🗞🏵 *ഇന്ത്യയിൽ ഒടുവിൽ ഡിജിറ്റൽ രൂപ യാഥാർഥ്യമാകുന്നു.* ഇ–റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലെ കറന്‍സി നോട്ടുകള്ക്കുപുറമെയായിരിക്കും ഇ–റുപ്പി വിനിമയം. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി.
🗞🏵 *സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേ.* തിരുവനന്തപുരം-മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നതു സംബന്ധിച്ചാണ് പഠനം നടത്തുന്നത്.
🗞🏵 *അഞ്ചാംപനി അഥവാ മീസില്‍സ് കേസുകള്‍ രാജ്യത്ത് പലയിടങ്ങളിലും കൂടുക തന്നെയാണ്.* ഇതിനിടെ മുംബൈയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മുംബൈയിലാണ് നിലവില്‍ ഏറ്റവുമധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. ഈ വര്‍ഷം മാത്രം ഇവിടെ 303 കേസുകളാണ് വന്നിരിക്കുന്നത്.
🗞🏵 *അതിര്‍ത്തി കടന്നുള്ള തീവ്രവാദവും ഐഎസ്ഐസില്നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടുള്ള തീവ്രവാദവും മാനവരാശിക്ക് ഭീഷണിയായി തുടരുന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.* ഇന്ത്യയിലുംഇന്ഡോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ ഉലമയുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.
🗞🏵 *സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.* ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഡോ. സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ കോടതി, വിസി നിയമനങ്ങളിൽ യുജിസി മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് അറിയിച്ചു.
🗞🏵 *ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നു.* ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ ഇവയുടെ പ്രകടനത്തിന്റെ പ്രദർശനവും ഉൽപ്പെടുത്തിയിരുന്നു. പ്രതിവര്‍ഷം ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പരിശീലനമാണിത്.
🗞🏵 *വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി.* ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ രൂക്ഷവിമർശനം. രാത്രി നിയന്ത്രണത്തിന്റെ കാരണം അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
🗞🏵 *ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.* ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു.
🗞🏵 *വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ.* കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *ശബരി വെളിച്ചെണ്ണയിൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ.* വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയെന്നും വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും കോർപ്പറേഷൻ വിശദീകരിച്ചു.
🗞🏵 *രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാൾ പിടിയില്‍.* വടക്കഞ്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ട (48)നാണ് അറസ്റ്റിലായത്
🗞🏵 *എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്.* മുൻവർഷങ്ങളിൽ മുഴുവൻ സമയവും തീർത്ഥാടകർക്ക് പ്രവേശനമുണ്ടായിരുന്ന കാനനപാതയില്‍ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ സമയം ക്രമീകരിച്ച് ആണ് തീർത്ഥാടകരെ കയറ്റിവിടുന്നത്. രാത്രി യാത്ര പൂർണമായും ഒഴിവാക്കിയതോടെ തീർത്ഥാടകർ ഇടത്താവളങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം. വനംവകുപ്പ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് കാനനപാതയിലൂടെയുള്ള യാത്ര അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം.
🗞🏵 *പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി.* കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പ് വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്ത് പണിത വീടിന്റെ കിഴക്കേ അതിരാണ് അയൽവാസിയായ വിമുക്തഭടൻ കയ്യേറിയത്. വാടകക്ക് നൽകിയ വീട്ടിലേക്കുളള വഴിയുടെ വീതി കൂട്ടാൻ വേണ്ടിയാണ് വഴി വെട്ടിയതെന്നാണ് വിമുക്തഭടൻ പറയുന്നത്.
🗞🏵 *വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തിൽ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ.*
ഇടപാടുകാർക്ക് അനുകൂലവും ആശ്വാസകരവുമായ പശ്ചാത്തല സൗകര്യമൊരുക്കുകയാണ് രജിസ്ട്രേഷൻ വകുപ്പ്. മുൻ ആധാരങ്ങൾ നഷ്ടപ്പെടാതെ ഏതു നിമിഷവും ലഭ്യമാവുന്ന രീതിയിൽ ഡിജിറ്റലൈസ് ചെയ്യുന്നത് തുടരുകയാണ്. പുതിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
🗞🏵 *ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായി പോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം.* ഡല്‍ഹി രോഹിണി ഫോറന്‍സിക് ലാബിന് മുന്നില്‍ വച്ചായിരുന്നു സംഭവം. വാളുമായി എത്തിയ രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. അതേസമയം, ശ്രദ്ധയെ വെട്ടിനുറുക്കാനുപയോഗിച്ച ആയുധം ഇന്നലെ പൊലീസ് കണ്ടെടുത്തു. അഫ്താബിന്റെ ഫ്ലാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.
🗞🏵 *വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള അറസ്റ്റിൽ.* കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി പ്രവർത്തകരും വൈഎസ്ആർ തെലങ്കാന പാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. വാറങ്കൽ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരേയുളള ശർമ്മിളയുടെ അഴിമതി പരാമർശമാണ് ഇരു പാർട്ടിയിലേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്.
🗞🏵 *കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.* വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ് അബാദി (22)യെ കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ പിടികൂടിയത്
🗞🏵 *കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട.* 41 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീനാണ് പിടിയിലായത്. ശരീരത്തിനകത്ത്. 767 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഏകദേശം 41 ലക്ഷം രൂപ വിലമതിക്കവുമെന്ന് പോലീസ് അറിയിച്ചു.
🗞🏵 *കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ.* പിടിക്കപ്പെട്ടതോടെ പൊലീസുകാരന്‍ പണം നല്‍കി തടിയൂരുകയായിരുന്നു. പീരുമേട് പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പണം കവരുന്നതിനിടെയാണ് പൊലീസുകാരന്‍ പിടിയിലായത്.
🗞🏵 *കോട്ടയം നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.* കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ മുഹമ്മദ് അസ്ലം (29), വേളൂർ മാണിക്കുന്നം തൗഫീഖ് മഹല്ല് അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
🗞🏵 *വ്യത്യസത സംഭവങ്ങളിലായി രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ.* കോട്ടയം എടചൊട്ടി സ്വദേശി മുഹമ്മദ് നയിഫ് (21), അസം സ്വദേശി ബഹ്റുൽ ഇസ്ലാം (29) എന്നിവരാണ് പിടിയിലായത്.Bപാലക്കാട്, പറളി റെയിൽവേ സ്റ്റേഷനുകളിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.
🗞🏵 *തിരുവനന്തപുരത്ത് നിന്നും 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.* ഇരുവരെയും കാമുകന്‍ മാഹിന്‍ കണ്ണ് കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരം. മാഹിന്‍ കണ്ണ് തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ഊരൂട്ടമ്പലം സ്വദേശിനി ദിവ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് മാഹിന്‍ കണ്ണിന്റെ വെളിപ്പെടുത്തല്‍.
🗞🏵 *ഫ്രാന്‍സിസ് പാപ്പ മൂന്നു മാസം മുന്‍പ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കൂടിയായ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബർ ദിവംഗതനായി.* ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ റോമിൽ എത്തിയ കർദ്ദിനാൾ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ആഗസ്ത് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിന്നില്ല.
🗞🏵 *പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും നിസാരമായി കാണരുതെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.* ഇക്കഴിഞ്ഞ നവംബര്‍ 27ന് ഇ.ഡബ്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി പല രീതിയിലും വരാമെന്നും ലോകമെമ്പാടുമായി നിരവധി രക്തസാക്ഷികള്‍ വിശ്വാസത്തിന് വേണ്ടി മരിച്ചിട്ടുണ്ടെന്നും പാശ്ചാത്യ ലോകത്തും മതസ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണെന്നും വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ മുന്‍ തലവനും എഴുപത്തിയേഴുകാരനുമായ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു.
🗞🏵 *ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വിവിധ കാലയളവില്‍ ക്രൂരമായ പീഡനത്തിനിരയായി ചുടുനിണം ചിന്തിയ ലക്ഷകണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍.* ഇക്കഴിഞ്ഞ നവംബര്‍ 24-ന് വിയറ്റ്‌നാമിലെ ക്രൈസ്തവ സമൂഹം രക്തസാക്ഷികളുടെ ഓര്‍മ്മതിരുനാള്‍ ആഘോഷിച്ചു. 1533-ലാണ് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമില്‍ ക്രിസ്തു വിശ്വാസവുമായി മിഷ്ണറിമാര്‍ കടന്നുചെല്ലുന്നത്. 1630-നും 1886-നും ഇടയില്‍ നടന്ന വിവിധ മതപീഡന പരമ്പരകളില്‍ ഏതാണ്ട് 1,30,000-മുതല്‍ 3,00,000-ലക്ഷത്തോളം ക്രൈസ്തവര്‍ വിയറ്റ്‌നാമില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു.
പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്‌സിലാക്കിയില്ല.
അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.
അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
യോഹന്നാന്‍ 8 : 26-30
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
ഈശോ താൻ ദൈവമാകുന്നു എന്ന പ്രഖ്യാപനമാണ് ‘ഞാൻ ഞാൻ തന്നെയാണ്’ എന്ന വചനം. ഇത് പഴയ നിയമത്തിൽ മോശ ദൈവത്തോട് അവിടത്തെ പേര് ചോദിക്കുമ്പോൾ ദൈവം നൽകുന്ന മറുപടിയാണ് ‘ ഞാൻ ഞാൻ തന്നെ ആകുന്നു’ ഈശോ അത് തന്നെക്കുറിച്ചും പ്രസ്താവിക്കുകയാണ് ഈ സുവിശേഷ ഭാഗത്ത്. എന്നാൽ ഈശോ സ്വതന്ത്രമായി നിൽക്കുകയല്ല പിതാവിനോട് ചേർന്നു നിൽക്കുകയാണ് ; അവിടത്തെ ഹിതം നിർവഹിക്കുകയാണ്. ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ മൂല്യം അവിടത്തെ ദൈവത്വമാണ്. ദൈവം മനുഷ്യനായി എന്ന മഹാ രഹസ്യമാണ് മംഗളവാർത്തക്കാലം നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിടത്തെ ദൈവത്വവും നമ്മുടെ ധ്യാനവിഷയമാകട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*