🗞🏵 *ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’!* ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
🗞🏵 *സർക്കാർവകുപ്പുകളിൽ കൈക്കൂലിയായി പണത്തിനുപുറമേ ആവശ്യപ്പെടുന്നത് ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ.* ഓഫീസുകളിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിലും മാറ്റംവന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. അഞ്ചുവർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. വിവിധ വകുപ്പുകളിൽ കൈക്കൂലിക്കാർ ഇപ്പോഴും തുടരുന്നെന്നും അധികൃതർ വ്യക്തമാക്കുന്നു.
🗞🏵 *തുർക്കി വ്യോമസേന ഇന്നലെ സിറിയയിലെയും തുർക്കിയിലെയും കുർദ് മേഖലകളിൽ ആക്രമണം നടത്തി.* ഒരാഴ്ച മുന്‍പ് ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിനുള്ള പ്രതികാരമാണിതെന്നു തുർക്കി പ്രതിരോധമന്ത്രാലയം പറഞ്ഞു. ആറു പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടത്തിയതു കുർദുകളുടെ നിരോധിത തീവ്രവാദ സംഘടനയായ പികെകെ ആണെന്നാണു തുർക്കി അവകാശപ്പെടുന്നത്. പികെകെ ഇതു സമ്മതിച്ചിട്ടില്ല.
🗞🏵 *ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങൾക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിപുലമായ രീതിയില്‍ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
🗞🏵 *ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി.* വൈക്കം പോളശേരി ഗവ.എല്‍ പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ.ശ്രീജയെ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
🗞🏵 *ശശി തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷൻ.* ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണമെന്ന് മുന്‍ സംസ്ഥാന ഉപാധ്യക്ഷൻ എന്‍എസ് നുസൂർ ആവശ്യപ്പെട്ടു.
🗞🏵 *വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി.* വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് പരാമർശം.
🗞🏵 *വടക്കഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി.ക്കും പങ്കുണ്ടെന്ന് മോട്ടോർവാഹനവകുപ്പ്.* പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ ജയേഷ്കുമാർ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ആണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.റോഡ് ഷോൾഡറിന്റെ അപാകത അപകടതീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ നാല് പ്രതികളും റിമാൻഡിൽ.* നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് റിമാൻഡ് ചെയ്തത്. അടുത്തമാസം മൂന്ന് വരെ റിമാൻഡ് ചെയ്തത്.
🗞🏵 *കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം.* കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 380 കോടി രൂപയാണ് ചിലവഴിക്കുക.
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
🗞🏵 *ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചു.* പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്.
🗞🏵 *ശ്രീനഗറിൽ സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.* ശ്രീനഗറിലെ ഷാൽതെങ്ങിൽ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരനെ പിടികൂടുകയും ഇവരുടെ വാഹനത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയുമായിരുന്നു.
🗞🏵 *മംഗലാപുരത്ത് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്.* വലിയ സ്ഫോടനത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. സ്വാഭാവികമായ അപകടമോ സാധാരണ രീതിയിലുള്ള തീപിടിത്തമോ ആയിരുന്നില്ല മംഗലാപുരത്ത് സംഭവിച്ചത്. തീവ്രവാദ സ്വഭാവമുള്ള ഈ നീക്കം വലിയൊരു ആക്രമണത്തിന് ലക്ഷ്യമിട്ടതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും കര്‍ണാടക ഡിജിപി പ്രതികരിച്ചു.
🗞🏵 *ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.* കേസില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്നും തിരിച്ചറിഞ്ഞു. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിക്ക് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു.
🗞🏵 *അതിദാരുണമായി കൊലചെയ്യപ്പെട്ട ശ്രദ്ധ വാല്‍ക്കറിന്റേതെന്നു കരുതുന്ന രണ്ട് ശരീരഭാഗങ്ങള്‍ വനമേഖലയില്‍നിന്നു കണ്ടെത്തി.* പ്രതി അഫ്താബ് പൂനെവാലയുമായി ഡല്‍ഹി പോലീസ് നടത്തിയ തിരച്ചിലില്‍ ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റൗലി വനത്തില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ശ്രദ്ധ വാല്‍ക്കറിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
🗞🏵 *വടക്കഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി.ക്കും പങ്കുണ്ടെന്ന് മോട്ടോർവാഹനവകുപ്പ്.* പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ ജയേഷ്കുമാർ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ആണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.റോഡ് ഷോൾഡറിന്റെ അപാകത അപകടതീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ.* ഹോസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോർ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇർഷാദ് എന്ന ഇച്ചു (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
🗞🏵 *പാലക്കാട് കുളത്തിൽ കുട്ടികളിട്ട ചൂണ്ടയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്.* കുട്ടികൾ ചൂണ്ടയിടുമ്പോൾ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.
🗞🏵 *പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കൺസൽറ്റൻസി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസിനെ (45) റിമാൻഡ് ചെയ്തു.* കളമശേരിയിൽ കുസാറ്റ് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ജോസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണു ജീന.
🗞🏵 *സമാധാനത്തിനു ക്ഷാമം നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ.* തന്റെ പിതാവിന്റെ ജന്മനാടായ വടക്കൻ ഇറ്റലിയിലെ ആസ്തി നഗരം സന്ദർശിച്ച മാർപാപ്പ അവിടുത്തെ മെത്രാസനപ്പള്ളിയിൽ ദിവ്യബലി അർപ്പിച്ചശേഷം ത്രികാലജപം ചൊല്ലി സംസാരിക്കുകയായിരുന്നു.യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾക്കായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
🗞🏵 *യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ കൊളറാഡോ സ്പ്രിംഗ്സ് നഗരത്തിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.* 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ക്ലബ് ക്യൂവിൽ ശനിയാഴ്ച അർധരാത്രി 11.57 ന് ആയിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
🗞🏵 *95-ാമത്തെ വയസ്സിലെ ഏറ്റവും നല്ല പുതിയ കലാകാരിക്കുള്ള ലാറ്റിന്‍ ഗ്രാമ്മി അവാര്‍ഡ് നേട്ടം ദൈവത്തിന് സമര്‍പ്പിക്കുന്നതായി ആഞ്ചെല അള്‍വാരെസ്.* വികാരനിര്‍ഭരമായ പ്രസംഗത്തിനിടയിലാണ് ആഞ്ചെല നേട്ടത്തില്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് ദൈവത്തിനു സമര്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. “ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും, അതിനെ തരണം ചെയ്യുവാന്‍ എപ്പോഴും ഒരു മാര്‍ഗ്ഗം ഉണ്ടായിരിക്കും. ദൈവവിശ്വാസത്തിനും സ്നേഹത്തിനും അത് നേടുവാന്‍ കഴിയും. ഞാന്‍ ഉറപ്പ് തരുന്നു, ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല” എന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ആഞ്ചെല നല്‍കിയ സന്ദേശം.
🗞🏵 *അഫ്ഗാനിസ്ഥാനു സമാനമായി നൈജീരിയയും ഇസ്ലാമിക തീവ്രവാദികള്‍ കീഴടക്കുന്നതിന് മുന്‍പ് നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം തടയണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്‍ യു.കെ പാര്‍ലമെന്റില്‍.* നൈജീരിയയില്‍ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തുകയാണ് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്, ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യമെന്ന്‍ നൈജീരിയയില്‍ ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ ഇക്കഴിഞ്ഞ നവംബര്‍ 16ന് യു.കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ്‌് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്‌തിരിക്കുന്നു.
പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി.
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്.
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
യോഹന്നാന്‍ 14 : 12-14
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
പിതാവിനെ കാണാൻ സാധിക്കുമോ? അദൃശ്യനായ പിതാവിനെ ലോകം ദർശിച്ചത് ദൃശ്യനായ പുത്രനിലൂടെയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് ഈശോ പ്രസ്താവിക്കുന്നു. ഈശോയുടെ ദൈവത്വത്തെക്കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇന്നത്തെ വചനഭാഗത്ത് നമ്മൾ കാണുന്നത്. ഈശോയുടെ ദൈവത്വത്തെ സംശയിക്കത്തക്ക തരത്തിലുള്ള ചോദ്യങ്ങളുമായി നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും സമീപിക്കുന്നവരുണ്ട്. ഈശോയുടെ ദൈവത്വം പ്രഖ്യാപിക്കുന്ന വചനഭാഗങ്ങൾ, അതുപോലെ തന്നെ ക്രൈസ്തവ വിശ്വാസത്തിലെ എല്ലാ വസ്തുതകളെയും സാധൂകരിക്കുന്ന വചനഭാഗങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. വിശ്വാസ വിരുദ്ധമായ ആശയങ്ങളെ പ്രതിരോധിക്കാൻ വചനം ആയുധമാക്കാൻ നമുക്ക് സാധിക്കണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*