ആറു സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭ ചർച്ചയ്ക്കെടുത്തു. ചർച്ചകൾക്കുശേഷം ബിൽ സഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. 

വൈസ് ചാൻസലറുടെ ഒഴിവുണ്ടാകുമ്പോൾ പ്രോ വൈസ് ചാൻസലർക്ക് ചുമതല നൽകുകയോ മറ്റേതെങ്കിലും സർവകലാശാലകളുടെ വിസിക്ക് ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിർദ്ദേശത്തിൽ സബ്ജക്ട് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നു. വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ ചാൻസലർ പ്രൊ ചാൻസലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ഭേദഗതി. ചാൻസലർ സർക്കാരിനു രേഖാമൂലമുള്ള അറിയിപ്പ് നൽകി രാജിവയ്ക്കാവുന്നതാണ് എന്ന നിർദ്ദേശത്തിലും ഭേദഗതി വരുത്തി. ചാൻസലർക്ക് സർക്കാരിനു രേഖാമൂലം രാജി സമർപ്പിക്കാം എന്നാണ് ഭേദഗതി. സർക്കാരിന് അറിയിപ്പ് നൽകി രാജി സമർപ്പിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കി എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ മതിയെന്ന് പ്രതിപക്ഷം ഭേദഗതി നിർദേശം കൊണ്ടുവന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുണ്ടാകണം. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിച്ചു.

ഇഷ്ടക്കാരെ സർവകലാശാലകളിൽ ചാൻസലറായി നിയമിക്കാൻ പാകപ്പെടുത്തി എടുത്ത നിയമമാണിതെന്നു വി.ഡി.സതീശൻ പറഞ്ഞു. ഈ നിയമം ഇതേരൂപത്തിൽ അംഗീകരിക്കാൻ കഴിയില്ല. 14 യൂണിവേഴ്സിറ്റികളിൽ വേറെ വേറെ ചാൻസലർമാർ വേണ്ട. ശമ്പളം കൊടുക്കാൻ പൈസയില്ലാത്ത സാഹചര്യത്തിൽ അതു ധൂർത്താണ്. സുപ്രീംകോടതിയിൽനിന്ന് റിട്ട.ചെയ്ത ജഡ്ജിയോ സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസോ ചാൻസലറാകണം. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി ചാൻസലറെ തിരഞ്ഞെടുക്കണം. സർവകലാശാലകളിൽ അനാവശ്യ രാഷ്ട്രീയവൽക്കരണം എന്ന ആരോപണം ഇതോടെ ഒഴിവാകും. ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്കു മുകളിൽ ചാൻസലർ വരുന്നതിൽ പ്രോട്ടോകോൾ പ്രശ്നമുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.