ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാര്‍ഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണമെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.
സഭയെന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരലാണ്. ഒരുതരത്തിലുമുള്ള വേര്‍തിരിവുകള്‍ ഈ കൂട്ടായ്മയില്‍ ഉണ്ടാകുന്നില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.

കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കേരളസഭാ നവീകരണാചരണത്തിന്‍റെ ഭാഗമായുള്ള വിമല ഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

ആരും മുന്നിലുമല്ല പിന്നിലുമല്ല; ഒരുമിച്ചാണ് നടക്കുന്നത്. നമ്മെ നയിക്കുന്നതാകട്ടെ യേശുക്രിസ്തുവും. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരെ ദൈവികരഹസ്യങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ സഹായിച്ചതുപോലെ തന്നെയാണ് ഈ കാലഘട്ടത്തില്‍ നമ്മോടൊപ്പം നടക്കുന്ന ഈശോയും നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ സര്‍വതല സ്പര്‍ശിയായ മാനസാന്തരത്തിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ നവീകരണം സാധ്യമാകുന്നതുവഴി സഭയിലാകമാനം പുതുചൈതന്യം നിറയ്ക്കാന്‍ നമുക്കു കഴിയും.

പരിശുദ്ധ കന്യകാമറിയം ഈശോയെ ലോകത്തിനു നല്‍കുക മാത്രമല്ല, അവിടത്തോടൊപ്പം രക്ഷാകര യാത്രയില്‍ പങ്കാളിയായിക്കൊണ്ട് ക്രിസ്തുവിന്‍റെ സഹനത്തെ തന്‍റേതുകൂടിയായി പരിണമിപ്പിക്കുകയാണ് ചെയ്തത്. അപ്രകാരം ക്രിസ്തുവിന്‍റെ സഹനത്തില്‍ നമുക്കും പങ്കുകാരാകാം എന്ന് അമ്മ പഠിപ്പിച്ചു.

മാതാവിന്‍റെ വിമലഹൃദയത്തിന് കേരളസഭയെ പ്രതിഷ്ഠിക്കുമ്ബോള്‍ കേരളസഭയ്ക്ക് അമ്മയുടെ സംരക്ഷണം ലഭിക്കുന്നു എന്നു മാത്രമല്ല അമ്മയെപ്പോലെ ക്രിസ്തുരഹസ്യത്തിന്‍റെ ഭാഗഭാക്കുകളായി തീരുന്നതിനും നമുക്കു കഴിയും. ഈ നവീകരണകാലം നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തോടൊപ്പമുള്ള ക്രിസ്ത്വാനുകരണമായി ഭവിക്കട്ടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.