ദളിത് വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവ, മുസ്ലീം മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹിന്ദു സമൂഹത്തിലെ തൊട്ടുകൂടായ്മയും അവഗണനയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിച്ചതിനുള്ള അടിസ്ഥാനം. എന്നാല്‍ ഇസ്ലാം ക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ ആ അവസ്ഥ നേരിടുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലത്തില്‍ പറഞ്ഞു.

ഭരണഘടന (പട്ടികജാതി) ഉത്തരവ്, 1950, ‘ക്രിസ്ത്യാനിറ്റിയെയോ ഇസ്ലാമിനെയോ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധത അനുഭവിക്കുന്നില്ല, കാരണം ചില ഹിന്ദു ജാതികളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുന്ന തൊട്ടുകൂടായ്മയുടെ അടിച്ചമർത്തൽ സമ്പ്രദായം ക്രിസ്ത്യൻ അല്ലെങ്കിൽ ഇസ്ലാമിക സമൂഹങ്ങളിൽ നിലവിലില്ലായിരുന്നു’, സത്യവാങ്മൂലത്തിൽ മതം മാറിയവര്‍ക്ക് എസ് സി പദവി നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ല. മതിയായ പഠനമോ സര്‍വെയോ നടത്താതെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി സര്‍ക്കാര്‍ പുതിയ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.