🗞🏵 *ലഹരി കടത്തിൽ സ്ഥിരമായി ഏർപ്പെടുന്ന 72 കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ എക്സൈസ് സർക്കാരിനോട് ശുപാർശ ചെയ്തു.* കേസുകളുടെ വിവരങ്ങൾ ജില്ലകളിൽനിന്ന് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി പട്ടിക പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ലഹരിക്കടത്തുകാരെ കരുതൽ തടങ്കലിൽവയ്ക്കാൻ എക്സൈസ് ശുപാർശ ചെയ്യുന്നത്.
🗞🏵 *സിറ്റിങ്ങ് എംപിമാരും, മുന്‍ എംപിമാരും ഉള്‍പ്പടെ 51 നേതാക്കൾ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിടുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍.* എന്നാല്‍ 51 പേരില്‍ എത്ര പേരാണ് സിറ്റിങ് എംപിമാര്‍, മുന്‍ എംപിമാര്‍ എന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സിറ്റിങ്ങ് എംപിമാര്‍, മുന്‍ എംപിമാര്‍, സിറ്റിങ്ങ് എംഎല്‍എമാര്‍ തുടങ്ങിയവർക്കെതിരെ സിബിഐ എടുത്ത 121 കേസുകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *സംസ്ഥാനത്തെ സർവകലാശാലകളിൽ മൂന്നു മാസത്തിനുള്ളിൽ പുതിയ വൈസ് ചാൻസലർമാരെ നിയമിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* രണ്ടു മാസത്തിനുള്ളിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ചു നിയമനം വേഗത്തിലാക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
🗞🏵 *ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.* തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകൾ കൂടി നിൽക്കുന്ന ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. മറ്റ് ജില്ലകളും ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം.
🗞🏵 *മ്യാൻമറിൽ സായുധസംഘത്തിന്റെ തടവിൽനിന്നും നാല് മലയാളികൾ കൂടി മോചിതരായി.* ആലപ്പുഴ സ്വദേശികളായ സിനാജ്, സലിം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു എന്നിവരാണ് മോചിതരായത്.തായ്ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ 300ൽ അധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു.
🗞🏵 *യുക്രെയ്ൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ പോളണ്ടിലെ ഗ്രാമമായ പ്രസെവോഡോവിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.* റഷ്യൻ മിസൈലുകളാണ് പ്രസെവോഡോവിൽ പതിച്ചതെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
🗞🏵 *കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി.* നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജയേഷ് ജോർജ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
🗞🏵 *കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ, സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി.* അസോഷ്യേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും നിരവധി വിദ്യാർത്ഥി കളുടെ ഭാവിയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി പറഞ്ഞു.
🗞🏵 *പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു.* ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. സീതത്തോട് ആണ് അപകടം നടന്നത്. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്.
🗞🏵 *സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഡല്‍ഹിയിലെത്തി.* കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച ധനമന്ത്രി, വായ്പാ പരിധി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
🗞🏵 *കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.* പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.* വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറയിലാണ് സംഭവമുണ്ടായത്.
🗞🏵 *മന്ത്രിയായിരിക്കെ എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും.* പെമ്പിളൈ ഒരുമയ്‌ക്കെതിരെ നടത്തിയ അശ്‌ളീല പരാമര്‍ശമാണ് പരിശോധിക്കുക. സമരത്തിന്റെ മറവിൽ കുറ്റിക്കാട്ടിൽ ആണെന്നായിരുന്നു മണിയുടെ പരാമർശം. 2017ലായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.
🗞🏵 *ശബരിമല പരമ്പരാഗത പാതയിൽ കല്ലുകൾ പാകി.* ഇനി കല്ലിലും മുള്ളിലും ചവിട്ടാതെ അയ്യപ്പനെ കാണാൻ യാത്ര ചെയ്യാം. 12 കോടി രൂപയുടെ പദ്ധതിയാണിത്.കേന്ദ്ര സർക്കാരിന്റെ തീർഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കല്ലുകൾ പാകിയിരിക്കുന്നത്. ഈ കല്ലുകൾ എത്തിച്ചിരിക്കുന്നത് കർണാടകയിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ്.
🗞🏵 *മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല.* വിഷയം കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാൽ വീഡിയോ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നാണ് സർവകലാശാല വാദം. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു.
🗞🏵 *ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും.* തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ.
🗞🏵 *കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നോട്ടീസ് അയക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ് നിർദ്ദേശം നൽകി.* നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയക്കുക വഴി ആര്യ രാജേന്ദ്രൻ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്ന പരാതിയിൽ ആണ് നോട്ടീസ് അയക്കാൻ നിർദ്ദേശം.
🗞🏵 *മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസിനും തിരിച്ചടിയായി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്ക്* . ലാതൂരില്‍ നിന്നുള്ള 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറി. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഷിന്‍ഡെയുള്ള സാന്നിധ്യത്തിലാണ് നേതാക്കളുടെ ശിവസേന പ്രവേശനം.
🗞🏵 *ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.* ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച മ്പടത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്. അതേസമയം റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
🗞🏵 *രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.* മന്ത്രിയുടെ പരാമർശത്തിൽ മമത അപലപിച്ചു. ഭാവിയിൽ ഇത്തരത്തിൽ അപകീർത്തിപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിക്ക് അന്ത്യശാസനം നൽകിയതായും മമത അറിയിച്ചു. മന്ത്രിയായ അഖിൽ ഗിരിയാണ് രാഷ്ട്രപതിക്കെതിരെ വിവാദ പരാമർശം നടത്തിയത്.
🗞🏵 *മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരണം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി.* വോട്ടർമാരെ ആകർഷിക്കുന്നതും മതാടിസ്ഥാനത്തിൽ വിവിധ വിഭാഗം പൗരന്മാർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
🗞🏵 *രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നെറ്റ് വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫുമായ രാഹുൽ ജോഷിക്ക് അനുവദിച്ച ‘ഗുജറാത്ത് അധിവേശൻ’ – പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് എല്ലാ പൗരന്മാർക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ വെച്ച ശേഷവും അഫ്താബ് നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു.* ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പുതിയ ഒരു ഡേറ്റിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്ത്രീകളെ മുറിയിലെത്തിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സുഹൃത്തുക്കളും ഭക്ഷണവിതരണക്കാരും വീട്ടിലെത്തിയിട്ടും വളരെ ജാഗ്രതയോടെയാണ് അഫ്താബ് പെരുമാറിയത്.
🗞🏵 *ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ.* ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരാണ് പിടിയിലായത്. കുന്നത്തുനാട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നുയെന്ന് പോലീസ് പറഞ്ഞു.
🗞🏵 *പാലക്കാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.* തുടർന്ന്, ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത് മൈലംപുള്ളിയിലെ ഗാല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 14 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടൽ അടച്ചിടാൻ നിർദ്ദേശം നൽകിയത്. ഞായറാഴ്ച ഹോട്ടലിൽ നിന്ന് ഫ്രൈഡ് റൈസും കുഴിമന്തിയും മറ്റ് വിഭവങ്ങളും കഴിച്ചവരെ ശാരീരികാസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
🗞🏵 *ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പിഎഫ്‌ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍.* കേസില്‍ 45ാം പ്രതിയാണ് ഇയാള്‍. യുഎപിഎ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യഹിയ തങ്ങളെ കോടതിയില്‍ അപേക്ഷ നല്‍കി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
🗞🏵 *കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ അനുഭവ സാക്ഷ്യം ചര്‍ച്ചയാകുന്നു.* രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപ്പെട്ട പതിനാറുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി മര്യാമു ജോസഫാണ് താന്‍ അനുഭവിച്ച നരകയാതനകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. 9 വര്‍ഷത്തെ അടിമത്വം, പീഡനം എന്നിവ വഴി ദയയും ഹൃദയവുമില്ലാത്ത ആ മനുഷ്യരുടെ കീഴില്‍ ഒരുപാടു അനുഭവിച്ചുവെന്നും ജീവന് വിലകല്‍പ്പിക്കാത്ത അവര്‍ കൊന്നൊടുക്കിയ നിരപരാധികളായ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ചിന്തിയ ചോര കണ്ടുവെന്നും മര്യാമു പറഞ്ഞു.
🗞🏵 *ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുക്കൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു.* ഖത്തറില്‍ ആരംഭിക്കുവാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി പറഞ്ഞു. ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് എന്റെ വിശ്വാസം”- ഫുട്ബോളിലും ജീവിതത്തിലും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി പറഞ്ഞു
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
*ഇന്നത്തെ വചനം*
ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റ വനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്‌തി കാണിക്കുകയും മറ്റവനെ നിന്‌ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്‌ഛിച്ചു.
അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്‌കൃഷ്‌ടമായത് ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്.
നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു.
നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്.ലൂക്കാ 16 : 13-17
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
*വചന വിചിന്തനം*
നിയമം അസാധുവാക്കപ്പെടുന്നില്ല.എന്നാൽ പൂർത്തിയാക്കപ്പെടുന്നുണ്ട്. മോശ വഴി ലഭിച്ച നിയമം ഈശോയുടെ സുവിശേഷത്തിലൂടെ പൂർത്തിയാക്കപ്പെട്ടു. എഴുത്തിലും സംസാരത്തിലും ഒരു വാക്യം പൂർത്തിയാക്കപ്പെടുമ്പോൾ മാത്രമാണ് അവയുടെ അർത്ഥം ഗ്രഹിക്കാൻ സാധിക്കുന്നത്. ഭാഗികമായ വാക്യത്തിൽ അർത്ഥം ഗ്രഹിക്കുക സാധ്യമല്ല. ഇതുപോലെ പഴയ നിയമത്തിൽ ദൈവിക വെളിപാട് പൂർണമാകുന്നില്ല. പഴയനിയമഭാഗങ്ങൾ തനിയെ വായിച്ചാൽ വചനത്തിൻ്റെ ശരിയായ അർത്ഥം ഗ്രഹിക്കണമെന്നില്ല. അവ പുതിയനിയമത്തോട് ചേർത്ത്, പുതിയ നിയമ കാഴ്ചപ്പാടിൽ വായിക്കുമ്പോഴാണ് വചനത്തിലെ ദൈവിക സന്ദേശം മനസിലാക്കാൻ നമുക്ക് സാധിക്കുന്നത്. വചനത്തെ അതിൻ്റെ സമഗ്രതയിൽ വീക്ഷിക്കുവാൻ നമുക്ക് സാധിക്കുമ്പോഴാണ് ശരിയായ അർത്ഥം നമുക്ക് ലഭിക്കുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*