സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. മന്ത്രി ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് വില വര്‍ദ്ധന സംബന്ധിച്ച് തീരുമാനമായത്.

വില വര്‍ദ്ധന ഉടനടി നടപ്പാക്കാനാണ് മില്‍മ ആലോചിച്ചത്. എന്നാല്‍ വിലവര്‍ദ്ധന സംബന്ധിച്ച സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്നാണ് സൂചന.

നേരത്തെ പാല്‍ വില ആറ് മുതല്‍ പത്ത് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.