*തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ).* കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
*ലോംഗ് മാർച്ചിനിടെ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അക്രമിയുടെ വെടിയേറ്റു.* കാലിനു പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപതുകാരനായ ഇമ്രാൻ അപകടനില തരണം ചെയ്തു. ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ട്രക്കിനു നേർക്കായിരുന്നു അക്രമി വെടിവച്ചത്.
*സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.* സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതലയിൽ സർക്കാർ നിർദേശിച്ച രണ്ടു പേരുകളും തള്ളിയാണു ഗവർണറുടെ നടപടി.
*വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും കടന്നാക്രമിക്കുമെന്ന മുന്നറിയിപ്പു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെങ്കിൽ ഇടപെടുമെന്നാണ് ഗവർണർ ഡൽഹിയിൽ പറഞ്ഞത്.
*യുഎഇയിൽ പുരാതന ക്രൈസ്തവ സന്യാസ ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി.* അറേബ്യൻ ഉപദ്വീപിൽ ഇസ്ലാം മതം വ്യാപിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്യാസ ആശ്രമമാണ് കണ്ടെത്തിയത്.യുഎഇയിലെ സിനിയ ദ്വീപിൽ കണ്ടെത്തിയ പുരാതന ആശ്രമത്തിന്റെ അവശേഷിപ്പുകൾ ക്രിസ്തുമതത്തിന്റെ തുടക്ക കാലത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
*റേഷൻകട വഴി ഇനി ഗ്യാസ് വിതരണവും. കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷൻകടകൾ വഴി ഐഒസിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസാണ് വിതരണം ചെയ്യുന്നത്.* ഇതുസംബന്ധിച്ച് ധാരണാപത്രം മന്ത്രി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐഒസി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രനും ഒപ്പുവച്ചു.
*സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ.* സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
*ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്ളൈഓവര്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.* സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സമരത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ തീരുമാനം എന്തായാലും പൈതൃക സ്വത്തായ അഗ്രഹാരങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വിഷയത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.
*നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണിയെ കണ്ടെത്തി.* കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് ഉള്ളത്.
*എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചേർത്തലയില്‍വെച്ചാണ് അപകടമുണ്ടായത്.* നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്.
*കെ-ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശമായി.* ഓരോ നിയമസഭ മണ്ഡലത്തിലും 100 കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എം.എല്‍.എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്.
*ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആർടിസി ജീവനക്കാരൻ.* പാറശാല സ്വദേശിയായ സുധീർ ആണ് പരാതി നൽകിയത്. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇയാൾ ആരോപിച്ചു. ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർളിക്‌സിൽ വിഷം കലർത്തി നൽകി തന്നെ കൊലപ്പെടുത്താൻ ഭാര്യയായിരുന്ന സ്ത്രീ ശ്രമിച്ചുവെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ സുധീർ പറയുന്നത്.
*കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ.* ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയായിരുന്നു. നിലവിൽ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഗ്രീഷ്മയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ ഗ്ളൂക്കോസും മരുന്നുകളും നൽകിക്കൊണ്ടിരിക്കുകയാണ്.
*തിരുവനന്തപുരത്ത് ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്.* ലേലത്തിൽ പൊളിച്ചു വിറ്റ വിമാനത്തിന്റെ ഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോവുകയായിരുന്ന 4 കൂറ്റൻ ട്രെയിലറുകളിലെ ഒന്നിലെ വിമാനച്ചിറകിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
*എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനം.* കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി വ്യക്തമാക്കി.
*റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്നതിനിടെ ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നവംബർ 7 മുതൽ രണ്ട് ദിവസത്തെ റഷ്യ സന്ദർശനം നടത്തും.* റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും
*തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.* എപിയ്ക്ക് അവസരം നൽകിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
*കശ്മീരിൽ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ.* ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമില്‍ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ബിഹാര്‍, നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റതെന്നും പരിക്കേറ്റ ഇരുവരെയും അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.
*ഭീകരനെ വധിച്ച് സുരക്ഷാ സേന. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.* നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്നും രണ്ട് എകെ 47 റൈഫിളുകള്‍,പിസ്റ്റള്‍ എന്നിവ കണ്ടെടുത്തു. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.
*എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.* അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
*രണ്ടു കരസേനാ ജവാന്മാരുള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖ് അഹമ്മദിന്റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി.* ആരിഫിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ബേല എം. ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളുകയായിരുന്നു.
*ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട‌് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്.* ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. 4.9 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 51,782 പോളിങ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്.
*75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി.* കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നരക്കോടിയിലധികം സഞ്ചാരികൾ കാശ്മീരിലെത്തുന്നത്. ഇതിനുമുമ്പ് ഇവിടേക്ക് ശരാശരി 10 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രമാണ് എത്തിയിരുന്നത്.
*കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.* സ്‌ഫോടനത്തില്‍ 25 കാരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് അറിഞ്ഞിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
*സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി.* സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും.
*ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് അലന്‍ ഷുഹൈബ്.* സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷന്‍ 15 പ്രകാരം നരേന്ദ്രമോദി സര്‍ക്കാരിന് നിലവില്‍ ഏത് സംഘടനയെയും നിരോധിക്കാമെന്ന സാഹചര്യമാണുള്ളതെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സോഷ്യല്‍മീഡിയയിലെ പിഎഫ്‌ഐ പിന്തുണ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അലന്റെ ഈ മറുപടി.
*ബോംബെറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംശയരോഗിയായ ഭർത്താവിന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.* വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് (67) കോടതി ശിക്ഷിച്ചത്. തിരുവനന്തപുരത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ചെയ്യുന്ന സ്പെഷൽ ജില്ലാ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
*പയ്യോളിയിലെ സഹദിന്റെ കൊലപാതകവുവായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.* നാട്ടുകാരായ മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
*മലപ്പുറം കോട്ടക്കല്‍ ചെട്ടിയാംകിണറില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കുടുംബപ്രശ്‌നമാണെന്ന് നിഗമനം.* നാംകുന്നത്തു റാഷിദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മര്‍സീഹ (നാല്) മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.
*ഇലന്തൂർ നരബലി കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.* പ്രതികൾ ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മൂന്നാമത്തെ നരബലിക്കായി തെരച്ചിൽ തുടങ്ങിയിരുന്നതായി ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കിൽ നരബലിയുടെ പേരിൽ മൂന്നാമതൊരാൾ കൂടി കൊല്ലപ്പെടുമായിരുന്നു.നരബലിക്ക് മുന്നേതന്നെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയിൽ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.
*കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍.* കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി സസ്പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു.
*കടവന്ത്ര എളംകുളത്തെ നേപ്പാള്‍ യുവതിയുടെ കൊലപാതകക്കേസില്‍ പ്രതി ബഹദൂര്‍ നേപ്പാളില്‍ പിടിയില്‍.* കൊച്ചി സിറ്റി പൊലീസ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി നേപ്പാള്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമ തടസങ്ങള്‍ പരിഹരിച്ച് പ്രതിയെ കൊച്ചിയില്‍ എത്തിക്കൂ.
*കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ ജിഹാദി കാമുകൻ അറസ്റ്റിൽ.* കാഞ്ഞങ്ങാട് സ്വദേശിനി നന്ദയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നന്ദയുടെ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
*യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.* ശൂരനാട് തെക്ക് പുന്നവിളമുക്ക് ഞാറയ്ക്കാട്ടിൽ മുഹമ്മദ് നൗഫൽ (26) ആണ് അറസ്റ്റിലായത്.
*യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേമിന് സമീപമുള്ള ക്രൈസ്തവ ദേവാലയത്തിനു നേരെ ഏതാനും ഇസ്ലാം മതസ്ഥര്‍ കല്ലേറ് നടത്തിയതായി റിപ്പോര്‍ട്ട്.* ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബെയിറ്റ് സാഹുറിലെ ഓര്‍ത്തഡോക്സ് ദേവാലയത്തിന് നേര്‍ക്ക് നടന്ന കല്ലേറില്‍ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറിനെ അപലപിച്ച ക്രിസ്ത്യന്‍ നേതാക്കള്‍ ഇതിനെതിരെ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് പലസ്തീന്‍ അധികാരികളോട് ആവശ്യപ്പെട്ടു.
*തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ സെന്‍സസിനെ ചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാന്റാ ക്രൂസില്‍ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികള്‍.* പ്രീച്ചേഴ്സ് സമൂഹാംഗങ്ങളായ മൂന്ന്‍ വൈദികര്‍ക്കൊപ്പം സാന്‍ പെഡ്രോയിലെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. തദേവൂസ് ഗിയനിയക്കാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം നല്‍കിയത്.
*ഇന്നത്തെ വചനം*
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.
അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി.
ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 28-32
*വചന വിചിന്തനം*
പിതാവ് ഏത്പിച്ച കാര്യങ്ങൾ ചെയ്യാം എന്ന് പറഞ്ഞവനല്ല ചെയ്തവനാണ് സ്വീകാര്യൻ. ദൈവത്തോടുള്ള അനുസരണം, പാപത്തിൽ നിന്നുള്ള അകലം പാലിക്കൽ എന്നിവയാണ് ഒരുവനെ ദൈവതിരുമുമ്പിൽ സ്വീകാര്യനാക്കുന്നത്. ദൈവത്തിൻ്റെ ഇഷ്ടം നിറവേറ്റുന്നവരും അവിടുത്തെ അനുസരിക്കുന്നവരുമായിരിക്കാം. അനുതാപമുള്ള ഹൃദയം ഉള്ളിൽ സൂക്ഷിക്കാം. ചുങ്കകാരും പാപികളും പുറന്തള്ളപ്പെട്ടവരും എല്ലാം ദൈവതിരുമുമ്പിൽ സ്വീകാര്യരാകുന്നത് അനുതാപം വഴിയാണ്. പിതാവിൻ്റെ ഹിതത്തേയ്ക്കുള്ള തിരിച്ചുനടപ്പാണ് നമുക്ക് അനിവാര്യം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*