ശമ്പള പ്രശ്‌നത്തില്‍ കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ സമരം. പ്രതിപക്ഷ യൂണിയനായ ടിഡിഎഫാണ് ചീഫ് ഓഫീസിനു മുമ്പില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചത്.
കഴിഞ്ഞ മാസത്തെ ശമ്പളമാണ് ഇപ്പോള്‍ കുടിശികയായിരിക്കുന്നത്. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തില്‍ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നല്‍കാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാന്‍ ആയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസിലാക്കാത്തത് പിണറായി സര്‍ക്കാരിനും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂര്‍ രവി ആരോപിച്ചു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തുമെന്നും വിന്‍സന്റ് എംഎല്‍എ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ക്രിസ്മസ് അവധിക്കാലത്ത് റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട് 90.41 കോടി വരുമാനമാണ് നേടിയത്. ഡിസംബര്‍മാസ വരുമാനം 222.32 കോടിയെന്ന സര്‍വകാല റെക്കോഡിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ കെഎസ്ആര്‍ടിസി 200 കോടി തികച്ചിട്ടില്ല.