🗞🏵 *സംവരേണതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്നു വിധി പറയും.* ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഇഡബ്ല്യുഎസ് സംവരണത്തിന് എതിരേയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി സെപ്റ്റംബർ 27ന് പൂർത്തിയാക്കിയിരുന്നു.
🗞🏵 *ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.* പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകിയിരുന്നെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് നടത്തിയതെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ന് ഗ്രീഷ്മയെ വീട്ടിലെത്തിച്ചും, ഷാരോണും ഗ്രീഷ്മയും താമസിച്ച ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.
🗞🏵 *മരുന്നുകളുടെ ഗുണമേന്മയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ സമഗ്ര ദേശീയ മരുന്നുപട്ടിക തയ്യാറാക്കാൻ കേന്ദ്രം ഏഴംഗസമിതി രൂപവത്കരിച്ചു.* മരുന്നിലെ ചേരുവകൾ, വീര്യം, പാർശ്വഫലങ്ങൾ, വിൽപ്പന, കയറ്റുമതി, ഫാർമസിക്കമ്പനികളുടെ വിശദാംശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും.
🗞🏵 *അഭയാർഥികളുമായെത്തിയ കപ്പലിൽനിന്ന് 35 പുരുഷന്മാർ പുറത്തിറങ്ങുന്നത് ഇറ്റാലിയൻ സർക്കാർ തടഞ്ഞു.* കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും സിസിലിയിൽ ഇറങ്ങാൻ അനുമതി നൽകി. ദി ഹ്യുമാനിറ്റി വണ്‍ എന്ന കപ്പലിലെ യാത്രക്കാർക്കാണ് അനുമതി നിഷേധിച്ചത്. തീരത്തടുക്കാൻ ഈ കപ്പലിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. കുടിയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അടുത്തിടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ജോർജിന മെലോനി പറഞ്ഞിരുന്നു.
🗞🏵 *ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തടാകത്തിൽ വിമാനം തകർന്നുവീണു 19 പേർ മരിച്ചതായി പ്രധാനമന്ത്രി കാസിം മജാലിവ അറിയിച്ചു.* 43 പേരുമായി യാത്രചെയ്ത പ്രിസിഷൻ എയർ പാസഞ്ചർ വിമാനമാണു തകർന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയിൽ ഇന്നലെ പുലർച്ചെയാണു വിമാനം തകർന്നുവീണത്.
🗞🏵 *ബഹ്റിന് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി.* ബഹ്റിന് വിമാനത്താവളത്തില്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മാര്‍പാപ്പയെ യാത്രയാക്കി. ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാര്‍പാപ്പയെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
🗞🏵 *സംസ്ഥാനത്ത് നവംബര്‍ ആറ് മുതല്‍ 10 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.* തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 2-3 ദിവസത്തിനകം മഴ ദുര്‍ബലമാകാനാണ് സാധ്യത.
🗞🏵 *വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണവും വ്യക്തവുമായ മറുപടികള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ സെമിനാര്‍ നിര്‍ദ്ദേശം നല്‍കി.* പൂക്കോട് വെറ്ററിനറി ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജില്ലയിലെ വിവിധ വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കായി നടന്ന സംസ്ഥാന വിവരാവകാശ സെമിനാറാണ് വിവരവകാശ നിയമവും സര്‍ക്കാര്‍ വകുപ്പും തമ്മില്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.
🗞🏵 *യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സി. രവിചന്ദ്രന്‍.* ഇത്തരം പ്രവർത്തകർ എല്ലാ പാർട്ടികൾക്കിടയിലും ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂരിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു എല്ലാ പാർട്ടികൾക്കിടയിലും സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചത്.
🗞🏵 *പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്.* കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കാണിച്ചുള്ള നിര്‍ദേശം ലഭിച്ചിട്ടല്ലെന്ന് പഞ്ചായത്ത് അറിയിച്ചു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഗഫൂര്‍ പറഞ്ഞു. ഒരു വക്കീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🗞🏵 *വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ.* മൂന്നു നിലകളുള്ള ഗോപുരത്തിന്റെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികൾ ചിതലെടുത്ത് നശിക്കുകയാണ്. പുരാവസ്ഥു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നവീകരണത്തിന് തടസ്സപ്പെട്ടു കിടക്കുകയാണ്.
🗞🏵 *സ്റ്റേറ്റ് കാറിൽ കറങ്ങി നടന്നു മോഷണശ്രമവും ലൈംഗികാതിക്രമവും നടത്തിയ സന്തോഷ് സൈക്കോ കുറ്റവാളിയെന്ന സംശയം ശക്തം.* സ്ത്രീകളെ ആക്രമിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ആളാണോ ഇയാൾ എന്നാണ് സംശയം. അതിനിടെ അർധരാത്രി വീട്ടിൽ കടന്നുകയറി കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെ ഗുരുതര കുറ്റങ്ങൾ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സന്തോഷിനെതിരെ തെളിഞ്ഞതോടെ കൂടുതൽ അന്വേഷണവും നടത്തും.
🗞🏵 *ആലപ്പുഴയില്‍ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു.* ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ അരൂർ സ്വദേശികളാണെന്നാണ് വിവരം. ഡ്യൂക്ക് ബൈക്കിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
🗞🏵 *വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.* ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് ശിവൻകുട്ടി നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സംസ്ഥാനത്തെ 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ.* കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തിൽ ഇളവ് നൽകുന്നത്.
🗞🏵 *ഓടിക്കൊണ്ടിരിക്കവെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു.* ചെന്നൈയ്ക്കും കോയമ്പത്തൂരിനുമിടയില്‍ ഓടുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വേര്‍പ്പെട്ടു പോയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്റ്റേഷന്‍ കടക്കുമ്പോഴായിരുന്നു ട്രെയിനിന്റെ എസ് 7, എസ് 8 കോച്ചുകള്‍ വേര്‍പ്പെട്ടത്.ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
🗞🏵 *ദ് കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ സൈബർ ലോകത്ത് ചർച്ചയാകുന്നു.* സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസിൽ പ്രവർത്തിക്കാൻ കേരളത്തിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന വിഷയമാണ്. ബോളിവുഡ് താരം അദാ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം താൻ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിർബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും പറയുന്ന ടീസർ പുറത്തു വന്നതിന് പിന്നാലെയാണ് സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിച്ചത്.
🗞🏵 *സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പ എടുത്താൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.* ഇത്തരത്തിൽ വായ്പയെടുത്ത് സൗജന്യങ്ങൾ നൽകുന്നത് നല്ല കീഴ് വഴക്കമല്ല. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക തകർച്ചയുണ്ടാക്കുമെന്നും അവർ പറഞ്ഞു. മൂലധന ആസ്തികൾ വർദ്ധിപ്പിക്കുന്നതിന് പകരം ആനുകൂല്യങ്ങൾ നൽകാനും ദൈനംദിന ചെലവുകൾക്കുമായി പണം വായ്പയെടുക്കുന്നത് വരും തലമുറകൾക്കുകൂടി വലിയ ബാധ്യതകൾ സൃഷ്ടിക്കും.
🗞🏵 *ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്.* ഷിംലയില്‍ നടന്ന ചടങ്ങില്‍ പത്ത് ഉറപ്പുകള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയത്. അതേസമയം, കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ 13 പേർ പാർട്ടി കുടുംബത്തിൽ നിന്നുള്ളവരാണ്.
🗞🏵 *ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹരിദ്വാർ സ്വദേശിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.* ഉത്തർപ്രദേശിലെ സഹരൻപൂരിൽ വെച്ച് യുപി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സേനയാണ് മുഹമ്മദ് ഹാരിസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. യുപിയിലെ ദയൂബന്ദിലെ ദാറുൽ ഉലൂമിൽ പഠിക്കുകയാണ് മുഹമ്മദ് ഹാരിസ്.
🗞🏵 *ത്രിപുരയില്‍ അമ്മയെയും മുത്തച്ഛനെയും സഹോദരിയെയും ബന്ധുവിനെയും കൗമാരക്കാരന് കൊന്ന് കുഴിച്ചുമൂടി.* ദലായി ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇവര്‍ ഉറങ്ങി കിടന്നപ്പോള്‍ പ്രതി കോടാലി ഉപയോഗിച്ച് കൃത്യം നടത്തുകയായിരുന്നു.നാലുപേരെയും കൊലപ്പെടുത്തിയ ശേഷം, പ്രതി വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടു.
🗞🏵 *മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന.* കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ലഹരി ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോറില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന നടന്നത്.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമ വിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്ന് ജനമിത്ര മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു.
🗞🏵 *ഇടുക്കിയിലെ കട്ടപ്പന സ്വർണ്ണവിലാസത്ത് കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എ.സ്.ഇ.ബിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്.* കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കർഷകനായ പതായിൽ സജി ജോസഫ് ഏലത്തോട്ടത്തിൽ ഇരുമ്പ് ഏണിയിൽ നിന്ന് മരക്കൊമ്പ് വെട്ടുന്നതിനിടെ ഷോക്കേറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം.
🗞🏵 *നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന് ബന്ധു.* മണ്ണേങ്ങോട് അത്താണി സ്വദേശി ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്. മരണം മര്‍ദ്ദനമേറ്റതിനെ തുടർന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ഹര്‍ഷാദിന്റെ ബന്ധു ഹക്കീ(27)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷാദിന്റെ പിതൃസഹോദരീ പുത്രനാണ് ഹക്കീം. ഇയാളാണ് ഹർഷാദിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
🗞🏵 *വയനാട്ടിൽ വീണ്ടും കടുവയിറങ്ങി.* വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണഗിരി കടുവയുടെ ഭീതിയിലാണ്.
🗞🏵 *നൈജീരിയ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുടെ മുഖ്യവേദിയായതിനെ ലോക മതനേതാക്കളുടെ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി നൈജീരിയന്‍ മെത്രാന്‍.* തട്ടിക്കൊണ്ടു പോകലുകളുടെയും, സായുധ കവര്‍ച്ചകളുടെയും, കൊലപാതകങ്ങളുടെയും വാര്‍ത്തകളാണ് നൈജീരിയയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നതെന്നു ഇന്തോനേഷ്യയിലെ ബാലിയില്‍ നവംബർ 3നു നടന്ന ‘ജി20 റിലീജിയന്‍ ഫോറ’ത്തില്‍ സൊകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസന്‍ കുക്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ മെത്രാന്‍ പറഞ്ഞു. ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലേയും കണക്ക് എടുത്താല്‍ പോലും ഇത്രയധികം വരില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
🗞🏵 *റഷ്യൻ ചിത്രകാരിയായ നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു.* ഇരുപത്തിയൊന്നാമത് ഇന്റർനാഷ്ണൽ ഫെസ്റ്റിവൽ ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് ആർട്ടിന്റെ പത്രസമ്മേളനത്തിലാണ് പ്രകാശനം നടന്നത്. പോട്രേറ്റ് ഓഫ് ഹിസ് ഹോളീനസ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് XVI എന്നാണ് ചിത്രത്തിന്റെ പേര്. പാപ്പയുടെ സെക്രട്ടറി ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍, നാല് സഹായികൾ, സഹോദരൻ ജോർജ് റാറ്റ്സിംഗർ, അദ്ദേഹം റോമിൽ ആയിരിക്കുമ്പോൾ ശുശ്രൂഷ ചെയ്ത സിസ്റ്റർ ക്രിസ്റ്റിൻ എന്നിവരെയും ചിത്രത്തിൽ കാണാൻ സാധിക്കും.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?
അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു.
അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?
ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്.
യേശു അവനോട് അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
അനന്തരം അവന്‍ , താന്‍ ക്രിസ്‌തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.
മത്തായി 16 : 13-20
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
നീ പത്രോസാണ് ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും. ഈശോ സ്ഥാപിച്ചതാണ് സഭ. അതിന് ശ്ലൈഹികമായ അടിത്തറയാണ് ഉള്ളത്. ശ്ലീഹൻമാരാണ് അതിൻ്റെ അടിസ്ഥാനശിലകകൾ. കർത്താവ് അതിൻ്റെ മൂലക്കല്ലും. ശ്ലീഹന്മാർ നമ്മെ പഠിപ്പിച്ച വിശ്വാസം നമ്മൾ പിന്തുടരുകയും തലമുറകൾക്ക് കൈമാറുകയും വേണം. ഈ വിശ്വാസത്തിലുള്ള ഉറപ്പും നിലനിൽപുമാണ് സഭയുടെ തുടർച്ചയിലൂടെ സംഭവിക്കുന്നത്. ശ്ലീഹൻമാരുടെ പിൻഗാമികളായ മെത്രാൻമാരോട് ചേർന്നുനിന്ന് സഭയുടെ ശ്ലൈഹികതയിൽ പങ്കുചേരുമ്പോഴാണ് ഒരുവൻ യഥാർത്ഥ ക്രെസ്തവ വിശ്വാസിയാകുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*