.* കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.
🗞🏵 *ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവിഅൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്തു.* അൻവർ പ്രതിയായ ക്രഷർ തട്ടിപ്പുകേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതി തള്ളി അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പ്രവാസി എൻജിനീയറിൽ നിന്നു പണം വാങ്ങി കബളിപ്പിച്ചതായാണ് കേസ്.
🗞🏵 *ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.* റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും
🗞🏵 *സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി.* ആലപ്പുഴ സിപിഎമ്മില്‍ നിന്ന് തന്നെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സോണയ്ക്ക് എതിരെയുള്ള ആരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന വീഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.
🗞🏵 *കൊല്ലം ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന് ഉറപ്പെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.* പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആറ് മണിക്കൂർ മാത്രമേ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം ഉണ്ടാകൂ അതിന് ശേഷം അത് ഓക്സിജൻ ആയി മാറും.
🗞🏵 *ശബരിമലയിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ജോലിയിൽ നിന്നുമാറ്റി.* തിരുവനന്തപുരം സ്വദേശി വാച്ചർ അരുണിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്.
🗞🏵 *ഈ വർഷം നടക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുതെന്നും 2023 പ്രധാനമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ.* തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവേ അദ്ദേഹം നിർദ്ദേശം നൽകി.
🗞🏵 *രാജ്യത്ത് വ്യോമസേനയുടെ നേതൃത്വത്തിലുളള റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ തുടരുന്ന സാഹചര്യത്തിൽ ചില റൂട്ടുകളിലെ വിമാന സർവീസുകൾ റദ്ദ് ചെയ്ത് എയർ ഇന്ത്യ.* ഡൽഹി എയർപോർട്ട് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ജനുവരി 19 മുതൽ 24 വരെയും, റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10: 30 മുതൽ ഉച്ചയ്ക്ക് 12: 45 വരെയും ഡൽഹിയിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദ് ചെയ്യുന്നത്. അതേസമയം, നിശ്ചിത സമയപരിധിക്ക് മുമ്പോ ശേഷമോ നടത്തുന്ന സർവീസുകൾക്ക് മാറ്റമുണ്ടാകില്ല.
🗞🏵 *രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് തുടക്കമായി.* ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടികള്‍. അതിത്ഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ലക്ഷ്യം.
🗞🏵 *കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.* പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ സമാന രീതിയില്‍ പത്തോളം പെണ്‍കുട്ടികളെയാണ് അക്രമിസംഘം ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
🗞🏵 *മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം.* കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.
🗞🏵 *കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി.* 2.2 കിലോ സ്വർണം ആണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽ നിന്ന് എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി സജിത ബിജു, ഷാർജയിൽ നിന്ന് എത്തിയ തമിഴ്‌നാട് ട്രിച്ചി സ്വദേശി കാദർ ബാഷ ഫാറൂഖ് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
🗞🏵 *ക്ലാസിൽവച്ച് അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരുകേസ് കൂടി റജിസ്റ്റർ ചെയ്തു.* ഇതോടെ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകൻ എം ഫൈസലി(52) നെതിരെ 27 കേസുകൾ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.ക്ലാസ് സമയങ്ങളിലാണ് ഇയാൾ വിദ്യാർത്ഥിനികളെ ഉപദ്രവിച്ചത്. ഇതു തുടർന്നപ്പോൾ ഇയാളുടെ ക്ലാസിൽ നിന്നു മാറണമെന്ന് ചില വിദ്യാർത്ഥിനികൾ മറ്റ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, സ്കൂൾ അധികൃതർ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിനു വിധേയമാക്കിപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
🗞🏵 *കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.* പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.
🗞🏵 *പോലീസ്- ഗുണ്ടാ റിയല്‍ എസ്റ്റേറ്റ് ബന്ധത്തില്‍ കൂടുതല്‍ നടപടി.* മൂന്ന് ഇന്‍സ്പെക്ടര്‍മാരെയും ഒരു എസ്ഐയെയും കൂടി സസ്പെന്‍ഡ് ചെയ്തു. മംഗലപുരം ഇന്‍സ്പെക്ടര്‍ സജേഷ്, പേട്ട ഇന്‍സ്പെക്ടര്‍ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, തിരുവല്ലം എസ്ഐ സതീഷ് കുമാർ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
🗞🏵 *ഹൈക്കോടതിയിലെ കേസിന്റെ തെളിവിനായി കൊണ്ടുപോകേണ്ട, വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകളടക്കമുള്ള പെട്ടി കാണാതായി.* പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച “പ്രത്യേക വോട്ടുകളുടെ ’ രണ്ടു പെട്ടിയിലൊന്നാണു കാണാതായത്.ഏറെ അന്വേഷണങ്ങൾക്കൊടുവിൽ രണ്ടു മണിക്കൂറിനു ശേഷം മലപ്പുറം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ പെട്ടി കണ്ടെത്തി.
🗞🏵 *2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.* “കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും” എന്നതാണ് അഞ്ചാമത് അസംബ്ലിയുടെ വിചിന്തന വിഷയം
🗞🏵 *ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു.* നൈജര്‍ സംസ്ഥാനത്തിലെ മിന്നാ രൂപതയിലെ സെന്റ് കഫിന്‍ കോരോയിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക്ക് അച്ചിയെ അക്രമികള്‍ അഗ്നിയ്ക്കിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഇടവക റെക്ടറിയും അഗ്നിക്കിരയായി. ഇന്നലെ ജനുവരി 15 പുലര്‍ച്ചെ 3 മണിയ്ക്കായിരിന്നു സംഭവം. ഫാ. അച്ചിയോടൊപ്പമുണ്ടായിരുന്ന ഫാ. കോളിന്‍സ് ഒമേക്ക് വെടിയേറ്റുവെങ്കിലും ഒരുവിധം രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2021-ല്‍ ഇതേ ദിവസം ഇതേ രൂപതയില്‍ തന്നെ വൈദികനായ ഫാ. ജോണ്‍ഗബാകനും കൊല്ലപ്പെട്ടിരുന്നു.
🗞🏵 *ക്രൈസ്തവരെ ശത്രുക്കളേപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി.* ബെനിന്‍, കോംഗോ, മൊസാംബിക്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ് ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സി’ന്റെ 2023-ലെ ‘ഗ്ലോബല്‍ പ്രെയര്‍ ഗൈഡ്’ എന്ന വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1997 മുതല്‍ ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’.
🗞🏵 *മധ്യ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്ക് – കിഴക്കന്‍ ഭാഗമായ കസിൻഡി ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നു.* നിലവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മരണസംഖ്യ പത്തായി ഉയര്‍ന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുൻ റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ അഞ്ചായിരിന്നു. എണ്ണം ഇനിയും വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ട്. ഇതിനിടെ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റിന്റെ (ദായേഷ്) മധ്യ-ആഫ്രിക്കന്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രോവിന്‍സ് ഏറ്റെടുത്തു
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ഇന്നത്തെ വചനം*
ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.
എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
എന്നില്‍ വസിക്കാത്തവന്‍മുറി ച്ചശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.
പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍.
ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പന കള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.
യോഹന്നാന്‍ 15 : 1-10
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*വചന വിചിന്തനം*
ഈശോയോട് ചേർന്നു നിൽക്കണം. ഈശോ പിതാവിനോട് ചേർന്നു നിൽക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഗാഢബന്ധമാണ് സഭയിൽ വിശ്വാസികൾ സ്വീകരിക്കേണ്ട മാതൃക. സ്നേഹം തന്നെയായ ദൈവത്തിന് സാക്ഷ്യം നൽകേണ്ടത് ഐക്യത്തിലും സ്നേഹത്തിലുമായിരിക്കണം. തായ് തണ്ടിനോട് ചേർന്നു നിൽക്കാത്ത ശാഖകൾ ഉണങ്ങി പോകുന്നതുപോലെ സഭയുടെ ഐക്യത്തിൽ നിന്നുള്ള പിൻമാറ്റം ക്രൈസ്തവ സമൂഹത്തെ ശുഷ്ക്കമാക്കുകയും അവയുടെ നാശത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. മുന്തിരി ചെടിയും ശാഖകളും എന്നതുപോലെ തായ് തണ്ടിനോട് ചേർന്നു നിൽക്കുന്ന ക്രിസ്തീയ ജീവിതമാകട്ടെ നമ്മുടെ ലക്ഷ്യം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*