കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി സിറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പും തിരുവനന്തപുരം രൂപതാ മെത്രാപോലീത്തയുമായ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവയെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറി ജനറലായി കണ്ണൂര്‍ രൂപത ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതലയും തിരഞ്ഞെടുക്കപ്പെട്ടു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ എത്തുന്നത്. കെസിബിസി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

മാര്‍ ജോര്‍ജ് ആലഞ്ചേരി മൂന്ന് വര്‍ഷത്തെ ഊഴം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ കെസിബിസി അധ്യക്ഷ പദവിയിലെത്തുന്നത്. 2014 മുതല്‍ നാല് വര്‍ഷം അദേഹം സിബിസിഐയുടെ അധ്യക്ഷനുമായിരുന്നു.