വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹിന്ദു ഐക്യവേദി. സര്‍ക്കാര്‍ കലാപകാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി ബാബു പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പദ്ധതി പ്രദേശത്ത് ലത്തീന്‍ വിഭാഗക്കാരില്ല. 130 ദിവസമായി പ്രതിഷേധത്തിന്റെ പേരില്‍ സ്ഥലത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നു. ആക്രമണങ്ങള്‍ക്കിടെ പോലീസ് നോക്കു കുത്തിയായി. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിക്കുന്നവരുമായാണ് പോലീസിന്റെ ചര്‍ച്ച. ബിഷപ്പിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തെങ്കിലും, ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ എന്തേ ധൈര്യമില്ലാത്തത്’, ആര്‍വി ബാബു ചോദിച്ചു.

‘ശബരിമലയുടെ കാര്യത്തില്‍ ഇതായിരുന്നോ സമീപനം? പദ്ധതി അട്ടിമറിക്കാന്‍ കലാപകാരികളും സര്‍ക്കാരും ഒത്തു കളിക്കുകയാണ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മൗനം സംശയകരമാണ്. തുറമുഖം വരുന്നതിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെട്ട ആര്‍ക്കെങ്കിലും നഷ്ടപരിഹാരം കിട്ടാനുണ്ടോ?. ഉണ്ടെങ്കില്‍ ഹിന്ദു ഐക്യവേദി വാങ്ങി നല്‍കും. നഷ്ടപരിഹാരം ലഭിക്കാത്ത ആരും പദ്ധതി പ്രദേശത്തില്ല’, ബാബു ചൂണ്ടിക്കാട്ടി.

കഴിവുകെട്ട ആഭ്യന്തര വകുപ്പാണ് കേരളത്തിലേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം. യു.ഡി.എഫും എല്‍.ഡി.എഫും സംഘടിത വോട്ടുബാങ്കിനു മുന്നില്‍ മുട്ടുമടക്കി. വിഴിഞ്ഞം പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം. പദ്ധതിയ്ക്ക് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവുണ്ട്. ലത്തീന്‍ സഭ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തുറമുഖവുമായി ബന്ധമുണ്ടോ?
കള്ളമാണ് കലാപകാരികള്‍ പ്രചരിപ്പിക്കുന്നത്. പള്ളി കേന്ദ്രീകരിച്ച് കലാപത്തിന് പാതിരിമാര്‍ ആഹ്വാനം ചെയ്യുന്നു. പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് വിഴഞ്ഞത്തേത്’, അദ്ദേഹം ആരോപിച്ചു.