*ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി.* ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 125 കര്‍ദ്ദിനാളുമാര്‍, നാനൂറിലധികം മെത്രാന്മാര്‍, 3700-ലധികം വൈദികർ ഭാഗഭാക്കായി. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ നേരിട്ടു പങ്കെടുത്തു.
*പൊതുവിദ്യാലയങ്ങളിൽ കുട്ടികളിലുണ്ടായ വർധനയ്ക്ക് ആനുപാതികമായി ക്ലാസ് ഡിവിഷനുകളും അധ്യാപകരുടെ എണ്ണവും വർധിപ്പിക്കണമെന്ന് കണ്ടെത്തൽ.* ഒന്നുമുതൽ പത്തുവരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ തലയെണ്ണിയപ്പോൾ 2,664 പുതിയ ഡിവിഷനുകൾ വേണമെന്നാണ് കണ്ടെത്തിയത്. ഇത്രയും ഡിവിഷനുകളിലേക്കായി 7000 അധ്യാപക തസ്തികകൾ വേണ്ടിവരും. 2022-’23- അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ 1,19,981 കുട്ടികളാണ് പുതുതായി അധികമായി എത്തിയത്.
*ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇക്കോ സെൻസിറ്റീവ് സോണിൽ ഇതുവരെ കണ്ടെത്തിയത് വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ ലക്ഷത്തിലധികം നിർമിതികൾ.* ഉപഗ്രഹ സർവേയിലൂടെ കണ്ടെത്തിയ 49,000 നിർമിതികൾ എന്നതാണ് തുടർന്നുള്ള പരിശോധനയിൽ ഒരുലക്ഷത്തിനു മുകളിൽ എത്തിച്ചേർന്നത്. ജനങ്ങൾ തുടക്കത്തിൽത്തന്നെ ഉയർത്തിയ ആശങ്കകൾ പൂർണമായും ശരിവയ്ക്കുന്ന കണക്കുകളാണിത്.
*സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും ആവർത്തിച്ച് ഹൈക്കോടതി.* സര്‍വീസ് റൂളിനും പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമായി സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശനനടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി.
*സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.* വ്യാഴാഴ്ച 545 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 32 എണ്ണം അടപ്പിച്ചു. ഇതിൽ 14 എണ്ണം വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങളാണ്. ലൈസൻസ് ഇല്ലാത്ത 18 സ്ഥാപനങ്ങളുടേയും പ്രവർത്തനം നിർത്തിവയ്പിച്ചു. 177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
*രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.* ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. ഭൂനിരപ്പിൽ നിന്ന് 189 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉറവിടം.
*ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.* ജില്ല ഭരണകൂടത്തിനും റെയിൽവേയ്ക്കും അർധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ചു കുടിയൊഴിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഡിസംബർ 20ന് ഉത്തരഖണ്ഡ് ഹൈക്കോടതി വിധിച്ചത്. എന്നാൽ വിഷയം മനുഷ്യത്വപരമായി കാണണമെന്നാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ് ഓക തുടങ്ങിയവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്.
*രാജ്യത്ത് കോവിഡ് സംബന്ധിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.* സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു
*സംസ്ഥാനതലത്തില്‍ അപ്രതീക്ഷിത ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.* ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
*ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷത്തിലെത്തുന്ന പത്താൻ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി.* വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിനു മാറ്റമില്ല. ഗാനരംഗത്തിലെ ചില ദൃശ്യങ്ങൾ മാത്രം മാറ്റി. ചില വാചകങ്ങൾക്കും മാറ്റം വരുത്തി. സിനിമയ്ക്ക് യുഎ സർട്ടിഫിക്കാണ് അനുവദിച്ചത്.
*ചില സിനിമകൾ അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ നഖശിഖാന്തം എതിർക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.* സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
*തിരുവനന്തപുരം കിളിപ്പാലത്ത് സിഗ്നല്‍ കാത്തുനിന്ന ബെെക്കുകള്‍ക്ക് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുകയറി.* നാല് ബെെക്കുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ബസ് ഇടിച്ചത്. ഒരു ബെെക്ക് ബസിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ഇടിച്ച കെ എസ് ആര്‍ ടി സി ബസിനും ബെെക്കുകള്‍ക്കും കേടുപാടുണ്ടായി.
*ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.
*ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ കൂടുതലായി ക്രൂഡ് ഓയിൽ കയറ്റി അയച്ച് റഷ്യ.* ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്കും ചൈനയിലേക്കും കുറഞ്ഞ നിരക്കിൽ കയറ്റി അയക്കുന്നത്. കഴിഞ്ഞ മാസം യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതോടെയാണ് റഷ്യയുടെ പുതിയ നീക്കം. വിവിധ ഗ്രേഡുകളിലുള്ള ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ ഇന്ത്യയ്ക്കു വിൽക്കാൻ റഷ്യ തയാറാണെന്നാണ് ഇന്ത്യൻ റിഫൈനറി അധികൃതർ നൽകുന്ന സൂചന.
*വധുവിന്‍റെ വീട്ടുകാർ സ്ത്രീധനമായി ഫോർച്യൂണർ കാർ നൽകാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.* ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ വധുവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, സർക്കാർ കോളജ് അധ്യാപകനായ വരനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
*അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിനം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* 2024 ജനുവരി ഒന്നിന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ത്രിപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി. ‘രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്ന് കോൺഗ്രസ് കോടതികൾ കയറിയിറങ്ങി. സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം നിർമ്മിക്കാൻ ശിലയിടുകയായിരുന്നു,’ അമിത് ഷാ പറഞ്ഞു.
*ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റ് സെല്ലിന്റെ തലവനായ അഹമ്മദ് അഹാംഗറിനെ കേന്ദ്രസർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചു.* നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജനിച്ച അബു ഉസ്മാൻ അൽ-കാശ്മീരി എന്ന അഹമ്മദ് അഹാംഗർ, നിലവിൽ അഫ്ഗാനിസ്ഥാനിലാണ് താമസം. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീരിന്റെ മുഖ്യ റിക്രൂട്ടർമാരിൽ ഒരാളാണ് അഹമ്മദ് അഹാംഗർ. രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തിരയുന്ന ഭീകരനാണ് ഇയാൾ.
*ഉത്തരാഖണ്ഡിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും ഇടിഞ്ഞുതാഴുന്നതും തുടരുന്നു*. ഇതുമൂലം ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തില്‍ 561 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. വീടുകളിലെ കേടുപാടുകള്‍ കാരണം ഇതുവരെ 66 കുടുംബങ്ങള്‍ ജോഷിമഠില്‍നിന്ന് താമസം മാറി.
*ഫുട്‌ബോളിനുപിന്നാലെ ഹോക്കിയിലും ലോകകപ്പിന്റെ ആവേശം.* ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയർ. ഒഡിഷയിലെ റൂർക്കലയും ഭുവനേശ്വറുമാണ് വേദികൾ. പതിനാറ് ടീമുകൾ നാല് ഗ്രൂപ്പിലായി അണിനിരക്കും. ഇന്ത്യക്കൊപ്പം ഡി ഗ്രൂപ്പിൽ സ്‌പെയ്‌ൻ, ഇംഗ്ലണ്ട്, വെയ്‌ൽസ് ടീമുകളാണുള്ളത്. എ ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, അർജന്റീന. ബി ഗ്രൂപ്പിൽ ബൽജിയം, ജപ്പാൻ, ദക്ഷിണകൊറിയ, ജർമനി. സി ഗ്രൂപ്പിൽ നെതർലൻഡ്‌സ്, ചിലി, മലേഷ്യ, ന്യൂസിലൻഡ് എന്നിവരാണുള്ളത്. ഇത്തവണ പതിനഞ്ചാം ലോകകപ്പാണ്.
*കാഞ്ചവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട്.* യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണിപ്പോള്‍ അഞ്ജലിയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അഞ്ജലിയും നിധിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് സുഹൃത്ത് നിധി അഞ്ജലിയുടെ കൂടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
*ആലുവയിൽ ഹോട്ടലിൽ തീപിടുത്തം.* കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.ഓല കൊണ്ടു നിർമിച്ച മേൽക്കൂരയാണ് കത്തിയത്. തുടർന്ന്, നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.
*ബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്.* സില്‍ഗുരിയിലാണ് സംഭവം. രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ ഭര്‍ത്താവ് മൊഹ്ദ് അന്‍സറുള്‍ കൊലപ്പെടുത്തിയത്.
*ഏറ്റുമാനൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ.* നീണ്ടൂർ സ്വദേശി ലൈബു കെ. സാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പത്ത് കിലോ കഞ്ചാവും 0.5 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്
*ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യയിലെ എല്ലാ കർദ്ദിനാൾമാരും സിബിസിഐ പ്രസിഡന്റും പങ്കെടുത്തു.* സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, ആന്റണി പൂല, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ സംബന്ധിച്ചു.
*ഇന്നത്തെ വചനം*
യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു.
ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.
മത്തായി 3 : 13-17
*വചന വിചിന്തനം*
വെളിപാടിൻ്റെ പൂർണത ഈശോമിശിഹായാണ്. അവിടത്തെ മനുഷ്യാവതാരം വഴി ദൈവത്തെ നമുക്ക് പൂർണമായും കാണാനും കേൾക്കാനും അനുഭവിക്കാനും അറിയാനും ദിവ്യകാരുണ്യമായി ഉള്ളിൽ സ്വീകരിക്കാനും സാധിക്കുന്നു. ദനഹായിൽ ദൈവം ത്രിത്വമാണെന്ന് നമുക്ക് വെളിപ്പെടുന്നു. ഇതിനപ്പുറത്ത് ഒരു വെളിപാട് മനുഷ്യന് ലഭിക്കാനില്ല. അതിനാൽ ഈശോയാണ് വെളിപാടിൻ്റെ പൂർണത. സ്വകാര്യ വെളിപാടുകൾ വീണ്ടും ഉണ്ടാകാം എന്നാൽ അവ ഒരിക്കലും ഈശോയിലൂടെയുള്ള വെളിപാടിന് വിരുദ്ധമാകാൻ പാടില്ല. ദനഹായിലൂടെ വെളിപ്പെടുന്ന ത്രിത്വാത്മകതയും ഈശോയുടെ ദൈവത്വവും നമുക്ക് ആഴമായി വിശ്വസിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്യാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*