🗞🏵 *ആര്‍ച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.* മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസായിരിന്നു 2018-2020, 2020-2022 കാലയളവിലായി ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുക്കൊണ്ടിരിന്നത്. ബംഗളുരുവിൽ നടന്നുവരുന്ന ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഇന്നാണ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉണ്ടായത്.
🗞🏵 *വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സി.ബി.ഐ.* കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇനി അന്വേഷിക്കുക. പാലക്കാട് പോക്‌സോ കോടതിയെ സി.ബി.ഐ അഭിഭാഷകന്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
🗞🏵 *മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലുണ്ടായ തീപിടിത്തത്തിൽ ഒന്‍പത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചു.* വ്യാഴാഴ്ച വെളുപ്പിനായിരുന്നു അപകടം. മാവേയോ മോസ്കിനു സമീപമായിരുന്നു അപകടം. തൊഴിലാളികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനു താഴെയുള്ള ഗാരേജിലാണു തീപിടിത്തമുണ്ടായത്.
🗞🏵 *സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുന്നേറ്റം.* തെരഞ്ഞെടുപ്പു നടന്ന 29 വാർഡുകളിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് 12 സീറ്റിലും ബിജെപി രണ്ടു സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.
🗞🏵 *ആക്രി കച്ചവടത്തിന്റെ മറവിൽ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റിൽ.* പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രി കച്ചവടത്തിന്റെ മറവിൽ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റാണ് പിടികൂടിയത്.
🗞🏵 *അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് യുഎന്നിൽ ഇന്ത്യ.* അഫ്ഗാനിസ്ഥാന്റെ പ്രദേശം ഭീകര പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാനോ ആസൂത്രണം ചെയ്യാനോ ധനസഹായം നൽകാനോ ഉപയോഗിക്കരുതെന്നും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളെ യുഎൻ നിരോധിച്ചിട്ടുള്ളതാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ. രവീന്ദ്ര ചൂണ്ടിക്കാട്ടി.
🗞🏵 *ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.* ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് കോടതിയുടെ നടപടി. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി.ജി അരുണിന്‍റേതാണ് ഉത്തരവ്.ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്.
🗞🏵 *സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നതിനിടെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സംസ്ഥാന സര്‍ക്കാര്‍.* ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കല്‍പ്പിത സര്‍വ്വകലാശാലയായ കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. 2006 മുതല്‍ ഗവര്‍ണറാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല ചാന്‍സലര്‍.
🗞🏵 *ഇൻകം ടാക്സ് വെട്ടിച്ച പ്രമുഖ മലയാള സിനിമാ താരത്തിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ.* നിമിഷ സജയനാണ് ടാക്സ് വെട്ടിച്ചതെന്ന് തെളിവുകൾ നിരത്തി സന്ദീപ് സ്ഥാപിക്കുന്നു. ഒപ്പം ടാക്സ് ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല പിന്നെയാ എന്നൊരു പരിഹാസവും അദ്ദേഹം പോസ്റ്റിൽ നടത്തിയിട്ടുണ്ട്.
🗞🏵 *നിയമന കത്ത് വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്.* സംഭവത്തില്‍ കേസ് എടുത്തോ എന്ന് ചോദിച്ച കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വ്യക്തമാക്കി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
🗞🏵 *പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.* പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (http://www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വിവരങ്ങൾ ലഭിക്കും. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഡിസംബർ എട്ട് വരെ സമയമുണ്ട്.
🗞🏵 *സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പെടുത്തൽ.* ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ജീവനൊടുക്കിയിരുന്നു. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
🗞🏵 *ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം.* മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് പരാക്രമം നടത്തിയത്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു.
🗞🏵 *ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി.* പ്രായപരിധി 18 ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു.കൗമാരക്കാർക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുമതിയില്ലാത്തതാണ് പോക്സോ കേസുകൾ വർധിക്കുന്നതിന് കാരണമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാർശ.
🗞🏵 *ഒഡീഷ വനത്തിൽ വാറ്റ് ചാരായം കുടിച്ച് ബോധം പോയ അവസ്ഥയിൽ 24ഓളം ആനകളെ കണ്ടെത്തി.* ഒഡീഷയിലെ പരമ്പരാഗത നാടൻ മദ്യമായ മഹുവ കുടിച്ചാണ് ആനകൾക്ക് ബോധം പോയത്. സമീപ ഗ്രാമത്തിലെ ആളുകൾ തയ്യാറാക്കി വനത്തിൽ സൂക്ഷിച്ച മദ്യം തിരിച്ചെടുക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയപ്പോഴാണ് മത്ത് പിടിച്ച് ഉറങ്ങുന്ന ആനകളെ കാണുന്നത്.
🗞🏵 *പന്തളം തോന്നല്ലൂരിൽ നിന്നും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായി.* ദക്ഷിണ ദിനാച്പൂർ ജില്ലയിൽ ബാരഗ് ഗ്രാം ഖൻചാപൂർ സക്കീർ മുഹമ്മദാണ് (33) അറസ്റ്റിലായത്. പന്തളം പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത നീക്കത്തിൽ ആണ് ഇയാൾ പിടിയിലായത്.
🗞🏵 *ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ.* അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വണ്ടാനം മാടവനത്തോപ്പിൽ മുഹമ്മദ് ബഷീറിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.
🗞🏵 *നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട.* ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ കടത്തിയ 73 പവൻ സ്വർണ്ണമാണ് പിടികൂടിയത്.സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.
🗞🏵 *ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 4 കടകള്‍ പൂട്ടിച്ചു.* സി.പി.ആർ ഏജൻസി ഇറച്ചിക്കോഴി വിതരണം നടത്തുന്ന കടകളിലാണ് റെയ്ഡ് നടത്തിയത്.30 സ്റ്റാളുകൾ സി.പി.ആർ നടത്തുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു
🗞🏵 *പെരുമ്പാവൂരിൽ മാരക ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ.* തണ്ടേക്കാട് എം.എച്ച് കവലയില്‍ കിഴക്കന്‍ വീട്ടില്‍ നിഷാദിനെയാണ് (25) അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
🗞🏵 *കൊട്ടാരക്കര വയ്ക്കലിൽ ബേക്കറി സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ.* വാളകം മേൽകുളങ്ങരയിൽ ജസീന മൻസിലിൽ അബൂബക്കർ (44) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് ഇയാളെ പിടികൂടിയത്.
🗞🏵 *കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ വിസമ്മതിച്ചതിന്റെ പേരിൽ സുപ്രീംകോടതി വരെ എത്തിയ കേസിൽ അമേരിക്കയിലെ ബോസ്റ്റൺ നഗരസഭ, ക്രൈസ്തവ സംഘടനയ്ക്കു 2.1 മില്യൺ ഡോളറിന് മുകളിൽ (16 കോടിയില്‍പരം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നൽകും.* ഹാൾ ഷെർട്ട്ലഫ് എന്ന ബോസ്റ്റൺ സ്വദേശിക്കും, അദ്ദേഹത്തിൻറെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കും വേണ്ടി ലിബർട്ടി കൗൺസിലാണ് നിയമ പോരാട്ടം നടത്തിയത്. അറ്റോർണിയുടെ ശമ്പളവും, മറ്റ് ചെലവുകളും ഭരണഘടനാ ദിനത്തിൽ നടന്ന കേസിലെ നഷ്ടപരിഹാരത്തിൽ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച ദിവസം ലിബർട്ടി കൗൺസിൽ പറഞ്ഞു.
🗞🏵 *യേശുവിന്റെ തിരുശരീരം പൊതിഞ്ഞതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ടൂറിനില്‍ സൂക്ഷിക്കുന്ന തിരുകച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയില്‍ പുനര്‍സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ പൂര്‍ണ്ണകായ രൂപം ലാറ്റിന്‍ അമേരിക്കയില്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.* പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അല്‍വാരോ ബ്ലാങ്കോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2010-ലാണ് പൂര്‍ണ്ണകായ രൂപം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചതെന്നു ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാങ്കോ പറഞ്ഞു.
🗞🏵 *ഇന്നലെ നവംബര്‍ 9നു നടന്ന പൊതു അഭിസംബോധനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധയാകര്‍ഷിച്ച് രണ്ടു കുട്ടികള്‍.* ദൈവവചന വായനക്കിടെ ഒരു ആണ്‍കുട്ടിയും, പെണ്‍കുട്ടിയും യാതൊരു ഭയവും കൂടാതെ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അവരെ തടയുവാന്‍ ശ്രമിച്ച ഗാര്‍ഡുകളോട് തന്നെ സമീപിക്കുവാന്‍ അവരെ അനുവദിക്കുവാന്‍ പാപ്പ തന്നെ ആംഗ്യം കാണിക്കുകയായിരുന്നു. ഈ കുട്ടികളുടെ സ്വാതന്ത്ര്യ ബോധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പൊതു അഭിസംബോധനക്കിടയില്‍ പാപ്പ പറഞ്ഞു. താന്‍ തയ്യാറാക്കിവെച്ചിരിക്കുന്നത് പറയുന്നതിന് മുന്‍പ് ഈ വേദിയിലേക്ക് വന്ന രണ്ടു കുട്ടികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പ ആമുഖമായി പറഞ്ഞു.
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.
അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതിനെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്‌ഷ്യം ആരും സ്വീകരിക്കുന്നില്ല.
അവന്റെ സാക്‌ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്‌ക്കുന്നു.
ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്‌മാവിനെ കൊടുക്കുന്നത്.
പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്‌തിരിക്കുന്നു.
പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്.
യോഹന്നാന്‍ 3 : 31-36
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. നിത്യജീവൻ നമുക്ക് ലഭിക്കുന്നത് പുത്രനായ മിശിഹായിലൂടെയാണ്. നിർബന്ധിതമായ അനുസരണമല്ല, സ്നേഹത്തിലുള്ള അനുസരണമാണ് ഈശോ ആഗ്രഹിക്കുന്നത്. കാരണം പിതാവും പുത്രനും തമ്മിലുള്ളത് സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധമാണ്. ഈ സ്നേഹബന്ധം വിശ്വസിക്കുന്നവരിലും തുടരണമെന്ന് ഈശോ ആഗ്രഹിക്കുന്നു. സ്നേഹബന്ധത്തിലും ആ സ്നേഹത്തിൽ അധിഷ്ഠിതമായ അനുസരണിലുമാണ് സഭാ സംവിധാനം ചലിക്കേണ്ടത്. അതിന് വിരുദ്ധമാകുമ്പോൾ എതിർ സാക്ഷ്യമാണ് ലോകത്തിന് നൽകപ്പെടുന്നത്. പുത്രൻ്റെ സ്നേഹത്തിലൂടെ, സഭയുടെ കൂട്ടായ്മയിലൂടെ നിത്യജീവൻ കരസ്ഥമാക്കാൻ നമുക്ക് പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*