വിമാന ടിക്കറ്റ് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനു ചിലവായത് 43.14 ലക്ഷം രൂപ. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെ മുഖ്യമന്ത്രിയും സംഘവും നടത്തിയ യാത്രയുടെ വിവരങ്ങളാണ് ലണ്ടനിലെ ഹൈക്കമ്മീഷണന്‍ വെളിപ്പെടുത്തിയത്.
ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ചിലവാക്കിയ തുക ആദ്യം ഹൈക്കമ്മീഷന്‍ നിയമപ്രകാരം ചെലവഴിക്കുകയും പിന്നീട് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഈടാക്കുകയുമാണ് ചെയ്യും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
എന്നാല്‍ ഇവരുടെ ചെലവുകള്‍ അവര്‍ തന്നെയാണ് വഹിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെയും സംഘങ്ങളുടെയും യൂറോപ് സന്ദര്‍ശനം. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് ഒക്‌റ്റോബര്‍ രണ്ടിന് നിശ്ചയിച്ച യാത്ര മാറ്റി വക്കുകയായിരുന്നു.