വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് അതീവ സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്താകെ പോലീസിനെ വിന്യസിച്ചു. സമരക്കാർ ഹാർബർ ഭാഗത്തേക്ക് മാറിനിൽക്കുന്നു. കൂടുതൽ വനിതാ പോലീസുകാരും വിഴിഞ്ഞത്ത് എത്തി. സമരസമിതി പ്രവർത്തകരിൽ കൂടുതൽ വനിതകൾ ഉള്ള സാഹചര്യത്തിലാണ് വനിതാ പോലീസുകാരെ കൂടുതലായി പ്രദേശത്തേക്ക് എത്തിച്ചത്. സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ അക്രമത്തിൽ നിരവധി ഫയലുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30 പോലീസുകാർക്ക് പരിക്കേറ്റു. ഇരുപതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞത്ത് സംഘർഷം നടക്കുമ്പോഴും മന്ത്രിമാർ ആരും എത്തിയില്ലെന്ന് ലത്തീൻ അതിരൂപത വിമർശിച്ചു. ഭരണനേതൃത്വവും രാഷ്ട്രീയ കക്ഷികളുടെ പ്രമുഖ നേതാക്കളും ഇവിടേക്ക് എത്തിയില്ലെന്ന് ലത്തീൻ അതിരൂപത പ്രതിനിധികൾ പറഞ്ഞു. 132 ദിവസത്തോളമായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ സമരം തുടരുകയാണ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത്കുമാർ വിഴിഞ്ഞത്ത് തുടരുകയാണ്. എഡിജിപി പ്രദേശത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. അഞ്ച് ജില്ലകളിൽ നിന്ന് പോലീസ് എത്തും. വിഴിഞ്ഞത്ത് സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് എഡിജിപി എംആർ അജിത്ത്കുമാർ പറഞ്ഞു. അറന്നൂറോളം പേരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ക്രമസമാധാനം ഉറപ്പുവരുത്തണം. കമ്മീഷണർ തുടർ നടപടികൾ സ്വീകരിക്കും. പോലീസ് സമരക്കാരെ പ്രകോപിച്ചിട്ടില്ല.

1200 ലധികം പൊലീസിനെ അധികമായി നിയോഗിക്കും. 36 പൊലീസുകാർക്ക് പരിക്കുണ്ട്. കാലിന് ഗുരുതര പരിക്കേറ്റ എസ്ഐയെ ഫോർട്ട് എസ്.പി ആശുപത്രിയിലേക്ക് മാറ്റി. ഹോളോബ്രിക്സ് കല്ലുകൊണ്ട് എസ്ഐയുടെ കാലിൽ അടിക്കുകയായിരുന്നു. എഎസ്ഐയെയും ആക്രമിച്ചു. പരിക്കേറ്റ എഎസ്ഐയും ചികിത്സയിലാണ്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സന്ദർശിച്ചു. അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ മെഡിക്കൽ കോളേജിലുണ്ട്. ഒരാഴ്ചയോളം പോലീസ് സ്റ്റേഷനിലും പരിസരത്തും കർശന നിരീക്ഷണം ഏർപ്പെടുത്തും.