🗞🏵 *ബാബാ സാഹിബ് ഡോ ബി ആർ അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും.* കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ സർവീസസ് അതോറിറ്റി ഓഫീസുകളിലുൾപ്പെടെ നവംബർ 26 രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കും.
🗞🏵 *പാര്‍ട്ടിയില്‍ തനിക്ക് വിലക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.* കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാറില്‍നിന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെത്തുടര്‍ന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
🗞🏵 *ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് യുക്രെയ്ൻ സന്ദർശിച്ചു.* തലസ്ഥാനമായ കീവിലെത്തിയ അദ്ദേഹം പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശത്തിനെ തിരേ യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ ബ്രിട്ടീഷ് പിന്തുണ തുടരുമെന്നുറപ്പിക്കാനാണ് ഋഷിയുടെ സന്ദർശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ലണ്ടനിൽ അറിയിച്ചു.
🗞🏵 *ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ മകൾ കിം ചു എയിയുടെ ചിത്രം പുറത്തുവന്നു.* അച്ഛനും മകളും വെള്ളിയാഴ്ച നടന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു മേൽനോട്ടം വഹിക്കുന്നതിന്റെ ഫോട്ടോകൾ ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്. ചി എയിക്ക് 12, 13 വയസുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
🗞🏵 *ആധുനിക ഇസ്ലാമിക ഇറാന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ പൂർവിക ഭവനത്തിന് പ്രതിഷേധക്കാർ തീവച്ചതായി റിപ്പോർട്ട്.* ഖൊമേൻ നഗരത്തിൽ 30 വർഷമായി മ്യൂസിയമായി പ്രവർത്തിക്കുന്ന ഭവനത്തിനു ഭാഗികമായി തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനു മുന്നിൽനിന്ന് പ്രതിഷേധക്കാർ ആഹ്ലാദം പ്രകടിപ്പിക്കുന്നതു വീഡിയോയിൽ കാണാം.
🗞🏵 *ഒറ്റത്തുള്ളിച്ചോരയിൽനിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് തെറ്റിദ്ധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച എലിസബത്ത് ഹോംസിന് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു.* നിക്ഷേപകരെയടക്കം വഞ്ചിച്ച ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സിലിക്കൺവാലിയിലെ പ്രമുഖ കമ്പനിയുടെ സിഇഒയും ശതകോടീശ്വരിയുമാണ് ഹോംസ്.
🗞🏵 *തെരഞ്ഞെടുപ്പ് ചിഹ്നം എല്ലായ്പ്പോഴും സ്വന്തമായി ഉപയോഗിക്കാമെന്നു രാഷ്ട്രീയ കക്ഷികൾ കരുതരുതെന്ന് ഡൽഹി ഹൈക്കോടതി.* കക്ഷികളുടെ പ്രകടനം മോശമായാൽ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.
🗞🏵 *സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.* കേടായിക്കിടക്കുന്നവ നന്നാക്കുമെന്ന് പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പോലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
🗞🏵 *മേയർ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം.* കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നതിനിടെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്.
🗞🏵 *ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹയിൽ വച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു.* എട്ടുവയുകാരൻ മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നു വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നിലകൂടി ഗുരുതരമാണ്.
🗞🏵 *അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പ്രതിഫലം അനുവദിച്ചു.* യാത്രാബത്തയായി 47000 രൂപ നൽകും. കേസ് തുടങ്ങിയത് മുതൽ ഇതുവരെ പ്രോസിക്യൂട്ടർക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു.
🗞🏵 *തിരുവനന്തപുരം നഗരസഭയിലെ 23 കാരി മേയർ 23 മാസത്തെ ഭരണം കൊണ്ട് 23 അഴി’മതികൾ നടത്തിയെന്ന് അക്കമിട്ടു നിരത്തി ബി ജെ പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ കരമന അജിത്.* ഫെയ്സ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
🗞🏵 *അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി.* 2016 മുതല്‍ 21 വരെ വര്‍ഷങ്ങളില്‍ നടന്ന വാച്ചര്‍ നിയമനം ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം കോവിഡ് കാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപക പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലന്‍സ് സംഘം റേഞ്ച് ഓഫീസില്‍ റെയ്ഡ് നടത്തിയത്.
🗞🏵 *ബ്രേക്ക് തകരാറിലായ തീർത്ഥാടക ബസ് വേഗം വർധിക്കും മുമ്പ് മുന്നിലുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു നിന്നതു മൂലം വൻഅപകടം ഒഴിവായി.* കെ.എസ്.ആർ.ടി.സി ബസ് നിർത്തിക്കൊടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കണമല ഇറക്കത്തിൽ ആണ് സംഭവം. പിന്നിൽ നിയന്ത്രണം വിട്ട് ബസ് എത്തുന്നത് അറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ബസ് നിർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന നിയന്ത്രണം തെറ്റിയ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുനിന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കുത്തിറക്കത്തിലെ വളവിൽ ബസ് മറിഞ്ഞ് വൻ അപകടം സംഭവിക്കുമായിരുന്നു.
🗞🏵 *രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.* കേസിലുൾപ്പെട്ട മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാനായി പോലീസ് ഹരിയാനയിലേക്ക് തിരിച്ചതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
🗞🏵 *പ്രകോപനപരമായ മുദ്രവാക്യം വിളിച്ചതിനെ തുടർന്ന് എഐഎംഐഎം നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.* മുഹമ്മദിനെ തിരെ ബിജെപി എംഎല്‍എ ടി രാജാ സിങ്ങ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ, സംഘടിപ്പിച്ച റാലിയിലായിരുന്നു തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം ഉയര്‍ന്നത്. തെലങ്കാനയിലെ സെക്കന്തരാബാദിലെ നെറെഡ്മെറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
🗞🏵 *ബീഹാറിലെ ഖഗാരിയയിൽ 24 ഓളം സ്ത്രീകളെ കൂട്ട വന്ധ്യംകരണത്തിന് വിധേയരാക്കിയതായി റിപ്പോർട്ട്.* അലൗലി ഹീത്ത് സെന്ററിൽ വെച്ച് യുവതികളെ നിർബന്ധിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നുവെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അനസ്തേഷ്യ പോലും നൽകാതെയായിരുന്നു ഈ ക്രൂരതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നടപടിക്രമങ്ങൾക്കിടയിൽ സ്ത്രീകൾക്ക് പൂർണ്ണ ബോധമുണ്ടായിരുന്നു. ആരോഗ്യ ഉദ്യോഗസ്ഥരിൽ ചിലർ യുവതികളുടെ വായിൽ തുണി തിരുകി വെയ്ക്കുകയും ചെയ്തു. ചിലരുടെ കൈകൾ കൂട്ടികെട്ടുകയും, ബാലൻ പ്രയോഗിച്ച് ഇവരെ കിടക്കയിൽ കിടക്കയിൽ കിടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
🗞🏵 *ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു.* നിയന്ത്രണരേഖയ്ക്ക് സമീപം കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. സൗവിക് ഹജ്‌റ, മുകേഷ് കുമാർ, ഗെയ്‌ക്‌വാദ് മനോജ് ലക്ഷ്മൺ റാവു എന്നിവരാണ് ഹിമപാതത്തിൽ മരിച്ചത്.
🗞🏵 *ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു.* തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിംപിൾ ഡോളിയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ തന്നോട് ഡിംപിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്നും യുവതി മൊഴി നൽകി.
🗞🏵 *കൽപകഞ്ചേരി ചെറവന്നൂർ പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി.* താനാളൂർ ഒഴൂർ സ്വദേശി കുട്ടിയാമാകനത്ത് ഷാജഹാൻ (57) എന്ന മണവാളൻ ഷാജഹാനെയാണ് കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്.
🗞🏵 *തുർക്കിയിലെ വിവാദ മത പ്രഭാഷകനും കോടീശ്വരനും സെലിബ്രിറ്റിയുമായ അദ്നാൻ ഒക്തറിന് 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി.* ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് അദ്നാൻ ഒക്തറിനെ തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവുംദൈർഘ്യമേറിയ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഹാറൂൺ യഹ്യ എന്ന പേരിൽ കൂടി അറിയപ്പെടുന്ന 66കാരനായ ഇയാൾക്കെതിരെ ലൈംഗിക പീഡനമടക്കം നിരവധി കുറ്റങ്ങളാണ് തുർക്കി ഭരണകൂടം ചുമത്തിയിട്ടുള്ളത്. സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നു, മതപ്രഭാഷണത്തിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നു എന്നിവയടക്കമുള്ള നിരവധി കുറ്റങ്ങളുടെ പേരിലാണ് ശിക്ഷ.
🗞🏵 *തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.* ദുബായിൽ നിന്നും ix 540 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869 രൂപ മൂല്യമുള്ള 1201.60 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തു.
🗞🏵 *ജഗദല്‍പുര്‍ സീറോമലബാര്‍ രൂപതയുടെ മുൻ ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര സിഎംഐ(87) കാലംചെയ്തു. ജഗദല്‍പുരിലെ എംപിഎം ഹോസ്പിറ്റലില്‍ ശനി പുലര്‍ച്ചെ 1.30 നായിരുന്നു അന്ത്യം. സംസ്കാരകര്‍മം 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജഗദല്‍പുര്‍ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കുമെന്ന് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ അറിയിച്ചു. 1935 ഒക്ടോബര്‍ 11ന് ചങ്ങനാശേരി വടക്കേക്കര പാലാത്ര ഫിലിപ്പ്-മേരി ദമ്പതികളുടെ മകനായാണ് ജനനം.
🗞🏵 *കത്തോലിക്ക, ഓർത്തഡോക്സ് സമൂഹം ഒരേ ദിവസം കർത്താവിന്റെ ഉയിർപ്പ് തിരുനാള്‍ ആഘോഷിക്കുന്നതിന് വഴി തെളിയുന്നു.* പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവനായ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ ഒരേ ദിവസം ഉയിർപ്പ് ആഘോഷിക്കാനായുളള തീയതി കണ്ടെത്തുന്നതിനു വേണ്ടിയുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ വിവിധ സഭകളുടെ പ്രതിനിധികൾ തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞതായി ‘സെനിത്ത്’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികം ആചരിക്കുന്ന 2025ൽ ഉയിർപ്പ് ആചരിക്കുന്നതിന് വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*ഇന്നത്തെ വചനം*
പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്‍മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്‌തത്?
യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.
പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
യോഹന്നാന്‍ 18 : 33-37
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
*വചന വിചിന്തനം*
രാജ്യം ഐഹികമല്ലാത്ത രാജാവാണ് മിശിഹാ. ഭൂമിയിൽ നാം കണ്ടുമുട്ടുന്ന രാജാക്കന്മാരെ പോലെ തന്റെ കീഴിലുള്ളവരെ ഭയപ്പെടുത്തിയും തന്നെക്കാൾ കരുത്തുള്ളവരെ പ്രീണിപ്പിച്ചും, നിഷ്കളങ്കമായ രക്തം ഭൂമിയിൽ വീഴ്ത്തുന്നതുമായ ശൈലി അല്ല മിശിഹായുടേത്. അവന്റെ രാജ്യത്തിന്റെ പ്രത്യേകത അവന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. സത്യത്തിന് സാക്ഷ്യം നൽകുവാനായി ആണ് അവൻ വന്നത്. സത്യത്തിൽ നിന്നുള്ളവൻ ആ രാജാവിന്റെ വാക്കുകൾ കേൾക്കുന്നു. മിശിഹായെ രാജാവായ സ്വീകരിച്ചവരുടെയൊക്കെ ജീവിതത്തിന്റെ പ്രത്യേകത ഇതായിരിക്കും. സത്യത്തിന് സാക്ഷി നൽകാൻ സാധിക്കണം. സത്യത്തോട് ചേർന്ന് നിൽക്കണം. അങ്ങനെയുള്ളവർക്ക് മാത്രമാണ് അവന്റെ രാജ്യത്തിൽ സ്ഥാനമുള്ളൂ. മിശിഹായുടെ രാജ്യത്തിൽ അംഗത്വം സ്വീകരിക്കത്ത വിധത്തിലാണോ നമ്മുടെ ജീവിതം?
ഫാ.ജോസഫ് കളപ്പുരയ്ക്കൽ
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*