തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തം. മേയറുടെ രാജി ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗര സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയറുടെ ചേമ്പറിലേക്ക് തള്ളിക്കയറി. മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും ഉപയോഗിച്ചു. നഗരസഭയുടെ മതില്‍ ചാടിക്കടന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ഓടിച്ചിട്ട് തല്ലി. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും ഉണ്ടായതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തര്‍ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ ചേമ്പറില്‍ തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റി.
വിവിധ പ്രതിഷേധങ്ങള്‍ രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. പത്തരയോടെയാണ് മേയര്‍ ചേമ്പറിലെത്തിയത്. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേമ്പറിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു.
കത്ത് വിവാദത്തില്‍ നാലാം ദിവസമാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലാണ് മഹിളാ കോണ്‍ഗ്രസ് സ്ഥലത്ത് പ്രതിഷേധിച്ചത്.’കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ‘ എന്നെഴുതിയ പോസ്റ്റര്‍ പതിച്ച പെട്ടിയുമായാണ് ജെബിയെത്തിയത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മര്‍ദ്ദിച്ചെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.