*സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പം.* ബിൽ നിയമമാകണമെങ്കിൽ അതിൽ ഗവർണർ ഒപ്പിടണം. എന്നാൽ, ഇതുവരെയും ഗവർണറുടെ അംഗീകാരത്തിനായി ഈ ബിൽ രാജ്ഭവനിലേക്ക് അയച്ചിട്ടില്ല.
*ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽവെച്ച് വീണു പരിക്കേറ്റു.* ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. പാർലമെന്‍റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ വഴുതി വീണതെന്നും ശശി തരൂർ വ്യക്തമാക്കി. വീഴ്ചയിൽ കാൽ ഉളുക്കിയത് ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന മൂർച്ഛിച്ചതോടെ ചികിത്സ തേടുകയായിരുന്നുവെന്നും ശശി തരൂർ അറിയിച്ചു.
*കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി.* വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തായിരുന്നു സരിത സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
*യുക്രെയ്നിൽ വൻ ആക്രമണം നടത്താൻ റഷ്യ ഒരുക്കം കൂട്ടുന്നതായി റിപ്പോർട്ട്.* ജനുവരിയിലോ ഫെബ്രുവരിയിലോ കരയാക്രമണം ഉണ്ടാകാമെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലക്സി റെസ്നിക്കോവും സൈനിക ഉദ്യോഗസ്ഥരും മുന്നറിയിപ്പു നല്‍കി.കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിൽ വൻ തിരിച്ചടികൾ നേരിട്ടെങ്കിലും റഷ്യ പിന്തിരിയാൻ ഒരുക്കമല്ലെന്നാണു വിലയിരുത്തൽ.
*വിവാഹം, വിവാഹമോചനം തുടങ്ങിയവയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കു നിയമം പാസാക്കാമെന്ന് കേന്ദ്ര നിയമമന്ത്രി.* ഏകീകൃത സിവിൽ കോഡിനായി സംസ്ഥാനങ്ങൾ നിയമം പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കിരണ്‍ റിജിജു സംസ്ഥാനങ്ങളുടെ അധികാരം വ്യക്തമാക്കിയത്.
*ബ്രിട്ടനിൽ കോട്ടയം വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവും മക്കളും കൊല്ലപ്പെട്ടു.* ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചേലവാലേൽ സാജു (52) വിനെ ബ്രിട്ടനിലെ നോർത്താംപ്റ്റൺഷെയർ പോലീസ് അറസ്റ്റ് ചെയ്തു. സാജുവിന്റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (ആറ്), ജാൻവി (മൂന്നര) എന്നിവരാണു മരിച്ചത്.
*ഭൂമിയുടെ പട്ടയവിതരണത്തിനു വിലങ്ങുതടിയാകുന്ന ചുവപ്പുനാടയിലെ കുരുക്കഴിക്കാൻ തഹസിൽദാർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ മേഖലാ യോഗങ്ങൾ വിളിച്ച് റവന്യു മന്ത്രി.* നിസാര കാരണങ്ങളുടെ പേരിൽ വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന പട്ടയവിതരണത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു മൂന്നു മേഖലകളിലായി യോഗം വിളിക്കാൻ തീരുമാനിച്ചത്.
*വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന് കാരണത്താൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ.* കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.വോട്ടർ ഐഡി കാർഡും ആധാറുമായി ബന്ധിപ്പക്കണം എന്നത് നിർബന്ധമല്ല.
*ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിക്കുന്നതിനായുള്ള വിൽപന നികുതി നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു.* വിൽപന നികുതിയിൽ നാലു ശതമാനം വർധനയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്ക് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു വിലവർധന പ്രാബല്യത്തിൽ വരും. ഇതോടെ കേരളത്തിൽ വിദേശമദ്യത്തിന്റെ നികുതി 251 ശതമാനമായി ഉയരും.
*ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി.* ചൊവ്വാഴ്ച നടന്ന ദുരന്തത്തിൽ വ്യാഴാഴ്ച അഞ്ച്പേർ കൂടി മരിച്ചു. ചികിത്സയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
*ഉത്തർപ്രദേശിലെ കാൺപൂരിൽ സൈക്കിൾ സീറ്റ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം.* അപകടത്തിൽ മൂന്ന്‍ പേർ മരിക്കുകയും രണ്ട് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.ഫസൽ ഗഞ്ച് ഗദാരിയൻ പുർവ മേഖലയിലാണ് തീപിടിത്തമുണ്ടായത്
*ചെന്നൈ വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി കെനിയന്‍ യുവതി അറസ്റ്റില്‍.* ഇവരില്‍ നിന്നും 6.31 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി.
ഷാര്‍ജയില്‍ നിന്നുമെത്തിയ ഇവരെ കസ്റ്റംസാണ് അറസ്റ്റ് ചെയ്തത്. 902 ഗ്രാം ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
*മലപ്പുറത്ത് ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.* കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) അറസ്റ്റിലായത്.
*സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് നിര്‍ദ്ദേശം.* സെക്രട്ടേറിയറ്റിലും കളക്ട്രറേറ്റുകളിലും വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഒന്നാം തീയതി മുതല്‍ പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന്, ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകിയത്.
*മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു.* മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ കൂക്കിവിളിച്ചു.
പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്.
*മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം.* കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി രാവിലെയോടെയായിരുന്നു സംഭവം. രാവിലെ കുരുമുളക് പറിക്കാൻ തോട്ടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. ഇതിനിടെ കുറുക്കൻ ജോസുകുട്ടിയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു
*സമൂഹമാധ്യമത്തിലൂടെ സൈനികരെ അപമാനിച്ച സപ്ലൈകോ ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ സസ്‌പെൻഡ് ചെയ്തു.* സപ്ലൈകോ തിരുവനന്തപുരം മേഖലാ കാര്യാലയത്തിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെതിരെയാണ് നടപടി. അന്വേഷണവിധേയമായാണ് നടപടി. സൈനികരെ നായ്‌ക്കളോട് ഉപമിച്ചായിരുന്നു സുജയ് കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സപ്ലൈകോ ജീവനക്കാരനായ ഇയാൾ വർക്ക് അറേഞ്ചിലൂടെയാണ് ജി ആർ അനിലിന്റെ ഓഫീസിൽ ഡ്രൈവറായത്.
*ചാരിറ്റിയുടെ മറവില്‍ കിടപ്പ് രോഗിയില്‍ നിന്നും തട്ടിയ പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് യുട്യൂബ് ചാനലിലെ പ്രതികളുടെ ശ്രമം.* കിടപ്പ് രോഗിയായ ഷിജുവില്‍ നിന്ന് തട്ടിയെടുത്ത ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയാണ് തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് സംഘം നീക്കം നടത്തിയത്. പോത്തന്‍കോട് പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയത്.
*പാലക്കാട് ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിയിലായി.* കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.9 കിലോഗ്രാം കഞ്ചാവും പിടികൂടി.
ആസാം സ്വദേശികളായ ചമത് അലി (26), ഇൻസമാമുൾ ഹഖ് (18) എന്നിവരെയാണ് പിടികൂടിയത്.
*വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.* മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് എറണാകുളം പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യമായ ലക്സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പുത്തൻവേലിക്കര തുരുത്തൂർ സ്വദേശിയായ യുവതിയെയാണ് ഇയാള്‍ കബളിപ്പിച്ചത്. യുവതിയിൽ നിന്നും പല പ്രാവശ്യമായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു.
*കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി, മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.* ഇത് സംസ്ഥാനത്തെ റോഡ് വികസനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
*റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഫോൺ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
*ഞായറാഴ്ച ഖത്തറിൽ ഫ്രാൻസും, അർജൻറീനയുമായി ഫിഫ ലോകകപ്പിന്റെ ഫൈനൽ നടക്കാനിരിക്കെ ഫ്രഞ്ച് താരം ഒലിവിയർ ജിറൂഡിന്റെ ക്രിസ്തീയ സാക്ഷ്യം നവമാധ്യമങ്ങളിലെ ക്രൈസ്തവ പേജുകളില്‍ ചര്‍ച്ചയാകുന്നു.* ഒന്‍പതാം നമ്പർ ജേഴ്സിയിൽ കളിക്കുന്ന 36 വയസ്സുള്ള താരം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ മടിയില്ലാത്ത ആളാണ്. നവംബർ 22നു ഓസ്ട്രേലിയക്കെതിരെ വിജയം നേടിയതിനു ശേഷം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദൈവത്തിനു മാത്രം മഹത്വം എന്ന അർത്ഥമുള്ള സോളിഡിയോ ഗ്ലോറിയ എന്ന വാചകം ഫ്രഞ്ച് കളിക്കാരുടെ ചിത്രത്തിനൊപ്പം ഒലിവിയർ ജിറൂഡ് പോസ്റ്റ് ചെയ്തിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫ്രാൻസ് ജയിച്ച ആ മത്സരത്തിൽ രണ്ടു ഗോളുകളാണ് ഒലിവിയർ നേടിയത്.
*മെക്സിക്കന്‍ ക്രിസ്തുമസിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് ‘വത്തിക്കാനിലെ മെക്സിക്കന്‍ ക്രിസ്തുമസ് 2022’ എന്ന പരമ്പരാഗത ഫോട്ടോഗ്രാഫിക് പ്രദര്‍ശനത്തിന് ആരംഭം.* മെക്സിക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണാണ് ഇക്കൊല്ലത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 14നു ന്യൂവോ ലിയോണ്‍ ഗവര്‍ണര്‍ സാമുവല്‍ ഗാര്‍ഷ്യ സേപുള്‍വേഡക്കൊപ്പം വത്തിക്കാനിലെ മെക്സിക്കന്‍ അംബാസഡറായ ആല്‍ബര്‍ട്ടോ ബാരാങ്കോ ചവാരിയയും ചേര്‍ന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് നയിക്കുന്ന കണ്‍സിലിയേഷന്‍ റോഡിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
*ഇറാഖില്‍ മൂന്ന്‍ വര്‍ഷത്തിലധികം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി അധിനിവേശം മൂലം നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ ജന്മദേശത്ത് നിലനിറുത്തുന്നതിനായി ഹംഗറി നല്‍കിവരുന്ന പിന്തുണ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.* കഴിഞ്ഞയാഴ്ചത്തെ തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് ഹംഗേറിയന്‍ പ്രസിഡന്റ് കാറ്റലിൻ നോവാക്ക് മൊസൂളില്‍ നിന്നും 20 മൈല്‍ അകലെയുള്ള ടെല്‍സ്കുഫ് പട്ടണത്തിലെ സെന്റ് ജോര്‍ജ്ജ് കല്‍ദായ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ചതാണ് ഇറാഖി ക്രൈസ്തവര്‍ക്ക് ഹംഗറി നല്‍കിവരുന്ന സഹായങ്ങളെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായിരിക്കുന്നത്. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇറാഖിലെ ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കുഫ് പൂര്‍ണ്ണമായും പുനരുദ്ധരിച്ചത്.
*ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീന പ്രവേശിച്ചതോടെ നടക്കുന്ന വിശേഷണങ്ങളില്‍ തിരുത്തലുമായി അര്‍ജന്റീനയില്‍ നിന്നുള്ള കത്തോലിക്ക വൈദികന്‍.* ലോകത്ത് ഒരേയൊരു മിശിഹ ക്രിസ്തു മാത്രമേയുള്ളുവെന്നും, മെസ്സി കര്‍ത്താവ് രക്ഷിച്ചവരില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണെന്നും വൈദികനായ ഫാ. ക്രിസ്റ്റ്യന്‍ വിനാ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ മെസ്സിയെ മിശിഹ (രക്ഷകന്‍) എന്ന്‍ വിളിക്കുന്നത് പതിവായ സാഹചര്യത്തിലാണ് വൈദികന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.
*ഇന്നത്തെ വചനം*
ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.
അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതിനെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്‌ഷ്യം ആരും സ്വീകരിക്കുന്നില്ല.
അവന്റെ സാക്‌ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്‌ക്കുന്നു.
ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്‌മാവിനെ കൊടുക്കുന്നത്.
പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്‌തിരിക്കുന്നു.
പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്.
യോഹന്നാന്‍ 3 : 31-36
*വചന വിചിന്തനം*
നിത്യജീവൻ ദർശിക്കാൻ പുത്രനിൽ വിശ്വസിക്കണം. പുത്രൻ്റെ ദൈവത്വത്തിൽ വിശ്വസിക്കാത്തവർക്ക് നിത്യജീവന് അർഹതയില്ല. പുത്രൻ ഉന്നതത്തിൽ നിന്നു വന്നു എന്നതിൻ്റെ തെളിവ് അവിടന്ന് ഉന്നതത്തിലുളവയെക്കുറിച്ച് സംസാരിച്ചു എന്നതാണ്. എന്നാൽ പ്രവാചകൻ എന്ന് അവകാശപ്പെട്ടുവന്ന ചിലർ ഭൗമിക കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്. സ്വർഗത്തിലും ഭൂമിയിലെ സുഖസൗകര്യങ്ങളാണ് ഉയർന്ന തോതിൽ ലഭിക്കുക എന്ന് അവർ പറഞ്ഞുവച്ചു. അവർ ഭൗമിക കാര്യങ്ങൾ സംസാരിച്ചതിനാൽ അവർ ഭൂമിയിൽ നിന്നുള്ളവരും ഭൂമിയുടേതും ആണ് എന്ന് മനസിലാക്കാം. എന്നാൽ മിശിഹാ ഉന്നതത്തിൽ നിന്നുള്ള ദൈവപുത്രനാണ്. അവനിൽ വിശ്വസിക്കുന്നവരും ഉന്നത ത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*